Image:dhanamfile/rbi/canva 
Business Kerala

42 ദിവസം, ഏകദേശം ₹1.67 ലക്ഷം കോടിയിലധികം നിക്ഷേപം, ആര്‍.ബി.ഐ ഇളവ് ആവേശമാക്കി പ്രവാസികള്‍, കേരളത്തിലെ ബാങ്കുകള്‍ക്കും കോളടിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയുടെ എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളില്‍ കാര്യമായ വര്‍ധനയുണ്ട്

Dhanam News Desk

ആര്‍ബിഐയുടെ പ്രത്യേക എഫ്‌സിഎന്‍ആര്‍ ആനുകൂല്യ പദ്ധതിയിലൂടെ വെറും 42 ദിവസില്‍ 17.41 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.67 ലക്ഷം കോടി രൂപ) പ്രവാസി നിക്ഷേപം ഇന്ത്യന്‍ ബാങ്കുകളിലെത്തി. ഡോളര്‍ സ്വാപ്പ് വിന്‍ഡോയില്‍ ആകെ 20.72 ബില്യണ്‍ ഡോളര്‍ ലഭിച്ചപ്പോള്‍ അതിലെ സിംഹഭാഗം പ്രവാസി നിക്ഷേപങ്ങളാണ്. ഉയര്‍ന്ന പലിശയും ഹെഡ്ജിംഗ് ചെലവ് ആര്‍ബിഐ ഏറ്റെടുത്തതുമാണ് പ്രധാന ആകര്‍ഷണം.

ഡോളറിന്റെ മൂല്യവര്‍ധനയും അന്താരാഷ്ട്ര അനിശ്ചിതത്വങ്ങളും മൂലം രൂപ നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പ്രത്യേക എഫ്‌സിഎന്‍ആര്‍ (FCNR - Foreign Currency Non-Resident) ആനുകൂല്യ പദ്ധതിക്ക് പ്രവാസികളില്‍ നിന്ന് വന്‍ പ്രതികരണം. പദ്ധതി ആരംഭിച്ച ജൂണ്‍ 8 മുതല്‍ ജൂലൈ 17 വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളില്‍ 17.41 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.67 ലക്ഷം കോടിയിലധികം രൂപ) എഫ്‌സിഎന്‍ആര്‍ നിക്ഷേപമാണ് പ്രവാസികള്‍ വഴി ഇന്ത്യന്‍ ബാങ്കുകളിലെത്തിയത്.

ഡോളര്‍ സ്വാപ്പ് വിന്‍ഡോ വഴി ആകെ ലഭിച്ച 20.72 ബില്യണ്‍ ഡോളറിന്റെ (1.99 ലക്ഷം കോടിയിലധികം) സിംഹഭാഗവും ഈ പ്രവാസി നിക്ഷേപങ്ങളാണ്. ഇതിനുപുറമെ, വിദേശ ഫോറിന്‍ കറന്‍സി വായ്പകള്‍ (OFCB) വഴി 1.97 ബില്യണ്‍ ഡോളറും (19,000 കോടി രൂപ) എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ്‌സ് (ECB) വഴി 1.34 ബില്യണ്‍ ഡോളറും (12,900 കോടി രൂപ) ബാങ്കിംഗ് വ്യവസ്ഥയിലെത്തിയിട്ടുണ്ട്.

ഉയര്‍ന്ന പലിശയും ഹെഡ്ജിംഗ് ചെലവ് (വിനിമയ നിരക്കിലെ വ്യതിയാന സാധ്യതകള്‍) പൂര്‍ണമായും ആര്‍ബിഐ വഹിക്കുന്നതുമാണ് പ്രവാസികളെ ഈ പദ്ധതിയിലേക്ക് വന്‍തോതില്‍ ആകര്‍ഷിച്ചത്. 14 ശതമാനം വരെ റിട്ടേണ്‍ നേടാന്‍ പ്രവാസികള്‍ക്ക് ഇതിലൂടെ സാധിക്കും. സെപ്റ്റംബര്‍ 30 വരെയാണ് എഫ്‌സിഎന്‍ആര്‍ ആനുകൂല്യ പദ്ധതിയുടെ കാലാവധി.

കേരളത്തിനും മികച്ച നേട്ടം

പ്രവാസി നിക്ഷേപങ്ങളെ ശക്തമായി ആശ്രയിക്കുന്ന കേരളം ആസ്ഥാനമായുള്ള ബാങ്കുകള്‍ക്കും ആര്‍ബിഐയുടെ ഈ നീക്കം വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (SIB) മാത്രം ഈ പദ്ധതി വഴി ഏകദേശം ഏകദേശം 480 കോടിയോളം രൂപ (50 മില്യണ്‍ ഡോളര്‍) എഫ്‌സിഎന്‍ആര്‍ നിക്ഷേപം ഇക്കാലയളവില്‍ സമാഹരിച്ചിട്ടുണ്ട്. തൃശൂര്‍ ആസ്ഥാനമായ മറ്റൊരു സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്ക് കഴിഞ്ഞ 42 ദിവസത്തിനുള്ളില്‍ 23 ശതമാനം വര്‍ധനയാണ് എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളില്‍ നേടിയത്. ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള എഫ്‌സിഎന്‍ആര്‍ നിക്ഷേപ കണക്കുകള്‍ സെപ്റ്റംബര്‍ 30ന് ശേഷം മാത്രമാണ് ലഭ്യമാകുക. സി.എസ്.ബി ബാങ്കിന്റെ കണക്കുകളും പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

വരും മാസങ്ങളില്‍ ഇത് ബാങ്കുകളുടെ നിക്ഷേപ അടിത്തറ ശക്തമാക്കാനും ക്രെഡിറ്റ്-ഡിപ്പോസിറ്റ് അനുപാതം മെച്ചപ്പെടുത്താനും സഹായിക്കും.

പ്രതീക്ഷിച്ചതിലും മികച്ച തുടക്കം

മുന്‍നിര ബാങ്കുകളുടെ ഒന്നാം പാദഫല പ്രഖ്യാപന വേളയില്‍ പ്രവാസി നിക്ഷേപത്തിലെ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമല്ലായിരുന്നു. എന്നാല്‍ ആര്‍ബിഐ പുറത്തുവിട്ട പുതിയ ഡാറ്റ വിപണി വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്. പദ്ധതി അവസാനിക്കുന്ന സെപ്റ്റംബര്‍ അവസാനത്തോടെ മൊത്തം എഫ്‌സിഎന്‍ആര്‍ നിക്ഷേപം 50 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഗൗര സെന്‍ഗുപ്ത വിലയിരുത്തുന്നത്.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നിക്ഷേപത്തില്‍ വലിയ വര്‍ധന പ്രതീക്ഷിക്കുന്നതായി പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശോക് ചന്ദ്ര വ്യക്തമാക്കി. പിഎന്‍ബി മാത്രം 2.5 ബില്യണ്‍ ഡോളറാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതില്‍ 425 മില്യണ്‍ ഡോളര്‍ ബാങ്ക് സമാഹരിച്ചു കഴിഞ്ഞു.

വലിയ തുകകള്‍ക്ക് മുന്‍ഗണന; യുഎസ് പ്രവാസികളില്‍ ആശങ്ക

അതേസമയം, വിദേശത്ത് ഫണ്ട് സമാഹരണ ചെലവ് ഉയര്‍ന്നതോടെ 1 മില്യണ്‍ ഡോളറിന് മുകളില്‍ നിക്ഷേപിക്കുന്ന വന്‍കിട പ്രവാസി ഉപഭോക്താക്കള്‍ക്കാണ് ബാങ്കുകള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ചെറിയ തുകകളുടെ ലിവറേജ്ഡ് നിക്ഷേപങ്ങള്‍ ബാങ്കുകള്‍ക്ക് സാമ്പത്തികമായി ലാഭകരമല്ലാത്തതാണ് ഇതിന് കാരണം.

കൂടാതെ, അമേരിക്കയിലെ കര്‍ശനമായ നികുതി നിയമങ്ങളും തടസമാകുന്നുണ്ട്. 2013-ലെ സമാന പദ്ധതിക്ക് ശേഷം യുഎസ് ടാക്‌സ് സ്‌ക്രൂട്ടിനി ശക്തമായതിനാല്‍ അമേരിക്കയിലുള്ള മലയാളി പ്രവാസികളടക്കമുള്ള വലിയൊരു വിഭാഗം ഈ പദ്ധതി ഉപയോഗപ്പെടുത്താന്‍ മടിക്കുന്നതായി ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബാങ്കുകളിലെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി ധനമന്ത്രാലയവും ആര്‍ബിഐയും ബാങ്ക് മേധാവികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.

RBI's dollar swap facility receives over $20 billion in total foreign inflows, boosted by strong NRI deposit response.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT