Business Kerala

മുത്തൂറ്റ് മൈക്രോഫിന്‍ വായ്പാ ആസ്തി ₹15,323 കോടിയിലേക്ക്; വായ്പാ വിതരണം 28% വര്‍ധിച്ചു

സെപ്റ്റംബര്‍ പാദത്തില്‍ വായ്പാ വിതരണം 2,900 കോടി രൂപയായി; കളക്ഷന്‍ കാര്യക്ഷമത 98.11 ശതമാനത്തിലേക്ക് ഉയര്‍ന്നു

Dhanam News Desk

കേരളം ആസ്ഥാനമായുള്ള പ്രമുഖ മൈക്രോഫൈനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ രണ്ടാം പാദത്തില്‍ (Q2 FY27) മികച്ച സാമ്പത്തിക-പ്രവര്‍ത്തന വളര്‍ച്ച കൈവരിച്ചു. 2026 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് കമ്പനികൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തി (AUM) 15,323 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് (YoY) 22 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. മുന്‍ പാദവുമായി (Q1 FY27) താരതമ്യം ചെയ്യുമ്പോള്‍ ആനുവലൈസ്ഡ് അടിസ്ഥാനത്തില്‍ 23.9 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കി.

വായ്പാ വിതരണത്തിലും പോര്‍ട്ട്‌ഫോളിയോയിലും മുന്നേറ്റം

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2,900 കോടി രൂപയുടെ പുതിയ വായ്പകളാണ് കമ്പനി വിതരണം ചെയ്തത്. മുന്‍ വര്‍ഷം ഇതേ പാദത്തിലെ വിതരണത്തേക്കാള്‍ 28 ശതമാനവും, തൊട്ടു മുന്‍പത്തെ ഒന്നാം പാദത്തേക്കാള്‍ 10 ശതമാനവും (QoQ) വര്‍ധനയാണിത്.

സുരക്ഷിത വായ്പാ പോര്‍ട്ട്‌ഫോളിയോ ശക്തമാക്കുന്നതിന്റെ ഭാഗമായി, മാതൃ കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി ചേര്‍ന്ന് റഫറല്‍, കോ-ലെന്‍ഡിംഗ് മാതൃകയില്‍ 453 കോടി രൂപയുടെ സ്വര്‍ണവായ്പകളും ഇക്കാലയളവില്‍ വിതരണം ചെയ്തു. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (JLG), നോണ്‍-ജെഎല്‍ജി അനുപാതം മാര്‍ച്ച് 31-ലെ 83:17ല്‍ നിന്ന് 69:31 ആയി മെച്ചപ്പെടുത്താന്‍ സാധിച്ചത് പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരണത്തിലെ നേട്ടമായി. കമ്പനിയുടെ സ്‌മോള്‍ ആന്‍ഡ് മൈക്രോ എന്റര്‍പ്രൈസ് ഇന്‍ഡിവിജ്വല്‍ ലോണ്‍ (IL) പോര്‍ട്ട്‌ഫോളിയോ 4,164 കോടി രൂപയായി ഉയര്‍ന്നു.

ഫണ്ട് ചെലവ് ചരിത്രത്തിലാദ്യമായി ഒറ്റയക്കത്തില്‍

കമ്പനിയുടെ ചരിത്രത്തിലാദ്യമായി ആകെ ഫണ്ട് ചെലവ് (Cost of Funds) ഒറ്റയക്കത്തിലേക്ക് താഴ്‌ന്നതാണ് രണ്ടാം പാദത്തിലെ ശ്രദ്ധേയമായ കാര്യം. ഒന്നാം പാദത്തിലെ 10.13 ശതമാനത്തില്‍ നിന്ന് 20 ബേസിസ് പോയിന്റ് കുറഞ്ഞ് ഫണ്ട് ചെലവ് 9.93 ശതമാനത്തിലെത്തി. വര്‍ധിച്ചുവരുന്ന വായ്പാ ചെലവുകളുടെ കാലഘട്ടത്തില്‍ ഇത് കമ്പനിയുടെ ലാഭക്ഷമതയ്ക്ക് കരുത്താകും. ഇന്‍ക്രിമെന്റല്‍ ഫണ്ട് ചെലവ് 9.80 ശതമാനത്തില്‍ നിന്ന് 9.69 ശതമാനമായും കുറഞ്ഞു.

സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് 1,701 കോടി രൂപയുടെ സര്‍പ്ലസ് ലിക്വിഡിറ്റിയും 4,328 കോടി രൂപയുടെ ഉപയോഗിക്കാത്ത ക്രെഡിറ്റ് ലൈനുകളും കമ്പനിക്കുണ്ട്. രണ്ടാം പാദത്തില്‍ മാത്രം വിപണിയില്‍ നിന്ന് 3,213 കോടി രൂപ സമാഹരിച്ചു. ഇതോടെ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ (H1) ആകെ വായ്പാ സമാഹരണം 5,946 കോടി രൂപയായി.

അസറ്റ് ക്വാളിറ്റിയും ഡിജിറ്റൈസേഷനും

വായ്പാ തിരിച്ചടവുകളിലെ കാര്യക്ഷമത (Collection Efficiency - CE) രണ്ടാം പാദത്തില്‍ 98.11 ശതമാനമായി മെച്ചപ്പെട്ടു. മുന്‍ വര്‍ഷം ഇതേ പാദത്തേക്കാള്‍ 477 ബേസിസ് പോയിന്റിന്റെ വര്‍ധനയാണിത്. അഡ്വാന്‍സ് തുകകള്‍ ഒഴിവാക്കിയുള്ള X-Bucket കളക്ഷന്‍ കാര്യക്ഷമത 99.9 ശതമാനമാണ്.

ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഉപഭോക്താക്കള്‍ മാറുന്നതിന്റെ വേഗതയും വര്‍ധിച്ചിട്ടുണ്ട്. കമ്പനിയുടെ 'മഹിളാ മിത്ര' ആപ്പിന്റെ ഡൗണ്‍ലോഡുകള്‍ 22 ലക്ഷം പിന്നിട്ടു. ഡിജിറ്റല്‍ വഴിയുള്ള കളക്ഷന്‍ 2026 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ 25 ശതമാനത്തില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലെ 40 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് 47 ശതമാനത്തിലെത്തി.

കേരളം ആസ്ഥാനമായുള്ള പ്രമുഖ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍, ദക്ഷിണേന്ത്യയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഗ്രാമീണ-അര്‍ദ്ധ നഗര മേഖലകളിലെ സൂക്ഷ്മ സംരംഭങ്ങളിലേക്ക് വായ്പാ പിന്തുണ വ്യാപിപ്പിക്കുന്നത് തുടരുകയാണ്. നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, അസം തുടങ്ങി രാജ്യത്തുടനീളമായി 1,675 ശാഖകളും 32 ലക്ഷം സജീവ ഉപഭോക്താക്കളും കമ്പനിക്കുണ്ട്.

Muthoot Microfin posts strong growth in Q2 FY27 with AUM reaching ₹15,323 crore and cost of funds easing to a record low of 9.93%.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT