Business Kerala

MSME മുതൽ ഗ്രാമീണ വായ്പ വരെ; ഇന്ത്യയുടെ അടുത്ത ക്രെഡിറ്റ് വളർച്ചയിൽ NBFCകൾ നിർണായകം

ബാങ്കുകൾ വലിയ നിക്ഷേപ അടിത്തറയുള്ള സ്ഥാപനങ്ങളായി പ്രവർത്തിക്കുമ്പോൾ, ഗ്രാമീണ തലത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി മനസിലാക്കി വേഗത്തിൽ തീരുമാനമെടുക്കാൻ എൻ.ബി.എഫ്.സികള്‍ക്ക് സാധിക്കുന്നു

Dhanam News Desk

കഴിഞ്ഞ ദശകത്തിൽ ഡിജിറ്റൽ പേയ്‌മെന്റുകളിലും സാമ്പത്തിക ശൃംഖലയിലും വൻ മാറ്റങ്ങളാണ് ഇന്ത്യയിലുണ്ടായത്. എന്നാൽ ചെറുകിട വ്യവസായങ്ങൾക്കും ഗ്രാമീണ മേഖലകൾക്കും യഥാസമയം വായ്പ ലഭ്യമാക്കുന്ന അടുത്ത 'ക്രെഡിറ്റ് വിപ്ലവത്തിന്' (Credit Revolution) ബാങ്കുകൾക്കൊപ്പം എൻ.ബി.എഫ്.സികളും (NBFC) നിർണായക നേതൃത്വം നൽകുന്നതായി ധനം ബിഎഫ്എസ്ഐ സമ്മിറ്റ് 2026 ല്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച. ഇൻഡൽ മണി ഡയറക്ടർ സിഎ അനന്തരാമൻ ടി.ആർ നയിച്ച ചര്‍ച്ചയില്‍ മുത്തൂറ്റ് ഫിനാൻസ് സിഇഒ കെ.ആർ ബിജിമോൻ, മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ്, യോഗക്ഷേമം ലോൺസ് മാനേജിംഗ് ഡയറക്ടർ & സിഇഒ ഉണ്ണികൃഷ്ണൻ ഐ , സുപ്ര പസഫിക് ഫിനാൻഷ്യൽ സർവീസസ് സിഇഒ മനോജ് രവി തുടങ്ങിയവര്‍ പങ്കെടുത്തു. നിലവിൽ രാജ്യത്തെ എൻ.ബി.എഫ്.സി വായ്പകൾ ഏകദേശം 100 ലക്ഷം കോടി രൂപയോളമാണ് (100 ട്രില്യൺ).

വിപണിയിലെ മുൻനിര സംഭാവനകൾ

ഇന്ത്യയിലെ പ്രധാന വായ്പാ മേഖലകൾ ആദ്യമായി വികസിപ്പിച്ചെടുത്തത് എൻ.ബി.എഫ്.സികളാണെന്ന് പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

ഭവന വായ്പകൾ: 42 ലക്ഷം കോടി രൂപ വരുന്ന ഭവന വായ്പാ (Housing Loan) മേഖല എച്ച്.ഡി.എഫ്.സി (HDFC) എന്ന എൻ.ബി.എഫ്.സിയിലൂടെയാണ് വളർന്നു വന്നത്.

സ്വർണ്ണ വായ്പകൾ: രാജ്യത്തെ രണ്ടാമത്തെ വലിയ വിപണിയായ 22 ലക്ഷം കോടി രൂപയുടെ സ്വർണ്ണ വായ്പാ (Gold Loan) മേഖലയ്ക്ക് നേതൃത്വം നൽകിയത് മുത്തൂറ്റ് ഉൾപ്പെടെയുള്ള എൻ.ബി.എഫ്.സികളാണ്.

മറ്റ് വായ്പകൾ: ട്രാൻസ്പോർട്ട് ഫിനാൻസ് (₹12 ലക്ഷം കോടി), വ്യക്തിഗത വായ്പകൾ (Personal Finance) എന്നിവ ജനപ്രിയമാക്കിയതും ദക്ഷിണേന്ത്യൻ എൻ.ബി.എഫ്.സികളും ബജാജ് ഫിനാൻസുമാണ്.

എൻ.ബി.എഫ്.സികളുടെ സവിശേഷതകളും ഭാവിയും

ബാങ്കുകൾ വലിയ നിക്ഷേപ അടിത്തറയുള്ള സ്ഥാപനങ്ങളായി പ്രവർത്തിക്കുമ്പോൾ, ഗ്രാമീണ തലത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി മനസിലാക്കി വേഗത്തിൽ തീരുമാനമെടുക്കാൻ സാധിക്കുന്നതാണ് (Nimble & Agile) എൻ.ബി.എഫ്.സികളുടെ പ്രധാന സവിശേഷത. ക്രെഡിറ്റ് ഹിസ്റ്ററിയില്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും എം.എസ്.എം.ഇകളെയും (MSME) വായ്പാ ശൃംഖലയിലേക്ക് കൊണ്ടുവരുന്നത് പ്രധാനമായും സ്വർണ വായ്പകളിലൂടെയാണ്. ഇന്ത്യയിലെ വീടുകളിലുള്ള 28,000 ടണ്ണോളം വരുന്ന സ്വർണ്ണത്തിന്റെ 20 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ ബാങ്കിംഗ്/എൻ.ബി.എഫ്.സി സംവിധാനങ്ങളിൽ എത്തിയിട്ടുള്ളത്.

നവീന ഉൽപ്പന്നങ്ങളിലൂടെയും ഫിൻടെക് കൂട്ടായ്മകളിലൂടെയും വരും വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനും അടുത്ത വായ്പാ വിപ്ലവത്തിനും വേഗത കൂട്ടാൻ എൻ.ബി.എഫ്.സികൾക്ക് സാധിക്കുമെന്നും പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT