Business Kerala

മണപ്പുറം, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളില്‍ സ്വര്‍ണത്തിളക്കം, വില 4% വരെ മുന്നേറിയതിനു പിന്നിലെന്ത്?

അമേരിക്കന്‍ ട്രഷറിയുടെ അപ്രതീക്ഷിത തീരുമാനത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു

Dhanam News Desk

ഇന്ന് സ്വര്‍ണപ്പണയ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ശക്തമായ മുന്നേറ്റം. മുന്‍നിര സ്വര്‍ണപ്പണയ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് (IIFL Finance) എന്നിവയുടെ ഓഹരിവില 4 ശതമാനം വരെയാണ് വര്‍ധിച്ചത്. അമേരിക്കന്‍ ട്രഷറിയുടെ അപ്രതീക്ഷിത തീരുമാനത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് സ്വര്‍ണപ്പണയ കമ്പനികള്‍ക്ക് തുണയായത്.

യു.എസ് ട്രഷറി ലിക്വിഡിറ്റി സപ്പോര്‍ട്ട് ബൈബാക്ക് പ്രവര്‍ത്തനങ്ങള്‍ ഇരട്ടിയാക്കാന്‍ തീരുമാനിച്ചതോടെ അമേരിക്കന്‍ ബോണ്ട് ഈല്‍ഡും ഡോളര്‍ സൂചികയും ഇടിഞ്ഞതാണ് ഇതിന് കാരണം. ഇതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,526 ഡോളര്‍ വരെ ഉയര്‍ന്നു. ജൂണ്‍ രണ്ടിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇതിന്റെ പ്രതിഫലനമായി ആഭ്യന്തര കമ്മോഡിറ്റി ഫ്യൂച്ചേഴ്‌സ് വിപണിയായ എം.സി.എക്‌സില്‍ സ്വര്‍ണവില വീണ്ടും 1.58 ലക്ഷം രൂപ കടന്നതോടെയാണ് സ്വര്‍ണപ്പണയ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപകരുടെ താല്പര്യം ഉയര്‍ന്നത്. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 4 ശതമാനത്തിലധികം ഉയര്‍ന്ന് 2,985 രൂപയിലെത്തി. മണപ്പുറം ഫിനാന്‍സ്, ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് എന്നിവയുടെ ഓഹരിവില 3 ശതമാനത്തിലധികവും വര്‍ധിച്ചു.

സ്വര്‍ണവിലയും ഓഹരികളും തമ്മിലെന്ത്?

ഈ സ്ഥാപനങ്ങളുടെ വായ്പാ ഈടുകളില്‍ ഭൂരിഭാഗവും സ്വര്‍ണാഭരണങ്ങളാണ്. സ്വര്‍ണത്തിന്റെ വില ഉയരുമ്പോള്‍ കമ്പനികളുടെ കൈവശമുള്ള ഈടിന്റെ (Collateral) മൂല്യം വര്‍ധിക്കും. ഇത് കമ്പനികളുടെ ബാലന്‍സ് ഷീറ്റിന് കരുത്തേകും. കൂടാതെ, സ്വര്‍ണത്തിന്റെ ഗ്രാമിന് ലഭിക്കുന്ന വായ്പാ തുക വര്‍ധിക്കുന്നതോടെ കുറഞ്ഞ അളവ് സ്വര്‍ണം പണയം വെച്ച് ഉയര്‍ന്ന തുക വായ്പയെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇത് വായ്പാ വിപണിയില്‍ പുതിയ ഡിമാന്‍ഡ് സൃഷ്ടിക്കും.

സ്വര്‍ണവിലയില്‍ സമീപകാലത്തുണ്ടായ കനത്ത ഇടിവ് കാരണം 2026-ല്‍ ഇതുവരെ മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളില്‍ 22 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ ഓഹരി 3 ശതമാനത്തിലധികം വീണ്ടെടുക്കല്‍ നടത്തിയിട്ടുണ്ട്. ദീര്‍ഘകാലയളവില്‍ - മൂന്ന് വര്‍ഷത്തില്‍ 139 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 103 ശതമാനവും നേട്ടം നല്‍കാന്‍ മുത്തൂറ്റിനായി. അതേസമയം, മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 2026-ല്‍ ഇതുവരെ 11 ശതമാനം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ നേട്ടം 136 ശതമാനമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT