Business Kerala

മുത്തൂറ്റ് മിനി ഇനി 'മുത്തൂറ്റ് എം ക്രെഡ്'; ലാഭത്തിലും വരുമാനത്തിലും വന്‍ കുതിച്ചുചാട്ടം

പ്രവര്‍ത്തന വരുമാനത്തില്‍ 44.86 ശതമാനവും അറ്റാദായത്തില്‍ 91.88 ശതമാനവും വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്

Dhanam News Desk

രാജ്യത്തെ പ്രമുഖ സ്വര്‍ണപ്പണയ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് (Muthoottu Mini Financiers) മുത്തൂറ്റ് എം ക്രെഡ് ലിമിറ്റഡ് ( Muthoot M Cred Limited) ആയി പുനര്‍നാമകരണം ചെയ്തു.

2025 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസത്തെ കണക്കുകള്‍ പ്രകാരം കമ്പനി 113.93 കോടി രൂപ അറ്റാദായം നേടി. ഇക്കാലയളവില്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ (AUM) 5,494.58 കോടി രൂപയായി .

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കമ്പനി 294.83 കോടി രൂപ വരുമാനം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 203.52 കോടി രൂപയായിരുന്നു.

മൂന്നാം പാദത്തില്‍ അറ്റാദായം 52.16 കോടി രൂപയാണ്. മുന്‍വര്‍ഷം സമാന പാദത്തിലിത് 27.18 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രവര്‍ത്തന വരുമാനത്തില്‍ 44.86 ശതമാനവും അറ്റാദായത്തില്‍ 91.88 ശതമാനവും വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്.

മുത്തൂറ്റ് എംക്രെഡിന്റെ സുരക്ഷിത സ്വര്‍ണ പണയ മേഖലയുടെ സ്ഥിരമായ വളര്‍ച്ചയാണിത് കാണിക്കുന്നതെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. ഭാവിയിലേക്കുള്ള സാമ്പത്തിക സേവനങ്ങള്‍ക്കായി തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ബിസിനസ് മാതൃകയുടെ കരുത്തും സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള പ്രതിബദ്ധതയുമാണ് മൂന്നാം ത്രൈമാസത്തിലെ മികച്ച പ്രകടനം കാണിക്കുന്നത്. വരുമാനത്തിലും ലാഭക്ഷമതയിലും ഉണ്ടായ വര്‍ധന ഉപഭോക്താക്കള്‍ക്ക് ഞങ്ങളിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നു. വികസനത്തിനൊപ്പം നിക്ഷേപ നിലവാരം നിലനിര്‍ത്തുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.' - മാത്യു മുത്തൂറ്റ് പറഞ്ഞു.

ഡിജിറ്റല്‍ കരുത്തും റിസ്‌ക് മാനേജ്മെന്റും

ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാന്‍ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി. ഇ. മത്തായി വ്യക്തമാക്കി.

നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ലിസ്റ്റ് ചെയ്ത എന്‍സിഡികള്‍ക്ക് ആവശ്യമായ രീതിയിലെ ആസ്തികള്‍ മുത്തൂറ്റ് എംക്രെഡ് നിലനിര്‍ത്തും. പേരിലെ മാറ്റത്തിലുപരി നിരവധി കാര്യങ്ങളാണ് റീ ബ്രാന്‍ഡിങ് പ്രതിഫലിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രൊഫഷണലാക്കുക, റിസ്‌ക് മാനേജ്മെന്റ് ശക്തമാക്കുക, ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ നടപ്പിലാക്കുക എന്നിവയിലൂടെ ദീര്‍ഘകാല മൂല്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT