പച്ചക്കറി വാങ്ങി കുടുംബ ബജറ്റ് ഒപ്പിക്കാമെന്ന് കരുതിയാല്‍ അതു നടക്കില്ല. ഇത്തിരി മീനോ ഇറച്ചിയോ വാങ്ങാമെന്ന് വെച്ചാല്‍ അതിനും വലിയ വില നല്‍കണം. ചുരുക്കത്തില്‍, അടുക്കളയില്‍ തീ പുകയ്ക്കാന്‍ കീശ കാലിയാക്കേണ്ട അവസ്ഥയിലാണ് ശരാശരി മലയാളി.
ട്രോളിംഗ് നിരോധനം, കോഴിത്തീറ്റ വിലയിലെ വര്‍ധന, തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനം, ചരക്കുകൂലി വര്‍ധന എന്നിവ ഒരേസമയം വിപണിയെ ബാധിച്ചതോടെ മീന്‍, ഇറച്ചി, മുട്ട, പച്ചക്കറി, അരി എന്നിവയുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഓണവിപണി സജീവമാകാനിരിക്കെ വിലക്കയറ്റം കുടുംബങ്ങളുടെയും ഹോട്ടല്‍ മേഖലയുടെയും ആശങ്ക വര്‍ധിപ്പിക്കുന്നു.
അരി ഭക്ഷണം കഴിക്കുന്ന മലയാളിക്ക് ആശങ്ക പകരുന്നതാണ് വിപണിയില്‍ നിന്നുള്ള വാര്‍ത്തകള്‍. കഴിഞ്ഞ രണ്ടുമാസത്തിനിടെ അരിവിലയില്‍ കിലോയ്ക്ക് 6 മുതല്‍ 8 രൂപ വരെ വര്‍ധനയുണ്ടായി. ഓണം എത്തുമ്പോഴേക്കും കിലോയ്ക്ക് ഇനിയും രണ്ടുരൂപ വരെ കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
കേരളത്തിലേക്ക് അരിയെത്തുന്നത് പ്രധാനമായും ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ്. മഴക്കുറവ് മൂലം ഇത്തവണ കൃഷിയിറക്കാന്‍ കര്‍ഷകര്‍ മടിക്കുകയാണ്. മണ്‍സൂണ്‍ ഇനിയും പിന്‍വാങ്ങി നിന്നാല്‍ അടുത്ത കൃഷിയിറക്കലും അവതാളത്തിലാകും. നെല്ല് ഉത്പാദനം കുറഞ്ഞാല്‍ കേരളത്തില്‍ അരിവില ഇനിയും വര്‍ധിക്കുമെന്ന് പവിഴം റൈസ് മാനേജിംഗ് ഡയറക്ടര്‍ എന്‍.പി ആന്റണി ധനംഓണ്‍ലൈനോട് പറഞ്ഞു.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പച്ചമീന്‍ ലഭ്യതയെയും വിലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന മത്തി, അയല, കിളി തുടങ്ങിയ മീനുകള്‍ക്കാണ് വില കുത്തനെ ഉയര്‍ന്നത്. കിലോയ്ക്ക് 160-200 രൂപ ആയിരുന്ന മത്തിയുടെ വില 260 രൂപയ്ക്ക് മുകളിലായി. അയലയുടെ വില 240ല്‍ നിന്ന് 340 ആയും കിളിമീന്‍ വില 240ല്‍ നിന്ന് 380 ആയും ഉയര്‍ന്നു.
കേരയുടെ വില കിലോയ്ക്ക് 360ല്‍ നിന്ന് 480 ആയി. ഓലക്കുടിക്ക് 380ല്‍ നിന്ന് 580 വരെയാണ് വില ഉയര്‍ന്നത്. വിലക്കയറ്റം ഉപഭോക്താക്കളെ മാത്രമല്ല, ചെറുകിട മീന്‍ കച്ചവടക്കാരെയും ബാധിക്കുന്നുണ്ട്. ഉയര്‍ന്ന വില കാരണം വില്‍പന കുറഞ്ഞതോടെ വ്യാപാരികളുടെ വരുമാനവും ഇടിഞ്ഞു.
മീന്‍വില ഉയര്‍ന്നതോടെ കോഴിയിറച്ചിയിലേക്ക് തിരിയുന്നവര്‍ക്കും ആശ്വാസമില്ല. ചില്ലറ വിപണിയില്‍ ബ്രോയിലര്‍ കോഴിയുടെ വില കിലോയ്ക്ക് 180 വരെ ഉയര്‍ന്നിട്ടുണ്ട്.
കോഴിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനയാണ് കോഴിവില ഉയരാനുള്ള പ്രധാന കാരണമെന്ന് ഫാം ഉടമകള്‍ പറയുന്നു. നേരത്തെ 1,350 രൂപ വരെ ഉണ്ടായിരുന്ന 50 കിലോഗ്രാമിന്റെ തീറ്റച്ചാക്കിന് ഇപ്പോള്‍ 1,850 രൂപ വരെ നല്കണം. തീറ്റവില കുറഞ്ഞില്ലെങ്കില്‍ ഇറച്ചിക്കോഴി വില ഇനി താഴേക്ക് വരാനുള്ള സാധ്യത കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ ഉത്പാദനം കുറഞ്ഞതോടെ മുട്ടവിലയും കൂടിയിട്ടുണ്ട്. സാധാരണ മുട്ടയുടെ വില ആറു രൂപയില്‍ നിന്ന് 8-9 രൂപ വരെയായി. നാടന്‍ മുട്ടയ്ക്കും വില ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഭൂരിഭാഗം പച്ചക്കറികള്‍ക്കും കിലോയ്ക്ക് 15 മുതല്‍ 30 വരെ വില ഉയര്‍ന്നിട്ടുണ്ട്. ചേമ്പ്, ബീന്‍സ്, തക്കാളി, സവാള, മുരിങ്ങയ്ക്ക തുടങ്ങിയ ഇനങ്ങളുടെ വിലവര്‍ധന കുടുംബങ്ങളെയും ഹോട്ടലുകളെയും ഒരുപോലെ ബാധിക്കുന്നു.
കിലോയ്ക്ക് 70 ആയിരുന്ന ചേമ്പിന് ഇപ്പോള്‍ 100 വരെ വിലയുണ്ട്. ബീന്‍സ് 80ല്‍ നിന്ന് 105 ആയും തക്കാളി 35ല്‍ നിന്ന് 48 ആയും ഉയര്‍ന്നു. അതേസമയം, ചില ഇനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുമുണ്ട്.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കൃഷിയുള്ള മേഖലകളില്‍ വിളവെടുപ്പ് സമയത്ത് കനത്ത മഴയാണ് ലഭിച്ചത്. ഇത് കൃഷിനാശത്തിന് കാരണമായി. കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറയാന്‍ ഇതു വഴിയൊരുക്കി. അതേസമയം, മുല്ലപ്പെരിയാര്‍ മേഖലയിലെ ജലലഭ്യത കുറഞ്ഞതും തമിഴ്നാട്ടിലെ കമ്പം മുതല്‍ തിരുച്ചിറപ്പള്ളി വരെയുള്ള കാര്‍ഷിക മേഖലകളിലെ ഉത്പാദനത്തെ ബാധിക്കുന്നുണ്ട്. ജലക്ഷാമം തുടരുകയാണെങ്കില്‍ വരും മാസങ്ങളിലും പച്ചക്കറി ലഭ്യത കുറയാനാണ് സാധ്യത.
കേരളത്തിലെ ശീതകാല പച്ചക്കറിയുടെ കേന്ദ്രമായ വട്ടവടയില്‍ ഇത്തവണ കൃഷി മോശമാണ്. മഴ തീര്‍ത്തും കുറഞ്ഞതും ചൂട് ഉയര്‍ന്നതും മൂലം കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്. ഓണത്തിനുള്ള പച്ചക്കറി വരവില്‍ വലിയ കുറവുണ്ടാകുമെന്ന് വട്ടവടയിലെ കര്‍ഷകനായ റോബിന്‍സ് അത്തിപ്പറമ്പില്‍ പറഞ്ഞു.
ഓണസീസണ്‍ അടുത്തെത്തിനില്‍ക്കെ വിപണിയിലെ വിലക്കയറ്റം ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കുന്നു. ഉത്സവകാല ആവശ്യകത ഉയരുന്നതോടെ പച്ചക്കറി, പലവ്യഞ്ജനം, മീന്‍, ഇറച്ചി തുടങ്ങിയവയുടെ വില ഇനിയും ഉയരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
സപ്ലൈകോയും പൊതുവിതരണ സംവിധാനങ്ങളും വഴി വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും അനിയന്ത്രിത വിലവര്‍ധന തടയാനും സര്‍ക്കാര്‍ നടപടി ശക്തമാക്കിയില്ലെങ്കില്‍ ഇത്തവണത്തെ ഓണം കുടുംബ ബജറ്റിന് വലിയ വെല്ലുവിളിയാകും.
Read DhanamOnline in English
Subscribe to Dhanam Magazine