Business Kerala

പോപ്പുലര്‍ വെഹിക്കിള്‍സിന് രണ്ടാം പാദത്തില്‍ മൊത്തം വരുമാനത്തില്‍ 40 ശതമാനം വര്‍ധന, ഓഹരിക്കും മുന്നേറ്റം

വാഹന വോളിയത്തില്‍ 51 ശതമാനത്തിന്റെ ശക്തമായ വളര്‍ച്ച കൈവരിച്ച് കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് ശൃംഖല.

Dhanam News Desk

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലും (Q2 FY27) ആദ്യ പകുതിയിലും (H1 FY27) മികച്ച സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ആദ്യ പകുതിയില്‍ (H1 FY27) ഇത് 46 ശതമാനമായും ഉയര്‍ന്നു.

വാഹന വോളിയത്തിലും സേവന മേഖലയിലും മുന്നേറ്റം

പുതിയ വാഹനങ്ങളുടെ വില്‍പന രണ്ടാം പാദത്തില്‍ 51 ശതമാനവും ആദ്യ പകുതിയില്‍ 67 ശതമാനവും വര്‍ധിച്ചു. ജി.എസ്ടി നിരക്കുകളില്‍ വന്ന കുറവുകളെ തുടര്‍ന്ന് വാഹന വിലയില്‍ ഉണ്ടായ പുനഃക്രമീകരണം കാരണം, വോളിയം വളര്‍ച്ചയേക്കാള്‍ നേരിയ തോതില്‍ താഴെയാണ് വരുമാന വളര്‍ച്ച. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡിസ്‌കൗണ്ട് ലെവലുകള്‍ ഗണ്യമായി കുറഞ്ഞത് കമ്പനിയുടെ മികച്ച പ്രൈസിങ് ഡിസിപ്ലിന്‍ വ്യക്തമാക്കുന്നു. ലക്ഷ്വറി ഇതര പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 46 ശതമാനവും ലക്ഷ്വറി പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ 53 ശതമാനവും വരുമാന വളര്‍ച്ച രണ്ടാം പാദത്തില്‍ കൈവരിച്ചു. വാണിജ്യ വാഹന (സി.വി) വിഭാഗത്തില്‍ 28 ശതമാനവും ഇലക്ട്രിക് വാഹന-സ്‌പെയര്‍ പാര്‍ട്‌സ് വിതരണ വിഭാഗത്തില്‍ 43 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

ഉത്സവകാല സീസണും പുതിയ വിപുലീകരണങ്ങളും

ഓണം അടക്കമുള്ള ഉത്സവകാലത്ത് മികച്ച ബുക്കിംഗും ഉപഭോക്തൃ സ്വീകാര്യതയുമാണ് വിപണിയില്‍ ദൃശ്യമായത്. ദീപാവലി, ക്രിസ്മസ് സീസണുകളിലും ഈ അനുകൂല സാഹചര്യം തുടരുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. പുതിയ വാഹനങ്ങളുടെ ഇന്‍വെന്ററി ശരാശരി 41 ദിവസമായി നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. അനുബന്ധ ബിസിനസുകളുടെ ഏറ്റെടുക്കലുകളും ശൃംഖലയുടെ വിപുലീകരണവും സര്‍വീസ് വോളിയത്തിലും പുതിയ വാഹന വില്‍പനയിലും മികച്ച സംഭാവനയാണ് നല്‍കുന്നത്. കറുകച്ചലില്‍ എം.എസ്.ഐ.എല്‍ സര്‍വീസ് സെന്ററും കായംകുളത്ത് ടാറ്റാ മോട്ടോഴ്‌സ് സി.വി സര്‍വീസ് സെന്ററും പുതിയതായി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൂടാതെ, സ്‌പെയര്‍ പാര്‍ട്‌സ് ബി2ബി ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ 'യാനിക്' പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു.

കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ടച്ച്പോയിന്റുകളുള്ള പോപ്പുലര്‍ വെഹിക്കിള്‍സിന്റെ ഈ മുന്നേറ്റം സംസ്ഥാനത്തെ ഓട്ടോമൊബൈല്‍ രംഗത്തിന് വലിയ ഊര്‍ജമാണ് പകരുന്നത്.

ഓഹരിക്കും മുന്നേറ്റം

പ്രതീക്ഷകളെ മറികടക്കുന്ന പ്രവര്‍ത്തനഫലങ്ങള്‍ക്ക് പിന്നാലെ ഇന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് ഓഹരികള്‍ ഇന്ന് 7 ശതമാനം വരെ ഉയര്‍ന്നു. നിലവിലില്‍ നാല് ശതമാനത്തോളം ഉയര്‍ന്ന് 101 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. അതേസമയം ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി 16 ശതമാനത്തിലധികം നഷ്ടത്തിലാണ്. ഒരു വര്‍ഷക്കാലയളവില്‍ 34 ശതമാനം നഷ്ടവും ഓഹരി രേഖപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT