വരാനിരിക്കുന്ന ഓണം സീസണില്‍ ചെറു ഗാര്‍ഹിക ഉപകരണ (SDA) വിഭാഗത്തില്‍ 50 ശതമാനം വില്‍പ്പന വളര്‍ച്ച ലക്ഷ്യമിട്ട് പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ ബി.എസ്.എച്ച് (Bosch & Siemens) ഹോം അപ്ലയന്‍സസ്. കേരള വിപണിയിലെ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായി മിക്സര്‍ ഗ്രൈന്‍ഡറുകള്‍, ഫുഡ് പ്രോസസറുകള്‍, എയര്‍ ഫ്രയറുകള്‍ എന്നിവയുടെ വിപുലമായ നിര കമ്പനി വിപണിയിലെത്തിച്ചു.
ഗാര്‍ഹിക ഉപകരണ വിപണിയില്‍ ബി.എസ്.എച്ചിന് ഏറ്റവും ഉയര്‍ന്ന വിപണി വിഹിതമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ബി.എസ്.എച്ച് ഹോം അപ്ലയന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സെയ്ഫ് ഖാന്‍ പറഞ്ഞു. വോളിയം അടിസ്ഥാനത്തില്‍ 8 ശതമാനവും മൂല്യാടിസ്ഥാനത്തില്‍ 13 ശതമാനവും വിപണി വിഹിതം നിലവില്‍ കേരളത്തില്‍ കമ്പനിക്കുണ്ട്.
കേരളത്തിലെ സ്മാള്‍ അപ്ലയന്‍സ് വിപണിയുടെ ആകെ വലുപ്പം 1,500 കോടി മുതല്‍ 2,000 കോടി രൂപ വരെയാണ്. ഈ വര്‍ഷം മിക്സര്‍ ഗ്രൈന്‍ഡര്‍ വിഭാഗത്തില്‍ 5 ശതമാനം വിപണി വിഹിതം നേടാനും, 2030-ഓടെ ഇന്ത്യയിലെ എയര്‍ ഫ്രയര്‍ വിപണിയില്‍ രണ്ടാം സ്ഥാനത്ത് എത്താനുമാണ് കമ്പനി പദ്ധതിയിടുന്നത്.
അടുക്കളയില്‍ ഓരോ ആവശ്യത്തിനും പ്രത്യേക ഉപകരണങ്ങള്‍ വാങ്ങുന്നതിന് പകരം മിക്സര്‍ ഗ്രൈന്‍ഡര്‍, ഫുഡ് പ്രോസസര്‍, ബ്ലെന്‍ഡര്‍ എന്നിവ സംയോജിപ്പിച്ചുള്ള മള്‍ട്ടി-ഫങ്ഷണല്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രിയമേറുന്നതെന്ന് ബി.എസ്.എച്ച് സ്മാള്‍ ഡൊമസ്റ്റിക് അപ്ലയന്‍സ് വിഭാഗം കണ്‍ട്രി ഹെഡ് ശ്രീപ്രിയ ആദര്‍ശ് പറഞ്ഞു.
ആരോഗ്യകരമായ പാചകരീതികളിലേക്ക് ആളുകള്‍ മാറുന്നത് എയര്‍ ഫ്രയറുകള്‍ക്കും ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ക്കുമുള്ള പ്രിയം കൂട്ടുന്നുണ്ട്. റോബോട്ടിക് വാക്വം ക്ലീനറുകള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഉപകരണങ്ങളും കമ്പനി വൈകാതെ അവതരിപ്പിക്കും. ഉല്‍പ്പന്നങ്ങളില്‍ പ്രായോഗികതയ്ക്കാണ് ബി.എസ്.എച്ച് മുന്‍തൂക്കം നല്‍കുന്നത്. 40-50 മിനിറ്റ് വരെ നീളുന്ന പാചക പ്രക്രിയകളില്‍ പ്രയോജനപ്പെടുന്ന ഐ.ഒ.ടി (IoT) സെന്‌സറുകളും ഡിജിറ്റല്‍ റെസിപ്പി സ്റ്റോറേജും ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും ശ്രീപ്രിയ ധനം ഓണ്‍ലൈനിനോട് വ്യക്തമാക്കി.
ഇന്ത്യയില്‍ വില്‍ക്കുന്ന ബി.എസ്.എച്ച് ചെറു ഗാര്‍ഹിക ഉപകരണങ്ങളില്‍ 90 ശതമാനവും രാജ്യത്ത് തന്നെയാണ് നിര്‍മ്മിക്കുന്നത്. ബെംഗളൂരുവില്‍ ഇന്നൊവേഷന്‍ ലാബും ചെന്നൈയില്‍ വലിയ ഉത്പാദന കേന്ദ്രവും കമ്പനിക്കുണ്ട്. 48 മണിക്കൂറിനുള്ളില്‍ പരാതികള്‍ പരിഹരിക്കുന്ന തരത്തില്‍ ആഫ്റ്റര്‍ സെയില്‍സ് സേവനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകള്‍ പ്രാദേശികമായി ലഭ്യമാക്കിയിട്ടുണ്ടെന്നും സെയ്ഫ് ഖാന്‍ കൂട്ടിച്ചേര്ത്തു.
ഓണക്കാലത്ത് തിരഞ്ഞെടുക്കപ്പെട്ട ബോഷ് മിക്സര്‍ ഗ്രൈന്ഡറുകള്‍, എയര് ഫ്രയറുകള്‍ എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഉറപ്പുള്ള സമ്മാനങ്ങളും എക്സ്‌ചേഞ്ച്-ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. നിലവിലുള്ള മിക്സർ ഗ്രൈൻഡർ എക്സ്ചേഞ്ച് ചെയ്യാനും Bosch സെലക്ട് മോഡലുകളിൽ 35 ശതമാനം വരെ കിഴിവ് നേടാനും കഴിയും. 10 ലക്ഷം രൂപയുടെ ഇലക്ട്രിക് കാര്‍ ഉള്‍പ്പെടെയുള്ള ബമ്പര്‍ സമ്മാനങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine