Business Kerala

ഓൺ-ദി-സ്പോട്ട് ഫണ്ടിംഗ്, സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപുകള്‍ക്കുമായി ടൈക്കോൺ 'പിച്ച് ബേ'

പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണയും മെന്റർഷിപ്പും മാർഗ്ഗനിർദ്ദേശവും

Dhanam News Desk

പുതിയ സംരംഭകർക്കും പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും ജൂറിക്ക് മുന്നിൽ അവരുടെ നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും ഓൺ-ദി-സ്പോട്ട് ഫണ്ടിംഗ് അവസരങ്ങൾ നേടാനുമുള്ള തത്സമയ വേദിയായ പിച്ച് ബേ ഈ വർഷത്തെ ടൈക്കോൺ കേരളയുടെ പ്രധാന ആകർഷണമാവും.

നിക്ഷേപകരും, വ്യവസായ പ്രമുഖരുമടങ്ങുന്ന സംഘമാണ് നവംബർ 21, 22 തിയ്യതികളിലായി നടക്കുന്ന സംരംഭക സമ്മേളനത്തിൽ പിച്ച് ബേ സെഷന് നേതൃത്വം നൽകുന്നത്. ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ്; ഗ്രൂപ്പ് മീരാൻ ചെയർമാനും സിഇഒയുമായ നവാസ് എം. മീരാൻ; സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്; നെസ്റ്റ് ഡിജിറ്റൽ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നസ്നീൻ ജഹാംഗീർ; എംഎൻ ഹോൾഡിംഗ്സ് ചെയർമാൻ അജിത് മൂപ്പൻ; വെസ്റ്റേൺ ഇന്ത്യ കാഷ്യൂ കമ്പനി പ്രസിഡന്റ് ഹരി കൃഷ്ണൻ നായർ എന്നിവർ ഉൾപ്പെട്ടതാണ് ജൂറി.

പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണയും മെന്റർഷിപ്പും മാർഗ്ഗനിർദ്ദേശവും നൽകുന്നതിനായി നിക്ഷേപകരുമായി നേരിട്ട് ഇടപഴകുന്നതിന് വേദി നൽകുക എന്നതാണ് പിച്ച് ബേ ലക്ഷ്യമിടുന്നതെന്ന് ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. ടീംവൺ അഡ്വൈർട്ടൈസിങ്ങ് എംഡി വിനോദിനി സുകുമാറും, മെഡിജെൻ ഫാർമ മാനേജിങ്ങ് ഡയറക്ടർ രാഹുൽ അബ്രഹാം മാമനും പിച്ച് ബേ സെഷന് നേതൃത്വം നൽകും.

കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപകർ നൂതന ആശയങ്ങളെ പിന്തുണയ്ക്കുന്ന വേദിയാണിത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അഞ്ച് സ്റ്റാർട്ടപ്പുുകൾക്ക് മികച്ച നേട്ടം ഇതുവഴി ലഭിക്കും, ടൈ കേരള വൈസ് പ്രസിഡന്റും ടൈകോൺ കേരള 2025 ചെയറുമായ ഡോ. ജീമോൻ കോര പറഞ്ഞു.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് ഒക്ടോബർ 31-നകം https://www.keralaangelnetwork.com/investors എന്ന വെബ് ലിങ്ക് വഴി അപേക്ഷിക്കാം. 9074238011 എന്ന നമ്പറിലും ബന്ധപ്പെടാം.

കുറഞ്ഞത് ഒരു ലക്ഷം രൂപ പ്രതിമാസ വരുമാനം രേഖപ്പെടുത്തുന്ന സംരംഭങ്ങൾക്കും അതിനൂതന പ്രോജക്ടുകൾക്കും മുൻഗണന നൽകും.

Pitch Bay at TiEcon Kerala offers on-the-spot funding opportunities for emerging startups.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT