Image : Canva 
Business Kerala

പുതു വര്‍ഷത്തില്‍ ഹോട്ടല്‍ മേഖലയ്ക്ക് തിരിച്ചടി, വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ വര്‍ധന

സാധാരണക്കാര്‍ക്ക് ആശ്വാസമായി വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല

Dhanam News Desk

പുതുവര്‍ഷത്തില്‍ ഹോട്ടല്‍ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായി വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി (LPG) സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോഗ്രാം ഭാരമുള്ള കമേഴ്സ്യല്‍ സിലിണ്ടറിന് 111 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്നു (ജനുവരി 1) മുതല്‍ പ്രാബല്യത്തില്‍ വന്നു.

അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങള്‍ പരിഗണിച്ചാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിച്ചത്. അതേസമയം, സാധാരണക്കാര്‍ക്ക് ആശ്വാസമായി വീട്ടാവശ്യത്തിനുള്ള (14.2 കിലോ) ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

കേരളത്തില്‍ വില ഇങ്ങനെ

കേരളത്തിലും സമാനമായ വില വര്‍ധനവ് പ്രതിഫലിച്ചിട്ടുണ്ട്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില ഏകദേശം 1,698 രൂപയിലെത്തി. തിരുവനന്തപുരത്ത് 1,719 രൂപയും കോഴിക്കോട് 1,730 രൂപയുമാണ് പുതിയ വില.

ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ചെറുകിട വ്യവസായങ്ങള്‍ എന്നിവയെ ഈ വില വര്‍ധന നേരിട്ട് ബാധിക്കും. ഭക്ഷണ സാധനങ്ങളുടെ വില ഉയരാന്‍ ഇത് കാരണമായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വാണിജ്യ സിലിണ്ടറുകളുടെ വില ഉയരുന്നത് ഹോട്ടല്‍, കാറ്ററിംഗ് മേഖലകളിലെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കും. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി നിരക്കുകള്‍ പുനഃപരിശോധിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി വാണിജ്യ സിലിണ്ടര്‍ വിലയില്‍ നേരിയ കുറവുണ്ടായിരുന്നുവെങ്കിലും, 2026-ന്റെ തുടക്കത്തില്‍ തന്നെ ഉണ്ടായ ഈ വലിയ വര്‍ധന വിപണിയില്‍ വലിയ ആശങ്കകള്‍ക്ക്‌ വഴിവെച്ചിരിക്കുകയാണ്. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലാത്തത് സാധാരണ കുടുംബങ്ങളുടെ ബജറ്റിനെ ബാധിക്കില്ല.

പ്രധാന നഗരങ്ങളിലെ പുതിയ നിരക്ക് (19 KG സിലിണ്ടര്‍):

ഡല്‍ഹി: 1,691.50 രൂപ

മുംബൈ: 1,642.50 രൂപ

കൊല്‍ക്കത്ത: 1,802.50 രൂപ

ചെന്നൈ: 1,849.50 രൂപ

Commercial LPG cylinder price hike on New Year's Day impacts hotel and small business sectors across Kerala and India

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT