Business Kerala

ഓണക്കാലത്ത് കേരളത്തില്‍ സ്വര്‍ണാഭരണ വില്‍പന ₹10,000 കോടി കടന്നേക്കും, വിലക്കയറ്റത്തിലും സജീവമായി ഉപഭോക്താക്കള്‍, 'ലൈറ്റ്‌വെയിറ്റ്' ട്രെന്‍ഡ് തുടരുന്നു

ഉയര്‍ന്ന നിരക്ക് വിറ്റുവരവ് കൂട്ടുമെങ്കിലും സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍; ഭാരം കുറഞ്ഞ ഡിസൈനുകള്‍ക്കും എക്‌സ്‌ചേഞ്ചുകള്‍ക്കും പ്രിയമേറുന്നു

Resya Raveendran

ഓണക്കാലത്ത് സംസ്ഥാനത്തെ സ്വര്‍ണാഭരണ വിപണിയില്‍ റെക്കോര്‍ഡ് വിറ്റുവരവ് പ്രതീക്ഷയുമായി വ്യാപാരികള്‍. ഇത്തവണത്തെ ഓണ സീസണില്‍ കേരളത്തിലെ സ്വര്‍ണവ്യാപാരം 10,000 കോടി രൂപ പിന്നിടുമെന്നാണ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (KGSMA) വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7,000 കോടി മുതല്‍ 8,000 കോടി രൂപ വരെയായിരുന്നു വിപണിയിലെ മൊത്തം വ്യാപാരം.

റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയരുന്ന സ്വര്‍ണവില തന്നെയാണ് മൂല്യത്തിന്റെ കാര്യത്തില്‍ വിപണിയെ ഈ വന്‍ തുകയിലേക്ക് നയിക്കുന്നത്. എന്നാല്‍, വിറ്റുവരവ് തുകയില്‍ വലിയ വര്‍ധന രേഖപ്പെടുത്തുമെങ്കിലും, ഉപഭോക്താക്കള്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവില്‍ (തൂക്കത്തില്‍) സമാനമായ കുതിച്ചുചാട്ടം ഉണ്ടായേക്കില്ലെന്നും വ്യാപാരികള്‍ പറയുന്നു.

കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കമാണ് ഇത്തവണത്തെ ചിങ്ങമാസത്തിലും ഓണക്കാലത്തും സ്വർണ്ണ വിപണിയിൽ ദൃശ്യമാകുന്നത്. പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ ആളുകൾ ഷോറൂമുകളിലേക്ക് എത്തുന്നതും വിൽപ്പന ഇരട്ടിയായി ഉയർന്നതും വ്യാപാരികളിൽ വലിയ ശുഭപ്രതീക്ഷയാണ് നൽകുന്നത്.
ഡോ.ബി ഗോവിന്ദന്‍, ചെയര്‍മാന്‍, ഭീമ ഗ്രൂപ്പ്‌

ലൈറ്റ്‌വെയിറ്റും എക്‌സ്‌ചേഞ്ചും ട്രെന്‍ഡ്

നിലവിലെ വിപണി സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ പര്‍ച്ചേസിംഗ് രീതികളില്‍ പ്രകടമായ മാറ്റങ്ങളുണ്ട്. പ്രധാനമായും പഴയ സ്വര്‍ണം മാറ്റി പുതിയ ആഭരണങ്ങള്‍ വാങ്ങുന്ന രീതിയിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ മാറുന്നുണ്ട്. അതോപോലെ വില വര്‍ധിച്ച പശ്ചാത്തലത്തില്‍ ഭാരം കുറഞ്ഞതും ലളിതവുമായ ഡിസൈനുകള്‍ക്ക് ആവശ്യക്കാരേറിതായും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഓണത്തോടൊപ്പം വരുന്ന വിവാഹ സീസണും വിപണിക്ക് ഉണര്‍വേകുന്നുണ്ട്. ചിങ്ങത്തില്‍ ധാരാളം വിവാഹങ്ങള്‍ നടക്കുന്ന മാസമാണ്. ഇതിനൊപ്പം ഓണം, വിവാഹം എന്നിവ ആഘോഷിക്കാനായി പ്രവാസികള്‍ എത്തുന്നതും വിപണിയിലെ ഡിമാന്‍ഡ് നിലനിര്‍ത്തുന്നുണ്ട്.

സാധാരണ ഓണക്കാലത്തുണ്ടാകുന്നതിനേക്കാള്‍ ആവശ്യം ചിങ്ങം തുടങ്ങിയപ്പോള്‍ മുതല്‍ കാണാനാകുന്നുണ്ടെന്നും ഇത് ഈ മേഖലയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി ഗോവിന്ദന്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു.

നാട്ടിലെ വിപണിയിലെ മുന്നേറ്റത്തോടൊപ്പം ഗള്‍ഫ് മേഖലയിലും സാന്നിധ്യം ശക്തമാക്കുകയാണ് ഭീമഗ്രൂപ്പ്. അബുദാബി, ഷാര്‍ജ തുടങ്ങിയ ഇടങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറക്കുകയാണ്. വരും മാസങ്ങളില്‍ നാട്ടിലും വിദേശത്തുമായി കൂടുതല്‍ ശാഖകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുന്നതായും ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു.

ഇത്തവണത്തെ മികച്ച കാലാവസ്ഥയും വിപണയിലെ പണലഭ്യതയും കാരണം ഓണവിപണിയില്‍ വലിയ പ്രതീക്ഷയാണുള്ളത്
സണ്ണി തോമസ്, മാനേജിംഗ് ഡയറക്ടര്‍, ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്‌

ആളുകള്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായിനിശ്ചിത ഗ്രാമിനേക്കാള്‍ അവരുടെ ബജറ്റിന് അനുയോജ്യമായ രീതിയില്‍ സ്വര്‍ണം വാങ്ങുന്ന രീതിയാണ് വിപണിയില്‍ ഇപ്പോള്‍ ദൃശ്യമാകുന്നതെന്ന് ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ സണ്ണി തോമസ് ധനം ഓണ്‍ലൈനിനോട് പറഞ്ഞു. പ്രത്യേകിച്ച് വിവാഹ ആവശ്യങ്ങള്‍ക്കായി വരുന്ന ഉപഭോക്താക്കള്‍ക്കിടയില്‍, ചടങ്ങുകള്‍ക്ക് ശേഷവും വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന 'ലൈറ്റ് വെയ്റ്റ്' പേയറിംഗ് നെക്ലസുകള്‍ക്കാണ് (Pairing Necklaces) കൂടുതല്‍ പ്രിയം. കേരളത്തിലെ ഏറ്റവും വലിയ ലൈറ്റ് വെയിറ്റ് വെഡ്ഡിംഗ് ജുവലറി എന്ന ടാഗ്‌ലൈനുമായാണ് ഇടിമണ്ണിക്കലിന്റെ പുതിയ ഷോറൂം കൊച്ചിയില്‍ തുറന്നിരിക്കുന്നത്.

ചെറുകിട വ്യാപാരികള്‍ക്ക് വെല്ലുവിളി

വലിയ വിറ്റുവരവ് കണക്കാക്കുമ്പോഴും സാധാരണക്കാരായ ചെറുകിട-ഇടത്തരം സ്വര്‍ണ വ്യാപാരികള്‍ക്ക് നിലവിലെ അന്തരീക്ഷം അത്ര അനുകൂലമല്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ഉയര്‍ന്ന സ്വര്‍ണവിലയ്ക്ക് പുറമെ, ഷോപ്പുകളുടെ പ്രവര്‍ത്തനച്ചെലവും നിയമപരമായ ചെലവുകളും (compliance costs) ഉയര്‍ന്നത് ഇവരുടെ ലാഭവിഹിതത്തെ ബാധിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ മേഖലയ്ക്ക് സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പിന്തുണ വേണമെന്ന് കെജിഎസ്എംഎ ആവശ്യപ്പെട്ടു.

**10,000 കോടി രൂപ എന്നത് ഒരു ഔദ്യോഗിക കണക്കല്ല, നിലവിലെ വിപണി ട്രെന്‍ഡുകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ മാത്രമാണ്. ഓഗസ്റ്റ് 20-ലെ കണക്കനുസരിച്ച് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14,600 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

Driven by record bullion prices, Kerala's festive gold trade is projected to hit landmark revenues, though actual volume consumption may stay muted.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT