Representational image  canva
Business Kerala

മൂന്ന് വർഷത്തിനുള്ളിൽ കാസർഗോഡ് നിന്നും വിഴിഞ്ഞത്തേക്ക് ഉള്‍നാടന്‍ ജലപാത, തുറമുഖത്തെ കസ്റ്റംസ് പ്രവർത്തനങ്ങളും തുടങ്ങി

ആക്കുളത്തിനും ചേറ്റുവക്കും ഇടയിലുള്ള ഭാഗം ആറ് മാസത്തിനുള്ളിൽ തുറക്കും

Dhanam News Desk

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാന്‍ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ഉള്‍നാടന്‍ ജലപാത പ്രവര്‍ത്തനക്ഷമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അതീവ ശ്രദ്ധ ചെലുത്തുന്നതായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്‌ഐഎന്‍സി) മാനേജിങ് ഡയറക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. വിഴിഞ്ഞം കോണ്‍ക്ലേവ് 2025ന്റെ രണ്ടാം ദിവസം നാവിഗേറ്റിംഗ് ദ ഫ്യൂച്ചര്‍: ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ്, ന്യൂ സപ്ലൈ ചെയിന്‍ റെവല്യൂഷന്‍ എന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ആക്കുളത്തിനും ചേറ്റുവയ്ക്കും ഇടയിലുള്ള ജലപാത ആറ് മാസത്തിനുള്ളില്‍ സഞ്ചാര യോഗ്യമാക്കാനാകുമെന്ന് അവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ബേക്കലിനും കോവളത്തിനും ഇടയിലുള്ള ഭാഗം സാങ്കേതികമായി സഞ്ചാരയോഗ്യമാണെങ്കിലും പല ഭാഗങ്ങളിലായി 2 മുതല്‍ 3.2 മീറ്റര്‍ വരെ ആഴം കുറവാണെന്നത് വെല്ലുവിളി ഉയര്‍ത്തുന്നതായി ഗിരിജ ചൂണ്ടിക്കാട്ടി. നിലവില്‍ വര്‍ക്കല ടണലിലൂടെ വലിയ ബാര്‍ജുകള്‍ കടന്നുപോകാന്‍ അനുവദിക്കില്ലെന്നതും ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിലെ ലോക്ക് നവീകരിക്കണമെന്നതും അവര്‍ ചൂണ്ടിക്കാട്ടി. ഏകദേശം 1,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടതിനാല്‍ ആക്കുളം-കോവളം പാത ഒരു അധിക വെല്ലുവിളിയാണ്. 2028 ഓടെ ദേശീയ ജലപാത- 3 പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗിരിജ പറഞ്ഞു.

കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ വിഴിഞ്ഞത്ത് ആരംഭിക്കുന്നു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഗോമതി ഐആര്‍എസ് വ്യക്തമാക്കി. തുറമുഖത്ത് കസ്റ്റംസിന്റെ പ്രവര്‍ത്തനം വളരെ പരിമിതമാണ്. പ്രധാനമായും കപ്പലുകള്‍ക്ക് എന്‍ട്രി, എക്‌സിറ്റ് ക്ലിയറന്‍സ് അനുവദിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിഴിഞ്ഞത്ത് ഇലക്ട്രോണിക് ഡാറ്റാ ഇന്റര്‍ചേഞ്ച് (ഇഡിഐ) കണക്റ്റിവിറ്റിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഗോമതി പറഞ്ഞു. സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് അധിക ജീവനക്കാരെ വിന്യസിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിഎംഎ- സിജിഎം ഏജന്‍സീസ് (ഇന്ത്യ) ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ സ്വാമിനാഥന്‍ രാജഗോപാലന്‍ ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖര്‍ സെഷനില്‍ പങ്കെടുത്തു. മെഡ്ലോഗ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ വിജയകുമാര്‍, അബ്രാവോ ഗ്രൂപ്പ് മേധാവി ലെന്നി അബ്രാവോ, ഭവാനി ഗ്രൂപ്പ് മോധാവി ജീക്ഷിത് ഷെട്ടി എന്നിവര്‍ പങ്കെടുത്തു. ലെഷാക്കോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ടി.കെ. റാം മോഡറേറ്ററായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT