canva
Business Kerala

സ്‌കൂൾ വിദ്യാർഥികളിലെ എഐ ആശയങ്ങൾക്ക് ചിറകേകാൻ മുത്തൂറ്റ് ഗ്രൂപ്പ്; ₹1 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

മികച്ച പ്രോജക്റ്റുകൾക്ക് 25 ലക്ഷം രൂപ വരെ നിക്ഷേപം; ഇൻഫോപാർക്കിലെ സൻസ്കാര സ്‌കൂൾ ഇൻക്യുബേറ്ററാകും

Dhanam News Desk

സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രതിഭകളെ കണ്ടെത്താനും അവരുടെ ആശയങ്ങൾക്ക് ചിറകുനൽകാനുമായി 1 കോടി രൂപയുടെ 'മുത്തൂറ്റ് യങ് എഐ ഇന്നൊവേറ്റേഴ്‌സ്' പദ്ധതിയുമായി മുത്തൂറ്റ് ഗ്രൂപ്പ്. അടുത്ത 5 വർഷത്തേക്കാണ് ഈ തുക മാറ്റിവെക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ എഐ ആശയങ്ങളെ കേവലം ആശയം എന്ന നിലയിൽ നിന്ന് മാറ്റി, പ്രോട്ടോടൈപ്പുകളും ഉൽപ്പന്നങ്ങളുമാക്കി മാറ്റാൻ മുത്തൂറ്റ് ഗ്രൂപ്പ് പിന്തുണ നൽകും.

 മുത്തൂറ്റ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനമായ, ഇൻഫോപാർക്ക് ഫേസ് രണ്ടിലെ സൻസ്കാര സ്‌കൂൾ ആയിരിക്കും പദ്ധതിയുടെ ഇൻക്യുബേറ്ററായി പ്രവർത്തിക്കുക. തുടക്കത്തിൽ കേരളത്തിലുടനീളമുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന പദ്ധതി പിന്നീട് ഘട്ടം ഘട്ടമായി രാജ്യവ്യാപകമാക്കും. വിദഗ്ധരുടെ മാർഗനിർദേശം, സാങ്കേതിക സഹായം, സാമ്പത്തിക പിന്തുണ എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കും.

ഗ്രാന്റും സാമ്പത്തിക പിന്തുണയും

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾക്ക് 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പ്രാഥമിക ഗ്രാന്റായി ലഭിക്കും. കൂടുതൽ സാധ്യതയുള്ള പ്രോജക്ടുകൾക്ക് 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ തുടർനിക്ഷേപവും മുത്തൂറ്റ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.

 "ഓരോ വർഷവും ഹാക്കത്തൺ സംഘടിപ്പിക്കുമ്പോൾ വിദ്യാർഥികളിൽ നിന്ന് മികച്ച ആശയങ്ങളാണ് ഉയർന്നുവരുന്നത്. എന്നാൽ ഒരു സമ്മാനം കൊണ്ട് ഇവരുടെ യാത്ര അവസാനിക്കരുത്. അവരുടെ മികച്ച ആശയങ്ങളെ അടുത്ത തലത്തിലേക്ക് വളർത്താൻ സഹായിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം," മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

 മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലുള്ള സൻസ്കാര സ്കൂൾ, മിറ്റ്സ് കൊച്ചി, മുത്തൂറ്റ് ബിസിനസ് സ്കൂൾ, എംസൈൻ എന്നിവയുടെ സഹകരണത്തോടെയായിരിക്കും ഈ പിന്തുണ ഉറപ്പാക്കുക.

പുരസ്‌കാര നേട്ടത്തില്‍ ഈ സ്‌കൂളുകള്‍

9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി, മിറ്റ്സ് കൊച്ചി ഗൂഗിൾ ക്ലൗഡ് എന്നിവയുമായി  ചേർന്ന് സംസ്കാര സ്കൂൾ സംഘടിപ്പിച്ച 'ഹാക്ക് യുവർ ഫ്യൂച്ചർ - സീസൺ II' കോഡിങ് ഹാക്കത്തണിന്റെ സമാപന ചടങ്ങിലായിരുന്നു പ്രഖ്യാപനം. മത്സരത്തിൽ കാക്കനാട് മാർ തോമ പബ്ലിക് സ്കൂൾ ജേതാക്കളായി. എ.ഐ. അടിസ്ഥാനമാക്കി പാഠഭാഗങ്ങൾ ദൃശ്യരൂപത്തിൽ ലളിതമായി വിശദീകരിക്കുന്ന 'ലേൺലി' എന്ന ആപ്പാണ് സ്കൂളിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത്.

 വ്യായാമം ചെയ്യുമ്പോൾ പോസ്ചർ കൃത്യമാക്കാൻ സഹായിക്കുന്ന 'ഫ്ലെക്സ് അലൈൻ എഐ' വികസിപ്പിച്ച തൃപ്പൂണിത്തുറ ചോയിസ് സ്‌കൂൾ രണ്ടാം സ്ഥാനവും, പഠനസമയത്ത് ശ്രദ്ധ തിരിക്കുന്ന ആപ്പുകൾ ബ്ലോക്ക് ചെയ്യാൻ സഹായിക്കുന്ന 'സ്റ്റഡിസ്‌ക്രോൾ' നിർമിച്ച കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.

 കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 25 ടീമുകളാണ് രണ്ട് ദിവസത്തെ ബൂട്ട് ക്യാമ്പിലും ഹാക്കത്തണിലും പങ്കെടുത്തത്. വരും സീസണുകളിൽ രാജ്യത്തിലുടനീളമുള്ള സ്കൂളുകളിൽ നിന്നുള്ള എഐ പ്രതിഭകളെയും 'ഹാക്ക് യുവർ ഫ്യൂച്ചറിൽ' പങ്കെടുപ്പിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT