കേരള ബ്രാന്‍ഡായ ഈസ്റ്റേണിന്റെയും കര്‍ണാടക ബ്രാന്‍ഡായ എം.ടി.ആറിന്റെയും മാതൃ കമ്പനിയായ ഓര്‍ക്‌ല ഇന്ത്യ ഐ.പി.ഒയ്ക്ക് വിപണിയില്‍ മികച്ച പ്രതികരണം. രണ്ടാം ദിനമായ ഇന്ന് ഐ.പി.ഒ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. മൊത്തം 1,59,99,104 ഓഹരികളാണ് ഐ.പി.ഒയില്‍ വില്‍പ്പനയ്ക്ക് വച്ചത്. അപേക്ഷകള്‍ ലഭിച്ചത് 2,06,12,520 ഓഹരികള്‍ക്ക്. രാവില 11.27 വരെയുള്ള എന്‍.എസ്.ഇയുടെ കണ്‍സോളിഡേറ്റഡ് ഡേറ്റയനുസരിച്ച് 1.29 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് ഐ.പി.ഒ നേടിയത്.
സ്ഥാപക ഇതര നിക്ഷേപകര്‍ക്കായി നീക്കി വച്ച ഓഹരികള്‍ 2.84 മടങ്ങും ചെറുകിട നിക്ഷേപകര്‍ക്കുള്ളത് 1.33 മടങ്ങും അപേക്ഷ ലഭിച്ചു. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങള്‍ (QIBs) രണ്ട് ശതമാനം സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്.
നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ മാത്രം അടങ്ങുന്നതാണ് ഐ.പി.ഒ. ഒ.എഫ്.എസ് വഴി മാത്രമാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുന്നതിനാല്‍ കമ്പനിക്ക് ഇതില്‍ നിന്ന് സമാഹരിക്കുന്ന തുകയില്‍ യാതൊരു പങ്കുമുണ്ടാകില്ല. ഓഹരിയുടമകള്‍ക്ക് മാത്രമാകും തുക ലഭിക്കുക.
പ്രമോട്ടര്‍ കമ്പനിയായ ഓര്‍ക്‌ല ഏഷ്യ പസഫിക് കൂടാതെ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സിന്റെ പ്രമോട്ടര്‍മാരായിരുന്ന നവാസ് മീരാനും ഫിറോസ് മീരാനും ഐ.പി.ഒയില്‍ ഓഹരി വിറ്റഴിക്കുന്നുണ്ട്. നവാസ് മീരാനും ഫിറോസ് മീരാനും ഓര്‍ക്‌ല ഇന്ത്യയില്‍ 5 ശതമാനം വീതം ഓഹരികളുണ്ട്. നോര്‍വീജിയന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ഓര്‍ക്‌ലയുടെ കൈവശമാണ് ബാക്കി 90 ശതമാനം.
മീരാന്‍ സഹോദരങ്ങളുടെ 10 ശതമാനം ഓഹരിവിഹിതം എന്നു പറയുന്നത് 1.37 കോടി ഓഹരികള്‍ വരും. ഇതില്‍ 22.8 ലക്ഷം ഓഹരികളാണ്, അതായത് 1.7 ശതമാനം ഓഹരിയാണ് ഇരുവരും ചേര്‍ന്ന് ഐ.പി.ഒയില്‍ വിറ്റഴിക്കുക. ബാക്കിയുള്ള 1.14 കോടി ഓഹരികള്‍ (8.3 ശതമാനം) കമ്പനിയില്‍ നിലനിര്‍ത്തും. ഐ.പി.യുടെ അപ്പര്‍പ്രൈസ് ബാന്‍ഡ് അനുസരിച്ച് ഓഹരി വില്‍പ്പന വഴി വഴി ഇരുവര്‍ക്കുമായി 167 കോടി രൂപ ലഭിക്കും.
2020ലാണ് ഓര്‍ക്‌ല ഇന്ത്യ ഈസ്‌റ്റേണ്‍ കോണ്‍മെന്റ്‌സിന്റെ 67.8 ശതമാനം ഓഹരികള്‍ 1,356 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നത്. കമ്പനിക്ക് 2,000 കോടി രൂപ മൂല്യം കണക്കാക്കിയായിരുന്നു ഇത്. മൊത്തം 67.8 ശതമാനം ഓഹരികളില്‍ 41.8 ശതമാനം ഓഹരികളാണ് മീരാന്‍ സഹോദരന്‍മാര്‍ അന്ന് വിറ്റഴിച്ചത്. അമേരിക്കന്‍ ഫുഡ് കമ്പനിയായ മകോര്‍മിക് 26 ശതമാനം ഓഹരിയും വിറ്റു. 2023ല്‍ ഓര്‍ക്‌ല ഇന്ത്യയുമായി ഈസ്‌റ്റേണിനെ ലയിപ്പിക്കുന്നതുവരെ മീരാന്‍ സഹോദരങ്ങള്‍ക്ക് 32.2 ശതമാനം ഓഹരികളുണ്ടായിരുന്നു. ലയനത്തിനു ശേഷം ഓര്‍ക്‌ല ഇന്ത്യയില്‍ 10 ശതമാനം ഓഹരികള്‍ അനുവദിക്കുകയായിരുന്നു.
ഐ.പി.ഒയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് ഓര്‍ക്ല 500 കോടി രൂപ നിക്ഷേപം സമാഹരിച്ചിരുന്നു. 1,667.54 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന ഐ.പി.ഒ നാളെ (ഒക്ടോബര്‍ 31) അവസാനിക്കും.
നാളെ വൈകുന്നേരം അഞ്ച് മണി വരെ നിക്ഷേപകര്‍ക്ക് ഐ.പി.ഒയ്ക്കായി അപേക്ഷിക്കാനാകും. അപേക്ഷിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പ് വഴിയാകും യോഗ്യരായവരെ കണ്ടെത്തി ഓഹരികള്‍ അനുവദിക്കുക.
വിവിധ സ്‌റ്റോക്ക് ബ്രോക്കറേജുകള്‍ ഐ.പി.ഒയ്ക്ക് റേറ്റിംഗ് നല്‍കിയിട്ടുണ്ട്. 730 രൂപ എന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍, ഓര്‍ക്‌ലയുടെ പി/ഇ അനുപാതം (FY26E വാര്‍ഷിക കണക്കിന്) 31.7 മടങ്ങാണ്. സമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ന്യായമായ മൂല്യനിര്‍ണയമാണെന്ന് ജിയോജിത്തിന്റെ ഐ.പി.ഒ നോട്ടില്‍ പറയുന്നു. ശക്തമായ ബാലന്‍സ് ഷീറ്റ്, സ്ഥിരമായ കാഷ് ഫ്ളോ, നയപരമായ പിന്തുണ, പ്രാദേശിക ബ്രാന്‍ഡുകളിലേക്കുള്ള ശ്രദ്ധ, ഉല്‍പന്ന നവീകരണം, ശക്തമായ വിതരണ ശൃംഖല, കൂടാതെ ജിഎസ്ടിയിലെ കുറവ്, ഉപഭോക്തൃ ആത്മവിശ്വാസം കൂടിയത് എന്നിവ ഭക്ഷ്യ ഉത്പന്ന വിഭാഗത്തില്‍ വളര്‍ച്ചാ സാധ്യത നല്‍കുന്നുണ്ട്. അതിനാല്‍, ദീര്‍ഘകാലത്തിലേക്ക് നിക്ഷേപകര്‍ക്ക് പരിഗണിക്കാമെന്ന് ഐ.പി.ഒ നോട്ട് പറയുന്നു. ഐ.പി.ഒയ്ക്ക് സബ്‌സ്‌ക്രൈബ് റേറ്റിംഗ് ആണ് ജിയോജിത് നല്‍കിയിരിക്കുന്നത്.
മറ്റൊരു ബ്രോക്കറേജ് ആയ ആനന്ദ് റാഠിയും ഐ.പി.ഒയ്ക്ക് 'സബ്‌സ്‌ക്രൈബ് -ലോംഗ്‌ടേം' റേറ്റിംഗ് ആണ് നല്‍കുന്നത്.
നിലവില്‍ അനൗദ്യോഗിക വിപണിയില്‍ ഓര്‍ക്‌ല ഓഹരികള്‍ 9.32 ശതമാനം പ്രീമിയത്തിലാണ് വ്യാപാരം നടത്തുന്നത്. അതായത് 798 രൂപയില്‍. ഐ.പി.ഒയിലെ അപ്പര്‍ പ്രൈസ് ബാന്‍ഡ് 730 രൂപയാണ്. നവംബര്‍ ആറിനാണ് ഓര്‍ക്‌ല ഇന്ത്യ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുക.
Orkla India IPO fully subscribed on Day 2; Meeran brothers to receive ₹167 crore from share sale.
Read DhanamOnline in English
Subscribe to Dhanam Magazine