മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സേവനങ്ങൾ സെപ്റ്റംബർ 21 മുതൽ ആധാർ ഒ.ടി.പി അധിഷ്ഠിത പൂർണ്ണ ഫേസ്‌ലെസ്സ് സംവിധാനത്തിലേക്ക് മാറുന്നു. വാഹൻ, സാരഥി പോർട്ടലുകളിലെ സേവനങ്ങളിൽ ഏജന്റുമാരുടെ ചൂഷണം തടയുകയും അപേക്ഷകൾ ‘ഫസ്റ്റ് കം ഫസ്റ്റ് സർവ്’ അടിസ്ഥാനത്തിൽ വേഗത്തിൽ തീർപ്പാക്കുകയും ചെയ്യും. ‘നമ്മുടെ കേരളം’ പോർട്ടലും Vmeet സംവിധാനവും വഴി വാഹന പരിശോധന, വ്യക്തിഗത വാദം കേൾക്കൽ എന്നിവയ്ക്ക് സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ചൂഷണം പൂർണ്ണമായും തടയാൻ നിർണായക നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. സെപ്റ്റംബർ 21 മുതൽ വകുപ്പിന്റെ 60 പരിവാഹൻ സേവനങ്ങൾ പൂർണ്ണമായും ആധാർ ഒ.ടി.പി (OTP) അധിഷ്ഠിത ഫേസ്‌ലെസ്സ് സേവനങ്ങളാക്കി മാറ്റുന്നു.
നിലവിൽ വാഹൻ, സാരഥി പോർട്ടലുകൾ വഴി നൽകുന്ന 60 സേവനങ്ങളിൽ 21 എണ്ണം മാത്രമാണ് ഫേസ്‌ലെസ്സ് സംവിധാനത്തിലുള്ളത്. കൃത്യമായ ഒ.ടി.പി പരിശോധനയില്ലാത്ത ശേഷിക്കുന്ന സേവനങ്ങൾക്ക് അപേക്ഷകരിൽ നിന്ന് ഏജന്റുമാർ അമിത തുക ഈടാക്കുകയും, അപൂർണ്ണമായ രേഖകൾ സമർപ്പിച്ച് അപേക്ഷകൾ ബോധപൂർവ്വം വൈകിപ്പിക്കുകയും ചെയ്യുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC), കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം (MoRTH) എന്നിവയുടെ സഹകരണത്തോടെ പുതിയ മാറ്റം നടപ്പിലാക്കുന്നത്.
ഡിജിറ്റൽ സേവനങ്ങളുടെ പ്രധാന സവിശേഷതകൾ
സമ്പൂർണ്ണ ഫേസ്‌ലെസ്സ് സംവിധാനം: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലെ ഒ.ടി.പി ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം.
മുൻഗണനാ ക്രമം: 'ആദ്യം വരുന്നവർക്ക് ആദ്യം' (First Come First Serve) എന്ന അടിസ്ഥാനത്തിൽ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കും.
നേരിട്ടുള്ള സന്ദർശനം ഒഴിവാക്കാം: വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയൽ, കാരണം കാണിക്കൽ നോട്ടീസുകളിലെ വ്യക്തിഗത വാദം കേൾക്കൽ എന്നിവയ്‌ക്കൊഴികെ ഇനി ആർ.ടി. ഓഫീസുകളിൽ നേരിട്ടെത്തേണ്ടതില്ല.
'നമ്മുടെ കേരളം' പോർട്ടലും Vmeet സംവിധാനവും: വാഹന പരിശോധന, വ്യക്തിഗത വാദം കേൾക്കൽ, അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകൾ 'നമ്മുടെ കേരളം' പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാം. പോർട്ടലിലെ 'Vmeet' സംവിധാനത്തിലൂടെ ആർ.ടി.ഒയ്ക്ക് മുന്നിൽ വീഡിയോ കോളിലൂടെ ഹാജരാകാനുള്ള സൗകര്യവുമുണ്ട്.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന നടപടിക്രമങ്ങൾ
സാങ്കേതിക സഹായം ആവശ്യമുള്ളവർക്കോ സ്വന്തമായി അപേക്ഷിക്കാൻ സാധിക്കാത്തവർക്കോ അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി (CSC) കേന്ദ്രങ്ങൾ അല്ലെങ്കിൽ ആർ.ടി. ഓഫീസുകൾ എന്നിവയെ സന്ദർശിച്ച് സഹായം തേടാവുന്നതാണ്. ഓൺലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകൾ ഓഫീസുകളിൽ നേരിട്ട് നൽകേണ്ടതില്ല. എന്നാൽ ആധാർ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താൻ ഒരു തവണ ആർ.ടി. ഓഫീസിൽ നേരിട്ട് പോകേണ്ടി വന്നേക്കാം.
ലേണേഴ്‌സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ്, ഹെവി വെഹിക്കിൾ ബാഡ്ജ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റുകൾക്കുള്ള അപേക്ഷകർ സാരഥി പോർട്ടൽ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യണം. വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനാ സ്ലോട്ടുകൾ വാഹൻ പോർട്ടൽ വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങൾ (Automated Vehicle Testing Stations - ATS) ഉടൻ നിലവിൽ വരും. ഇതിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലായി 3 കേന്ദ്രങ്ങൾ ഇതിനോടകം പ്രവർത്തനസജ്ജമായിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Kerala Motor Vehicles Department integrates Aadhaar OTP verification for 60 Parivahan services from September 21 to end middleman exploitation and ensure seamless faceless processing.
Read DhanamOnline in English
Subscribe to Dhanam Magazine