Business Kerala

മൈജി കുതിക്കുന്നു റെക്കോഡ് വിറ്റുവരവുമായി; അടുത്ത വര്‍ഷം ലക്ഷ്യം ₹4,000 കോടി, 5,000 തൊഴിലവസരങ്ങള്‍

30 പുതിയ ഷോറൂമുകള്‍ തുറക്കും, മറ്റ് സംസ്ഥാനങ്ങളിലേക്കും ഗള്‍ഫിലേക്കും ബിസിനസ് വ്യാപിപ്പിക്കുന്നു

Dhanam News Desk

ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ്, ഹോം & കിച്ചണ്‍ അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ സര്‍വീസ് ശൃംഖലകളിലൊന്നായ മൈജിക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വിറ്റുവരവ്. ലക്ഷ്യമിട്ടിരുന്നത് 2,500 കോടി രൂപയായിരുന്നെങ്കിലും അതിന് മുകളില്‍ വിറ്റുവരവ് നേടാന്‍ കമ്പനിക്ക് കഴിഞ്ഞതായി മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി പറഞ്ഞു.

നടപ്പു സാമ്പത്തിക വര്‍ഷം (2024-25) സംസ്ഥാനത്ത് 4,000 കോടി രൂപയുടെ വിറ്റുവരവും 5,000 തൊഴില്‍ അവസരങ്ങളുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതുതായി 30 ഷോറൂമുകള്‍ കൂടി തുറക്കുന്നതിലൂടെ കേരളത്തില്‍ ആകെ ഷോറൂമുകളുടെ എണ്ണം 150 ആകും. നിലവില്‍ 3,000 പേരാണ് മൈജിയുടെ വിവിധ സ്റ്റോറുകളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്നത്.

കുടുംബങ്ങള്‍ക്ക് വേറിട്ട ഷോപ്പിംഗ് അനുഭവം നല്‍കാന്‍ ലക്ഷ്യമിട്ട് 2006ല്‍ 3G മൊബൈല്‍ വേള്‍ഡെന്ന പേരില്‍ കോഴിക്കോട് എളിയ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഷോറൂമാണ് ഇന്ന് 100 ലധികം ഷോറൂമുകളുമായി മൈജി ആയിരിക്കുന്നത്.

സ്വന്തം ബ്രാന്‍ഡില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ മികച്ച ഇലക്ട്രോണിക്‌സ് ഗൃഹോപകരണങ്ങള്‍, കിച്ചണ്‍ അപ്ലയന്‍സസുകള്‍ നല്‍കുക എന്ന ലക്ഷ്യം വെച്ച് മൈജി സ്വന്തം ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് ഇറക്കി കഴിഞ്ഞു. നിലവില്‍ മൈജിയുടെ സ്വന്തം ടി.വി ബ്രാന്‍ഡായ G -DOTന്റെ ടി.വികളും ഡിജിറ്റല്‍ ആക്‌സസറികളും ഗാഡ്മിയുടെ നോണ്‍സ്റ്റിക്ക് യൂട്ടന്‍സില്‍സും കിച്ചണ്‍ അപ്ലയന്‍സസുകളും ഇപ്പോള്‍ മൈജി ഷോറൂമുകളില്‍ ലഭ്യമാണ്. അധികം താമസിയാതെ ഇവ ഇന്ത്യയൊട്ടാകെ പൊതുവിപണിയില്‍ അവതരിപ്പിക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നല്ല ഉപഭോക്തൃ സ്വീകാര്യതയും മികച്ച ഫീഡ്ബാക്കും ഈ ഉത്പന്നങ്ങള്‍ക്ക് നേടാനായിട്ടുണ്ട്. അടുത്ത ഓണത്തിന് മുമ്പ് ആയി മറ്റ് കാറ്റഗറിയിലുള്ള ഉത്പന്നങ്ങളും അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഗള്‍ഫിലേക്കും  സാന്നിധ്യം 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് റീട്ടെയ്ല്‍ ശൃംഖലയാവുക എന്നതാണ് മൈജിയുടെ ലക്ഷ്യമെന്നും എ.കെ. ഷാജി വ്യക്തമാക്കി.

ഉപഭോക്താവിന് നല്‍കുന്ന ഉത്പന്നങ്ങളും സേവനവും മെച്ചപ്പെടുത്താനായി ശക്തമായ മാര്‍ക്കറ്റിംഗ്, റിസേര്‍ച്ച് ടീം മൈജിക്കുണ്ട്. സമീപ ഭാവിയില്‍ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഗള്‍ഫ് (ജി.സി.സി) രാജ്യങ്ങളിലേക്കും കമ്പനി ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT