Image : Muthoot Finance and Canva 
Business Kerala

സാമൂഹിക സേവനത്തിലും 'മുത്തൂറ്റ്' തിളക്കം, രാജ്യത്തെ ബി.എഫ്.എസ്.ഐ സ്ഥാപനങ്ങളില്‍ എട്ടാം സ്ഥാനം, ചെലവാക്കിയത് ₹102 കോടി!

രാജ്യത്തെ മൊത്തം കമ്പനികളുടെ സി.എസ്.ആര്‍ പട്ടികയില്‍ 44-ാം സ്ഥാനത്താണ് ഈ മലയാളി ബ്രാന്‍ഡ്

Dhanam News Desk

ലാഭത്തിനപ്പുറം സാമൂഹിക നന്മയ്ക്കും വലിയ പ്രാധാന്യം നല്‍കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ മുത്തൂറ്റ് ഫിനാന്‍സിന് തിളക്കമാര്‍ന്ന നേട്ടം. 'സി.എസ്.ആര്‍ ടൈംസ്' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ബാങ്കിംഗ്, ഫിനാന്‍സ് മേഖലയില്‍ (BFSI) ഏറ്റവും കൂടുതല്‍ തുക സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച എട്ടാമത്തെ വലിയ സ്ഥാപനമായി മുത്തൂറ്റ് ഫിനാന്‍സ് മാറി.

നിര്‍മ്മാണവും അടിസ്ഥാന സൗകര്യ വികസനവും, വിവരസാങ്കേതിക വിദ്യ , ഊര്‍ജ്ജവും യൂട്ടിലിറ്റികളും, ബാങ്കിംഗ്, ധനകാര്യം, ഇന്‍ഷുറന്‍സ്, എഫ്.എം.സി.ജി & റീറ്റെയ്ല്‍, ആരോഗ്യ സംരക്ഷണവും മരുന്ന് നിര്‍മ്മാണവും എന്നീ മേഖലകളില്‍ നിന്നുള്ള 100 സ്ഥാപനങ്ങളാണ് ഈ വര്‍ഷത്തെ മികച്ച സി.എസ്.ആര്‍ (CSR) നിക്ഷേപകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

രാജ്യത്തെ മൊത്തം മുന്‍നിര കമ്പനികളുടെ പട്ടികയില്‍ 44-ാം സ്ഥാനത്താണ് ഈ മലയാളി ബ്രാന്‍ഡ്. രാജ്യത്തെ ഏറ്റവും വലിയ ബാലന്‍സ് ഷീറ്റുള്ള ബാങ്കിംഗ് ഭീമന്മാരോട് മത്സരിച്ചാണ് മുത്തൂറ്റ് ഫിനാന്‍സ് സി.എസ്.ആര്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ബജാജ് ഫിന്‍സെര്‍വ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് പട്ടികയില്‍ മുത്തൂറ്റിനു മുമ്പിലുള്ളത്.

സാധാരണയായി ബാങ്കുകള്‍ സി.എസ്.ആര്‍ രംഗത്ത് വലിയ തോതില്‍ പണം ചെലവാക്കാറുണ്ടെങ്കിലും, ഒരു ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (NBFC) ഇത്ര വലിയ തുക മാറ്റിവെക്കുന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലുടനീളം വിദ്യാഭ്യാസ, ആരോഗ്യ, പരിസ്ഥിതി മേഖലകളില്‍ മുത്തൂറ്റ് ഫിനാന്‍സ് നടത്തുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.

ഓരോ ജീവനക്കാരന്റെയും കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും രാജ്യത്തുടനീളം ഇനിയും സ്വാധീനമുള്ള സാമൂഹിക പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ അംഗീകാരം പ്രേരണയാകുമെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

മുത്തൂറ്റിന്റെ നേട്ടം ഒറ്റനോട്ടത്തില്‍

ആകെ സി.എസ്.ആര്‍ റാങ്ക്: 44

ബി.എഫ്.എസ്.ഐ സെക്ടര്‍ റാങ്ക്: 08

കോര്‍പ്പറേറ്റ് കാറ്റഗറി റാങ്ക്: 27

ചെലവഴിച്ച തുക: 102.9 കോടി രൂപ

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT