bank account fraud
Business Kerala

പാര്‍ട്ട് ടൈം ജോലിയും കമ്മീഷനും വാഗ്ദാനം, യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് 'മ്യൂള്‍ അക്കൗണ്ട്' തട്ടിപ്പ് വ്യാപകം

ബാങ്ക് അക്കൗണ്ട് മറ്റുള്ളവര്‍ക്ക് ഇടപാടു നടത്താന്‍ നല്‍കുന്നവര്‍ ജാഗ്രതൈ

Dhanam News Desk

ഓണ്‍ലൈന്‍ തട്ടിപ്പിലെ പുതിയ താരമാണ് മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ്. ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് വാങ്ങി തട്ടിപ്പ് നടത്തുന്നതിനെയാണ് മ്യൂള്‍ അക്കൗണ്ട് തട്ടിപ്പ് എന്ന് പറയുന്നത്. അക്കൗണ്ട് വാടകക്ക് നല്‍കിയാല്‍ ട്രേഡിങ് നടത്തി വലിയ തുക സമ്പാദിക്കാമെന്നും മറ്റുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റുള്ളവരുടെ അക്കൗണ്ടും ഫോണ്‍ നമ്പറുകളും കൈവശപ്പെടുത്തിയുമാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘം ഇപ്പോള്‍ വ്യാപകമാകുന്നത്.

വയനാട്ടില്‍ 500 ഓളം യുവാക്കളാണ് ഈ തരത്തിലുള്ള സൈബര്‍ തട്ടിപ്പുകാരുടെ കെണിയില്‍ പെട്ടത്. ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നല്‍കി കെണിയില്‍പെട്ടവര്‍ പരാതിയുമായി മുന്നോട്ടു വരാത്തതുമൂലം ഇടനിലക്കാരെ കണ്ടെത്താന്‍ സാധിക്കാതെ വരുന്നുണ്ട്. നാഗാലാന്‍ഡ്, ലക്‌നൗ, ഡെറാഡൂണ്‍ എന്നിവിടങ്ങളിലെ സൈബര്‍ പൊലീസാണ് വയനാട്ടിലെ വയനാട്ടിലെ പല ഇടങ്ങളിലായി കേസെടുത്തിരിക്കുന്നത്. ഇടനിലക്കാരെ ഭയന്ന് പലരും പരാതി പറയാന്‍ തയാറാകുന്നില്ല.

പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍ ജോലികള്‍ വാദ്ഗാനം

സാമൂഹികമാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നത് വ്യാപകമാണ്. 5,000 മുതല്‍ 10,000 രൂപ വരെ നല്‍കി അക്കൗണ്ട് വാടകക്ക് എടുക്കുന്ന സംഘം മറ്റ് സംസ്ഥാനങ്ങളിലെ തട്ടിപ്പുകള്‍ക്കായി ഇവ ഉപയോഗപ്പെടുത്തുന്നു.

സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും ഉള്ളവര്‍ക്ക് ജോലി നല്‍കുന്നതാണ് തട്ടിപ്പുസംഘത്തിന്റെ മറ്റൊരു രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമ്മീഷന്‍ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടില്‍ അയച്ചു നല്‍കുകയെന്നതാണ് ജോലി. ഉയര്‍ന്ന കമ്മീഷനാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ മ്യൂള്‍ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ലാത്ത പലരും, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ തങ്ങള്‍ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. ഇത്തരം സൈബര്‍ തട്ടിപ്പുസംഘത്തിന്റെ വലയില്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും അതീവജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. താത്കാലിക ലാഭത്തിനു വേണ്ടി ചെറുപ്പക്കാരും കോളേജ് വിദ്യാര്‍ത്ഥികളും ഇത്തരം തട്ടിപ്പില്‍ പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുതെന്നും ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ശ്രദ്ധയിപ്പെട്ടാല്‍ ഉടന്‍ തന്നെ വിവരം 1930 ല്‍ അറിയിക്കണമെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT