ഓക്സിജൻ ഡിജിറ്റൽ സി.ഇ.ഒ ഷിജോ കെ. തോമസ്, വൈസ് പ്രസിഡൻ്റ് പ്രവീൺ പ്രകാശ് 
Business Kerala

കഠിനാധ്വാനത്തിന്റെ വിലയേറിയ അംഗീകാരം; 25 വർഷത്തെ സേവനത്തിന് ഓക്സിജൻ വൈസ് പ്രസിഡൻ്റിന് ബി.എം.ഡബ്ല്യു കാർ സമ്മാനമായി നൽകി സി.ഇ.ഒ ഷിജോ കെ. തോമസ്

ഓക്സിജൻ ഡിജിറ്റൽ ഷോപ്പിംഗിൽ 25 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരന്, കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി ബി.എം.ഡബ്ല്യു കാർ സമ്മാനമായി നൽകി കമ്പനി സി.ഇ.ഒ.

Dhanam News Desk

താഴേത്തട്ടിൽ നിന്ന് കഠിനാധ്വാനത്തിലൂടെ ഉയരങ്ങൾ കീഴടക്കിയ പ്രിയ സഹപ്രവർത്തകന് ബി.എം.ഡബ്ല്യു (BMW) കാർ സമ്മാനമായി നൽകി ഓക്സിജൻ ഡിജിറ്റൽ ഷോപ്പിംഗ്. ഓക്സിജനിൽ 25 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കിയ വൈസ് പ്രസിഡൻ്റ് പ്രവീൺ പ്രകാശിനാണ്, കമ്പനി സി.ഇ.ഒ ഷിജോ കെ. തോമസ് ആഡംബര കാർ സമ്മാനമായി നൽകിയത്.

തൻ്റെ 19-ാം വയസ്സിൽ ഒരു സാധാരണ ടെക്നീഷ്യനായാണ് പ്രവീൺ പ്രകാശ് ഓക്സിജൻ്റെ ഭാഗമാകുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കമ്പനിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, തൻ്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് വൈസ് പ്രസിഡൻ്റ് എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. ഒരു സാധാരണ ജീവനക്കാരനിൽ നിന്നും സ്ഥാപനത്തിൻ്റെ നേതൃനിരയിലേക്ക് ഒരാൾ വളരുന്നത് മറ്റുള്ളവർക്ക് വലിയൊരു പ്രചോദനമാണെന്ന് സി.ഇ.ഒ ഷിജോ കെ. തോമസ് പറഞ്ഞു.

ഓരോ ജീവനക്കാരനും നൽകുന്ന മൂല്യമാണ് ഒരു സ്ഥാപനത്തിൻ്റെ വിജയരഹസ്യമെന്ന് ചടങ്ങിൽ ഷിജോ കെ. തോമസ് വ്യക്തമാക്കി. ജീവനക്കാരാണ് ഓക്സിജൻ്റെ യഥാർത്ഥ നട്ടെല്ല്. അവരുടെ വളർച്ചയും സന്തോഷവുമാണ് കമ്പനിയുടെ വിജയം. പ്രവീണിനെപ്പോലെ ദീർഘകാലം സ്ഥാപനത്തോടൊപ്പം നിൽക്കുന്ന ജീവനക്കാർ തങ്ങളുടെ നേതൃത്വത്തിലും ടീം മാനേജ്‌മെൻ്റിലുമുള്ള വിശ്വാസത്തിൻ്റെ അടയാളമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവനക്കാരെ കേവലം തൊഴിലാളികളായല്ല, മറിച്ച് കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന ഓക്സിജൻ്റെ പ്രവർത്തനശൈലിക്ക് വലിയ അംഗീകാരമാണ് ഈ നടപടി. കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം നൽകുന്നതിലൂടെ തൊഴിൽ മേഖലയിൽ പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണ് ഓക്സിജൻ ഡിജിറ്റൽ ഷോപ്പിംഗ്. കോട്ടയത്ത് നടന്ന ചടങ്ങിൽ ഓക്സിജൻ്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കുചേർന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT