വൈദ്യുതി ബില്ലുകള്‍ കുതിച്ചുയരുന്ന കാലത്ത് വീടുകളെ ലാഭകരമായ 'പവര്‍ ഹൗസുകളാക്കി' മാറ്റാനാണ് എല്ലാവരും ഇന്ന് ആഗ്രഹിക്കുന്നത്. എന്നാല്‍ സോളാര്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുമ്പോള്‍ പലരെയും കുഴപ്പിക്കുന്നത് ഏത് സിസ്റ്റം തിരഞ്ഞെടുക്കണം എന്നതിലെ അവ്യക്തതയാണ്. ഓണ്‍ഗ്രിഡ്, ഓഫ്ഗ്രിഡ്, ഹൈബ്രിഡ് എന്നിങ്ങനെ വിപണിയിലുള്ള ഓപ്ഷനുകളില്‍ നിങ്ങളുടെ വീടിന് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് തിരിച്ചറിയുകയാണ് ആദ്യപടി.
സോളാര്‍ സിസ്റ്റങ്ങളെ അവയുടെ പ്രവര്‍ത്തനരീതി അനുസരിച്ചാണ് മൂന്നായി തിരിച്ചിരിക്കുന്നത്.
1. ഓണ്‍-ഗ്രിഡ് സോളാര്‍ (On-Grid Solar)
കെ.എസ്.ഇ.ബി ലൈനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന സിസ്റ്റമാണിത്. ഇതില്‍ ബാറ്ററി ഉപയോഗിക്കുന്നില്ല, അതിനാല്‍ പകല്‍ സമയത്ത് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കാന്‍ സാധിക്കും (നെറ്റ് മീറ്ററിംഗ് വഴി).
കെ.എസ്.ഇ.ബി ലൈനില്‍ കറണ്ട് പോകുന്ന സമയത്ത് സുരക്ഷാ കാരണങ്ങളാല്‍ ഈ സിസ്റ്റം പ്രവര്‍ത്തിക്കില്ല, അതിനാല്‍ വീട്ടില്‍ വൈദ്യുതി ഉണ്ടാവില്ല.
കറണ്ട് ബില്ല് ഗണ്യമായി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എസി, ഹീറ്റര്‍ തുടങ്ങിയ വലിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും ഇത് അനുയോജ്യമാണ്.
2. ഓഫ്-ഗ്രിഡ് സോളാര്‍ (Off-Grid Solar)
സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതി ബാറ്ററികളില്‍ ശേഖരിച്ചു വെക്കുന്ന രീതിയാണിത്. കെ.എസ്.ഇ.ബി കറണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും ബാറ്ററിയില്‍ ചാര്‍ജ് ഉള്ളിടത്തോളം കാലം വീട്ടില്‍ വൈദ്യുതി ലഭിക്കും.
ചെറിയ കറണ്ട് ബില്ല് വരുന്നവര്‍ക്കും (ഏകദേശം 2000 രൂപയില്‍ താഴെ), അത്യാവശ്യം ബാക്കപ്പ് വേണ്ടവര്‍ക്കും ഇത് നല്ലതാണ്. ബാറ്ററികള്‍ 4-5 വര്‍ഷം കൂടുമ്പോള്‍ മാറ്റേണ്ടി വരുന്നത് ഇതിന്റെ അധിക ചെലവായി കണക്കാക്കാം.
3. ഹൈബ്രിഡ് സോളാര്‍ (Hybrid Solar)
ഓണ്‍-ഗ്രിഡിന്റെയും ഓഫ്-ഗ്രിഡിന്റെയും ഗുണങ്ങള്‍ ചേര്‍ന്ന സിസ്റ്റമാണിത്. ഇതില്‍ ബാറ്ററിയും ഉണ്ടായിരിക്കും, ഒപ്പം കെ.എസ്.ഇ.ബി ഗ്രിഡുമായി ബന്ധിപ്പിക്കുകയും ചെയ്യാം. കറണ്ട് പോകുന്ന സമയത്ത് ബാറ്ററി ബാക്കപ്പ് ലഭിക്കുകയും, അധികം വരുന്ന വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യാം.
വൈദ്യുതി ബില്ല് മാത്രം കുറയ്ക്കാന്‍ ആണെങ്കില്‍ ഓണ്‍-ഗ്രിഡ് തിരഞ്ഞെടുക്കാം. കറണ്ട് ഇടയ്ക്കിടെ പോകുന്ന സ്ഥലമാണെങ്കില്‍ ബാക്കപ്പിനായി ഓഫ്-ഗ്രിഡ് അല്ലെങ്കില്‍ ഹൈബ്രിഡ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ചുരുക്കത്തില്‍ വൈദ്യുതി ബില്ല് കുറയ്ക്കാന്‍ ഓണ്‍-ഗ്രിഡ് സിസ്റ്റവും, തടസമില്ലാത്ത വൈദ്യുതി ബാക്കപ്പ് ആഗ്രഹിക്കുന്നവര്‍ ഓഫ്-ഗ്രിഡ് അല്ലെങ്കില്‍ ഹൈബ്രിഡ് സിസ്റ്റവും തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം.
ഓണ്‍ഗ്രിഡ് ആണെങ്കില്‍ മൂന്ന് കിലോവാട്ട് ആണ് പ്രിഫര്‍ ചെയ്യുന്നത്. ഇതിന് 1.30 മുതല്‍ 2 ലക്ഷം വരെ ചെലവ് വരും. മൂന്ന് കിലോവാട്ടിന് മുകളില്‍ ആണെങ്കില്‍ 3 ഫേസ് കണക്ഷന്‍ വേണ്ടതുണ്ട്.
ഓഫ് ഗ്രിഡ് ആണെങ്കില്‍ 6 കിലോവാട്ട് ഇന്‍വെര്‍ട്ടര്‍, 2 കിലോവാട്ട് (2kw) സോളാര്‍ പാനല്‍, 80Ah 72V ലിഥിയം ബാറ്ററി എന്നിവ ഉള്ളതാണ് അനുയോജ്യം. ഇതിന് ഏകദേശം 2.5 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെ ചെലവ് വരും.
അതേസമയം, ഹൈബ്രിഡിന് ഓഫ്ഗ്രിഡുമായി നോക്കുമ്പോള്‍ 1.50 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ കൂടുതലായി ചെലവ് വരും.
വീട്ടിലെ കറന്റിന്റെ ഉപയോഗത്തിന് അനുസരിച്ചാണ് സോളാര്‍ വയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. പ്രതിമാസം 1,000 രൂപയ്ക്ക് മുകൡ ബില്ല് വരുന്നവരാണെങ്കില്‍ സോളാര്‍ വയ്ക്കുന്നതാണ് അനുയോജ്യമെന്ന് റെനര്‍ജി സോളാറിന്റെ എം.ഡി റോയ് ക്രിസ്റ്റി പറയുന്നു.
സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി ലഭ്യമാണ്. പി.എം.സൂര്യഘര്‍ പദ്ധതി പ്രകാരമാണ് ഇത് ലഭിക്കുക. സോളാര്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പി.എം. സൂര്യഘര്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 1,400 ഓളം വെണ്ടര്‍മാരില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായവപമായവരെ തിരഞ്ഞെടുക്കാം. സോളാര്‍ സ്ഥാപിക്കാനായി കോളാറ്റര്‍ ഒന്നും നല്‍കാതെ തന്നെ രണ്ട് ലക്ഷം രൂപ വരെ ആറ് ശതമാനത്തിനടുത്ത് പലിശ നിരക്കില്‍ വായ്പ നല്‍കുന്നുമുണ്ട്.
1400 ഓളം കമ്പനികള്‍ ഈ രംഗത്തുണ്ടെങ്കിലും ഇതില്‍ 1000 ത്തോളം കമ്പനികളും കഴിഞ്ഞ 5 വര്‍ഷത്തില്‍ താഴെ മാത്രമായി ഈ രംഗത്തുള്ളവരാണ്. അതുകൊണ്ട് മികച്ച കമ്പനികളെ കണ്ടെത്തി മാത്രം വര്‍ക്ക് ഏല്‍പ്പിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും എസി ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിപ്പിക്കുന്നതുമായ വീടുകളില്‍ ആറ് കിലോവാട്ടിന്റെയെങ്കിലും ഇന്‍വെര്‍ട്ടര്‍ വേണ്ടി വരും. രണ്ട് കിലോവാട്ട് സോളാര്‍ പാനല്‍ ആവശ്യമായി വരും. ഇതിനായി മൂന്ന് ലക്ഷം രൂപയോളം മുടക്കേണ്ടിയും വരും. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ഈ തുക ബാങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശ കൊണ്ട് കറന്റ് ബില്ല് അടച്ചുകൂടെ എന്ന്. എന്നാല്‍ ബാങ്ക് പലിശയേക്കാള്‍ വലിയ ലാഭമാണ് സോളാര്‍ നല്‍കുന്നത്. ഓരോ വര്‍ഷവും വൈദ്യുതി നിരക്ക് വര്‍ധിക്കുന്നത് പരിഗണിക്കുമ്പോള്‍, ഏകദേശം 4 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ മുടക്കിയ തുക ലാഭമായി തിരിച്ചുപിടിക്കാം (Return on Investment). ശേഷിക്കുന്ന 20 വര്‍ഷത്തോളം സൗജന്യമായി വൈദ്യുതി ലഭിക്കുമെന്നത് വലിയ സാമ്പത്തിക നേട്ടമാണ്.
