കേരളം ആസ്ഥാനമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ ബി എഫ് സി യുമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 2,412 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. തൊട്ടു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1,321 കോടി രൂപയില്‍ നിന്ന് ലാഭം 83 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ വരുമാനം മുന്‍വര്‍ഷത്തെ 4,957 കോടി രൂപയില്‍ നിന്ന് 47 ശതമാനം വര്‍ധനയോടെ 7,332 കോടി രൂപയുമായതായി കമ്പനി ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കടപ്പത്രങ്ങള്‍ വഴി ( non-convertible debentures (NCDs) 35,000 കോടി രൂപ സമാഹരിക്കാനും മുത്തൂറ്റ് ബോര്‍ഡ് അനുമതി നല്‍കി.
ആദ്യ അര്‍ദ്ധവര്‍ഷത്തില്‍ 4,391 കോടി രൂപയുടെ ലാഭമാണ് മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 2,330 കോടി രൂപയെ അപേക്ഷിച്ച് 88 ശതമാനം വര്‍ധന രേഖപ്പെടുത്തി. സംയോജിത ലാഭം ആദ്യ അര്‍ദ്ധവര്‍ഷത്തില്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലായ 4,386 കോടി രൂപയിലെത്തി. 74 ശതമാനം വാര്‍ഷിക വര്‍ധനവാണിത് സൂചിപ്പിക്കുന്നത്. മുത്തൂറ്റ് ഹോംഫിന്‍, ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്, മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് എന്നീ ഉപകമ്പനികളുടേതുള്‍പ്പെടെയുള്ള ലാഭമാണിത്.
മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികള്‍ 42 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലായ 1,47,673 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 1,32,305 കോടി രൂപയിലെത്തിയിട്ടുണ്ട്. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലുള്ള 47 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്.
സ്വര്‍ണ പണയ വായ്പകളുടെ കാര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് കമ്പനി കൈവരിച്ചിട്ടുള്ളത്, 45 ശതമാനം. ഇതോടെ സ്വര്‍ണ പണയ വായ്പകള്‍ 1,24,918 കോടി രൂപയെന്ന നേട്ടവും കൈവരിച്ചതായി 2025 സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ദ്ധവര്‍ഷ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ അര്‍ദ്ധവര്‍ഷത്തില്‍ കമ്പനി പുതിയതായി 133 ശാഖകള്‍ തുറന്നു. അര്‍ദ്ധവര്‍ഷത്തില്‍ മാത്രം 8,90,920 പുതിയ ഇടപാടുകാര്‍ക്കായി കമ്പനി 13,183 കോടി രൂപ വിതരണം ചെയ്തു. കമ്പനി ലോക്കറുകളില്‍ ഈടായി സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണത്തിന്റെ അളവ് 209 ടണ്ണായി വര്‍ധിച്ചതായും 2025 സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ദ്ധവര്‍ഷ കണക്കുകള്‍ സൂചിപ്പിക്കുന്നു.
വിപുലീകരിച്ച ബ്രാഞ്ച് ശൃംഖല, വിശ്വസ്തമായ ബ്രാന്‍ഡ്, സാങ്കേതികവിദ്യയിലും നവീകരണത്തിലും തുടര്‍ച്ചയായ നിക്ഷേപം എന്നിവയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷവും വരും വര്‍ഷങ്ങളിലും സ്ഥിരതയാര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ മികച്ച നിലയിലാണ് മുത്തൂറ്റ് ഫിനാന്‍സെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
ഇന്നലെ ഓഹരി വിപണി പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷമായിരുന്നു മുത്തൂറ്റ് ഗ്രൂപ്പ് പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ന് വ്യാപാരം തുടങ്ങിയതിനു പിന്നാലെ ഓഹരി 10 ശതമാനത്തിനടത്ത് ഉയര്‍ന്നു. ഓഹരി വില 3,728.8 രൂപയെന്ന പുതിയ ഉയരവും തൊട്ടു. ഓഗസ്റ്റ് 14ന് ശേഷം ഓഹരി രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഉയര്‍ച്ചയാണിത്. ഇന്നത്തെ ഓഹരി വിലയനുസരിച്ച് മുതതൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 1.49 ലക്ഷം കോടി രൂപയിലെത്തി. വിപണി മൂല്യത്തില്‍ കേരള കമ്പനികളില്‍ ഒന്നാം സ്ഥാനത്താണ് മുത്തൂറ്റ് ഫിനാന്‍സ്.
Read DhanamOnline in English
Subscribe to Dhanam Magazine