കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് വിപണിക്ക് പുതിയ ഉണര്‍വ്വേകി ഓഫീസ്, റീറ്റെയ്ല്‍ സ്‌പേസുകളുടെ ഡിമാന്‍ഡില്‍ വന്‍ മുന്നേറ്റം. ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ കുഷ്മാന്‍ & വേക്ക്ഫീല്‍ഡ് (Cushman & Wakefield) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 2026-ന്റെ ആദ്യ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എല്ലാ വിഭാഗങ്ങളിലും ശക്തമായ വളര്‍ച്ചയാണ് ദൃശ്യമാകുന്നത്. പ്രത്യേകിച്ച് ഐടി കോറിഡോറുകളിലെ ഓഫീസ് ഇടപാടുകളും കൊമേഴ്‌സ്യല്‍ റീറ്റെയ്ല്‍ ലീസിംഗും കൊച്ചിയുടെ വിപണി മൂല്യം ഉയര്‍ത്തുന്നു.
2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കൊച്ചിയില്‍ 0.11 ദശലക്ഷം (1.1 ലക്ഷം) ചതുരശ്ര അടി ഓഫീസ് സ്‌പേസാണ് ലീസ് ചെയ്യപ്പെട്ടത്. തൊട്ടുമുമ്പത്തെ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഫീസ് ലീസിംഗ് വിപണിയില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
കാക്കനാട് ഉള്‍പ്പെടെയുള്ള നഗരപ്രാന്തങ്ങളിലെ ഐടി ഹബ്ബുകളാണ് ഈ ഡിമാന്‍ഡിന്റെ പ്രധാന കേന്ദ്രങ്ങള്‍. മൊത്തം ഓഫീസ് ഇടപാടുകളുടെ മൂന്നില്‍ രണ്ട് ഭാഗവും നടന്നത് ഈ മേഖലകളിലാണ്. ഇതില്‍ തന്നെ ഫ്‌ലെക്‌സിബിള്‍ വര്‍ക്ക്‌സ്‌പേസ് ഓപ്പറേറ്റര്‍മാരാണ് ഓഫീസ് സ്‌പേസുകള്‍ സ്വന്തമാക്കിയവരില്‍ മുന്നില്‍ (37 ശതമാനം). നിലവില്‍ കൊച്ചിയിലെ മൊത്തം ഓഫീസ് സ്‌പേസ് സ്റ്റോക്ക് 9.7 ദശലക്ഷം ചതുരശ്ര അടിയാണ്. 2028 ഓടെ ഇതിലേക്ക് 1.46 ദശലക്ഷം ചതുരശ്ര അടി കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അതേസമയം വിപണിയില്‍ പെട്ടെന്നുള്ള ഒരു വന്‍ കുതിച്ചുചാട്ടം (Boom) ഇല്ലെങ്കിലും ബിസിനസ് ഇടപാടുകള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് പ്രമുഖ കോവര്‍ക്കിംഗ് സ്‌പേസ് ദാതാവായ സ്‌പേസ് വണ്‍ സൊലൂഷന്‍സിന്റെ ഡയറക്ടര്‍ സിജോ ജോസ് ധനം ഓണ്‍ലൈനിനോട് പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 75-ഓളം കോര്‍പ്പറേറ്റുകള്‍ ഇവിടെ ഇടം കണ്ടെത്തിയിട്ടുണ്ട്.
കെപിഎംജി (KPMG) വന്‍തോതില്‍ ഓഫീസ് സ്‌പേസ് എടുത്തതും, എയര്‍ടെല്‍ (Airtel) പുതിയ കേന്ദ്രത്തിലേക്ക് മാറിയതും ഇതിന് ഉദാഹരണമാണ്. കൂടാതെ, മറൈന്‍ ഡ്രൈവിലെ ആല്‍ഫാ സെന്ററില്‍ മാത്രം 140 ഓളം പുതിയ ക്ലയന്റുകള്‍ വന്നിട്ടുണ്ട്.
നഗരത്തിന്റെ കേന്ദ്ര ബിസിനസ് മേഖലകളില്‍ (CBD - Central Business District/Town area) എന്റര്‍പ്രൈസ് ആവശ്യകതകള്‍ കുറവാണെങ്കിലും, മറ്റ് മേഖലകളിലേക്ക് വിപണി വ്യാപിക്കുകയാണ്. ഇന്‍ഫോപാര്‍ക്ക്, ബൈപ്പാസ് റോഡ്, എം.ജി. റോഡ് തുടങ്ങിയ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന രീതിയിലാണ് ഇപ്പോള്‍ ഓഫീസ് സ്‌പേസ് ട്രാന്‍സാക്ഷനുകള്‍ പ്രധാനമായും നടക്കുന്നത്. എങ്കിലും ഇവയുടെ റേഷ്യോ നിലവില്‍ പരിമിതമാണെന്നും സിജോ പറയുന്നു.
പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങുന്നതിന് തൊട്ടു മുന്‍പ് ദുബായ് പോലുള്ള വിദേശ വിപണികളില്‍ നിന്ന് ക്ലയന്റുകളുടെ അന്വേഷണങ്ങള്‍ വന്നിരുന്നെങ്കിലും, പിന്നീട് അവരില്‍ പലരും താല്ക്കാലികമായി തീരുമാനങ്ങള്‍ ഹോള്‍ഡ് ചെയ്യുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ചെറിയ തോതില്‍ അന്താരാഷ്ട്ര എന്‍ക്വയറികള്‍ വരാന്‍ തുടങ്ങിയിട്ടുണ്ടെന്നും സിജോ കൂട്ടിച്ചേര്‍ത്തു.
സ്‌പേസ് വണ്‍ അടുത്തിടെ കൊച്ചിയില്‍ മാത്രം 5 പുതിയ സെന്ററുകള്‍ ആരംഭിക്കുകയും, 20,000 മുതല്‍ 25,000 വരെ സ്‌ക്വയര്‍ ഫീറ്റ് ശേഷിയുള്ള മറ്റൊരു പ്രമുഖ കമ്പനിയെ ടേക്ക് ഓവര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ കൊച്ചിയില്‍ മാത്രം ഏകദേശം 2,200-ഓളം സീറ്റുകള്‍ ഇപ്പോള്‍ സ്‌പേസ് വണ്ണിന്റേതായി ലഭ്യമാണ്.
വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള റീറ്റെയ്ല്‍ സ്‌പേസ് ലീസിംഗും ആദ്യ പാദത്തില്‍ 42,000 ചതുരശ്ര അടിയിലെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. പ്രധാന തെരുവുകളിലെ (Main streets) വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് ഇതില്‍ 96 ശതമാനം ഡിമാന്‍ഡും ഉണ്ടായത്. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും (58 ശതമാനം) ഫാഷന്‍ ബ്രാന്‍ഡുകളുമാണ് (39 ശതമാനം) ലീസിംഗില്‍ മുന്നിട്ടുനില്‍ക്കുന്നത്. ആഭ്യന്തര ബ്രാന്‍ഡുകള്‍ 77 ശതമാനവും അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ 23 ശതമാനവും സ്‌പേസുകള്‍ സ്വന്തമാക്കി.
വാണിജ്യ ഇടനാഴികളിലെ വാടക നിരക്കിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വാടക വര്‍ധന രേഖപ്പെടുത്തിയത് പനമ്പിള്ളി നഗറിലാണ് - 19 ശതമാനം. എറണാകുളം വൈറ്റില-ഇടപ്പള്ളി ബൈപാസ് മേഖലയില്‍ 16 ശതമാനം വാടക വര്‍ധനയുമുണ്ടായി. അതേസമയം ഗ്രേഡ്-എ മാളുകളിലെ വേക്കന്‍സി നിരക്ക് വെറും 4.5 ശതമാനമായി ചുരുങ്ങി.
ഓഫീസ് സ്‌പേസ് വിപണിയില്‍ നിലവില്‍ റീട്ടെയ്ല്‍ മേഖലയ്ക്കാണ് മുന്‍ഗണനയെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പ്രത്യേകിച്ച് 150 മുതല്‍ 200 വരെ സീറ്റുകളുള്ള ഓഫീസ് സ്‌പേസുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.
അതേസമയം, കൊച്ചിയില്‍ പല ബില്‍ഡിംഗുകളും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ നിലവിലുണ്ടെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്‍ഫോ പാര്‍ക്ക് ഉള്‍പ്പെടെയുള്ള ഐ.ടി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബില്‍ഡിംഗുകള്‍ക്ക് ആവശ്യം കൂടുന്നുണ്ടെങ്കിലും മറ്റ് പല ഏരിയകളിലും ഓഫീസ് സ്‌പേസുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് കൊച്ചി ആസ്ഥാനമായ പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് സ്ഥാപനമായ ബില്‍ടെക് ഇന്‍ഗ്രേറ്റഡ് സൊല്യൂഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബിനോയ് തോമസ് പറഞ്ഞു.
കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റിന് അടിത്തറയിട്ടത് 2004-2008 കാലഘട്ടത്തിലെ ബൂം ആണെങ്കില്‍, അതിനെ ആധുനികവും മൂല്യമുള്ളതുമായ ഒരു 'ഹോട്ട്സ്പോട്ട്' ആക്കി മാറ്റിയത് കോവിഡിന് ശേഷമുള്ള, പ്രത്യേകിച്ച് 2023 മുതല്‍ നിലവിലുള്ള (2026) ഈ കാലഘട്ടമാണ്. മുന്‍പ് ഗള്‍ഫ് മലയാളികളാണ് (NRI) വിപണി നിയന്ത്രിച്ചിരുന്നതെങ്കില്‍, ഈ രണ്ടാം ബൂമില്‍ കൊച്ചിയിലെ പ്രാദേശിക ഉദ്യോഗസ്ഥരും (Domestic Buyers) ഐടി പ്രൊഫഷണലുകളുമാണ് ഫ്‌ളാറ്റുകളും വില്ലകളും സ്വന്തമാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. വാങ്ങുന്നവരുടെ പ്രാദേശിക-എന്‍ആര്‍ഐ അനുപാതം 30:70 എന്നതില്‍ നിന്നും 60:40 എന്ന നിലയിലേക്ക് മാറി.
ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട്‌സിറ്റി എന്നിവയുടെ അടുത്ത ഘട്ട വികസനവും പുതിയ ആഗോള കമ്പനികളുടെ വരവും പ്രൊഫഷണലുകളുടെ വലിയൊരു നിരയെ നഗരത്തിലേക്ക് ആകര്‍ഷിക്കുന്നു. മെട്രോ റെയിലിന്റെ രണ്ടാം ഘട്ടം, വാട്ടര്‍ മെട്രോ കണക്റ്റിവിറ്റി, വിമാനത്താവള വികസനം എന്നിവ നഗരപരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലെ ഭൂമിയുടെ മൂല്യം കുത്തനെ കൂട്ടി. വലിയ മെട്രോ നഗരങ്ങളായ മുംബൈ, ബംഗളൂരു എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിക്ഷേപത്തില്‍ ഉയര്‍ന്ന വാടക വരുമാനവും മികച്ച മൂലധന വര്‍ധനയും നല്‍കാന്‍ കൊച്ചിക്ക് സാധിക്കുന്നുണ്ട്.
2026 ന്റെ ആദ്യ പാദത്തില്‍ കൊച്ചിയില്‍ ഏകദേശം 550 പുതിയ ഹൗസിംഗ് യൂണിറ്റുകളാണ് വിപണിയിലെത്തിയത്. ഇതില്‍ പകുതിയിലധികവും ഹൈ-എന്‍ഡ്, ലക്ഷ്വറി (Premium & Luxury) വിഭാഗത്തില്‍പ്പെടുന്നവയാണ്. പ്രീമിയം ഭവന നിര്‍മ്മാണത്തിലാണ് ഡെവലപ്പര്‍മാര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
വിലമതിപ്പിലും (Capital Appreciation) നഗരം മികച്ച മുന്നേറ്റമാണ് നടത്തുന്നത്. എം.ജി റോഡ്, മറൈന്‍ ഡ്രൈവ്, പനമ്പിള്ളി നഗര്‍ തുടങ്ങിയ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) മേഖലകളിലും ഇടപ്പള്ളി, പാലാരിവട്ടം, നെട്ടൂര്‍, വല്ലാര്‍പാടം തുടങ്ങിയ ഓഫ്-സിബിഡി മേഖലകളിലും വില്ലകളുടെയും ഫ്‌ളാറ്റുകളുടെയും വിലയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11 മുതല്‍ 13 ശതമാനം വരെ വര്‍ധനയുണ്ടായി. മരട്, കളമശ്ശേരി, കാക്കനാട്, സ്മാര്‍ട്ട് സിറ്റി മേഖലകളില്‍ ഇത് 10 മുതല്‍ 11 ശതമാനം വരെയാണ്.
വന്‍കിട മെട്രോ നഗരങ്ങളെ അപേക്ഷിച്ച് മികച്ച ജീവിതസാഹചര്യവും കുറഞ്ഞ ചെലവില്‍ ബിസിനസ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാകുന്നതിനാല്‍ കമ്പനികളുടെയും നിക്ഷേപകരുടെയും പ്രധാന കേന്ദ്രമായി കൊച്ചി അതിവേഗം മാറുകയാണെന്ന് കുഷ്മാന്‍ & വേക്ക്ഫീല്‍ഡ് എക്‌സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടര്‍ വീര ബാബു വ്യക്തമാക്കി.
Cushman & Wakefield report reveals Kochi's rapid transition into a leading Tier-II realty hub, powered by 18% growth in office leasing and surge in luxury housing launches.
Read DhanamOnline in English
Subscribe to Dhanam Magazine