പുതിയ വീട് പണിയുന്നവര്‍ നിര്‍മ്മാണ വേളയില്‍ തന്നെ സോളാര്‍ കൂടി പ്ലാന്‍ ചെയ്താല്‍ പൈപ്പിംഗും വയറിംഗും എളുപ്പമാക്കാനും പണച്ചെലവ് കുറയ്ക്കാനും സാധിക്കും.
ഒരു സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത് ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമായതിനാല്‍ താഴെ പറയുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുത്:
1. അംഗീകൃത ഏജന്‍സി: കേരളത്തില്‍ 1400-ഓളം രജിസ്റ്റേര്‍ഡ് വെണ്ടര്‍മാരുണ്ട്. കെഎസ്ഇബി അംഗീകാരമുള്ള, മികച്ച സര്‍വീസ് റെക്കോര്‍ഡുള്ള ഏജന്‍സിയെ മാത്രം തിരഞ്ഞെടുക്കുക.
2. വെയില്‍ ലഭ്യത: പാനലുകള്‍ സ്ഥാപിക്കുന്ന ഭാഗത്ത് മരങ്ങളുടെയോ മറ്റ് കെട്ടിടങ്ങളുടെയോ നിഴല്‍ വീഴുന്നില്ലെന്ന് ഉറപ്പാക്കണം.
3. സബ്സിഡി നിയമങ്ങള്‍: നിലവില്‍ 78,000 രൂപ വരെ സബ്സിഡി ലഭ്യമാണ്. ഇതിനായി കെഎസ്ഇബി ബില്ലിലെ പേരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൃത്യമായിരിക്കണം.
4. കെഎസ്ഇബി ഫീസിബിലിറ്റി: നിങ്ങളുടെ പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മര്‍ കപ്പാസിറ്റി അനുസരിച്ച് സോളാര്‍ കണക്ഷന്‍ നല്‍കാന്‍ സാധിക്കുമോ എന്ന് കെഎസ്ഇബിയില്‍ നിന്ന് മുന്‍കൂട്ടി അന്വേഷിക്കണം.
5. റൂഫിന്റെ ബലം: പാനലുകളുടെ ഭാരം താങ്ങാന്‍ മേല്‍ക്കൂരയ്ക്ക് ശേഷിയുണ്ടോ എന്ന് പരിശോധിക്കണം. കോണ്‍ക്രീറ്റ് മേല്‍ക്കൂരയല്ലെങ്കില്‍ സ്ട്രക്ചര്‍ ബലപ്പെടുത്തണം.
6. ക്വാളിറ്റി: വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്കു പിന്നാലെ പോകാതെ, ദീര്‍ഘകാല വാറന്റി നല്‍കുന്ന പാനലുകളും ഇന്‍വെര്‍ട്ടറുകളും തിരഞ്ഞെടുക്കുക.
7. ഓണ്‍ലൈന്‍ മോണിറ്ററിംഗ്: മൊബൈല്‍ ആപ്പ് വഴി എത്ര വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് പരിശോധിക്കാന്‍ വൈഫൈ സൗകര്യം ഇന്‍വെര്‍ട്ടറിന് അടുത്തുണ്ടെന്ന് ഉറപ്പാക്കുക.
8. സുരക്ഷ: മിന്നലില്‍ നിന്നും മറ്റും സംരക്ഷണം നല്‍കാന്‍ ലൈറ്റ്‌നിംഗ് അറസ്റ്ററും പ്രോപ്പര്‍ എര്‍ത്തിംഗും നിര്‍ബന്ധമായും സ്ഥാപിക്കണം.
9. ചോര്‍ച്ച തടയുക: മേല്‍ക്കൂരയില്‍ പാനലുകള്‍ ഉറപ്പിക്കുമ്പോള്‍ വാട്ടര്‍ പ്രൂഫിംഗ് കൃത്യമായി ചെയ്തില്ലെങ്കില്‍ ഭാവിയില്‍ ചോര്‍ച്ചയ്ക്ക് കാരണമാകും.
10. വിപണിയിലെ ചതിക്കുഴികള്‍: 'സൗജന്യ സോളാര്‍', 'ഇന്ന് ബുക്ക് ചെയ്താല്‍ മാത്രം ഓഫര്‍' തുടങ്ങിയ തന്ത്രങ്ങളില്‍ വീഴരുത്. കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine