രാജ്യത്തെ പ്രമുഖ സ്വര്‍ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ്) 2026 ജൂണ്‍ 30-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചു.
കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 232.73 ശതമാനം വര്‍ധിച്ച് ആദ്യപാദത്തില്‍തന്നെ 100.29 കോടി രൂപയായി ഉയര്‍ന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 58.53 ശതമാനം വളര്‍ച്ചയോടെ 7,098.38 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 76.38 ശതമാനം വര്‍ധിച്ച് 399.64 കോടി രൂപയായി രേഖപ്പെടുത്തി.
2026 ജൂണ്‍ 30ലെ കണക്കനുസരിച്ച് ആകെ നിഷ്‌ക്രിയ ആസ്തി 0.59 ശതമായും, അറ്റ നിഷ്‌ക്രിയ ആസ്തി 0.24 ശതമായും നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു. കമ്പനിയുടെ ലാഭക്ഷമതയും ആസ്തി വിനിയോഗവും വ്യക്തമാക്കുന്ന ആസ്തിയില്‍ നിന്നുള്ള ലാഭനിരക്ക് 2026 മാര്‍ച്ച് 31-ലെ 2.84 ശതമാനത്തില്‍ നിന്ന് 5.17 ശതമാനമായി വര്‍ധിച്ചു. ഈ നേട്ടം മുത്തൂറ്റ് എംക്രെഡിനെ മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളുടെ നിരയിലെത്തിച്ചു.
കമ്പനിയുടെ ശാഖകളുടെ എണ്ണം വാര്‍ഷികാടിസ്ഥാനത്തില്‍ 3.76 ശതമാനം വര്‍ധിച്ച് 958-ല്‍ നിന്ന് 994 ആയി ഉയര്‍ന്നു. വിവിധ പ്രദേശങ്ങളിലേക്ക് ശാഖാ ശൃംഖല വിപുലീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. പ്രധാന വിപണികളില്‍ സാന്നിധ്യം ശക്തമാക്കുന്നതിനും, പുതിയ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനും, സാമ്പത്തിക സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമാണ് കമ്പനി മുന്‍ഗണന നല്‍കുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലാഭം, ആസ്തി, ശാഖാ ശൃംഖല എന്നിവയിലെല്ലാം മികച്ച വളര്‍ച്ചയോടെയാണ് മുത്തൂറ്റ് എംക്രെഡ് തുടക്കം കുറിച്ചതെന്ന് എം.ഡി മാത്യു മുത്തൂറ്റ് പറഞ്ഞു. കമ്പനിയുടെ ബിസിനസ് മാതൃക, മികച്ച പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ്, ഉപഭോക്താക്കളുടെ വിശ്വാസം എന്നിവയാണ് ഈ നേട്ടത്തിന് പിന്നില്‍. ഭാവിയിലും സുസ്ഥിര വളര്‍ച്ച, ഉത്തരവാദിത്തമുള്ള വായ്പാ വിതരണം, സ്ഥാപനത്തിന്റെ ശേഷി വര്‍ധിപ്പിക്കല്‍ എന്നിവ വഴി പങ്കാളികള്‍ക്കെല്ലാം ദീര്‍ഘകാല നേട്ടം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും മികച്ച ആസ്തി ഗുണമേന്മയുമാണ് ആദ്യ പാദത്തിലെ നേട്ടത്തിന് കാരണമെന്ന് മുത്തൂറ്റ് എംക്രെഡ് സി.ഇ.ഒ പി. ഇ. മത്തായി പറഞ്ഞു. ശാഖകളുടെ വിപുലീകരണവും സാങ്കേതികവിദ്യയുമാണ് സെക്യുവേര്‍ഡ് വായ്പകളില്‍ വളര്‍ച്ച നല്‍കിയത്. വരും ദിവസങ്ങളില്‍ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും കൃത്യമായ റിസ്‌ക് മാനേജ്‌മെന്റോടെ ബിസിനസ് വളര്‍ത്തുന്നതിനും കമ്പനി തുടര്‍ന്നും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine