Business Kerala

തീറ്റവില കുതിച്ചുയരുന്നു: ഇറച്ചിക്കോഴിക്കും മുട്ടയ്ക്കും വന്‍ വിലക്കയറ്റം; ഹോട്ടല്‍ മേഖലയും കടുത്ത പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പോള്‍ട്രി അസോസിയേഷന്‍

കേരളം ഒരു ദിവസം കഴിക്കുന്നത് 2 കോടി മുട്ടകള്‍, ഇതിന്റെ 80 ശതമാനവും എത്തുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌

Resya Raveendran

അസംസ്‌കൃത വസ്തുക്കളുടെയും കോഴിത്തീറ്റയുടെയും വില അനിയന്ത്രിതമായി കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് ഇറച്ചിക്കോഴിക്കും മുട്ടയ്ക്കും കടുത്ത വിലവര്‍ധന. തീറ്റവില ചാക്കിന് 500 രൂപ വരെ ഉയര്‍ന്നതോടെ ഉത്പാദനം കുത്തനെ കുറഞ്ഞു. നിലവില്‍ കോഴിയിറച്ചിക്ക് വില കിലോയ്ക്ക് 240- 250 രൂപയിലേക്കും നാടന്‍ മുട്ട വില 10 രൂപയിലേക്കും എത്തിനില്‍ക്കുകയാണ്. ലൈവ് ചിക്കന് 170 രൂപയ്ക്ക് അടുത്താണ് കിലോയ്ക്ക് വില.

മഴക്കാലത്തെ മത്സ്യലഭ്യതക്കുറവും സ്‌കൂള്‍ അധ്യയന വര്‍ഷാരംഭവും കാരണം ആവശ്യക്കാരുടെ എണ്ണം കൂടിയ സമയത്തുള്ള ഈ വിലവര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും ഹോട്ടല്‍ വിപണിയെയും ഒരുപോലെ താളംതെറ്റിക്കുകയാണ്.

തീറ്റവില ചാക്കിന് 500 രൂപ വര്‍ധിച്ചു

ഉത്പാദനച്ചെലവിലുണ്ടായ വന്‍ വര്‍ധനയാണ് വിപണിയിലെ ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ഓള്‍ കേരള പോള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ ധനം ഓണ്‍ലൈനിനോട് വ്യക്തമാക്കി. ഒരു മാസം മുമ്പ് വരെ 1,350 രൂപയുണ്ടായിരുന്ന 50 കിലോഗ്രാമിന്റെ ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ 1,850 രൂപ വരെ നല്‍കണം. 500 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചോളം, സോയാബീന്‍, ഗോതമ്പ്, ഉണക്കമീന്‍ എന്നിവയുടെ ലഭ്യതക്കുറവാണ് വില കൂട്ടിയത്. ഇതില്‍ ചോളം വ്യാപകമായി എഥനോള്‍ നിര്‍മാണത്തിലേക്ക് വഴിതിരിച്ചുവിടുന്നത് അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സോയാബീന്‍, ചോളം, ഗോതമ്പ് തുടങ്ങിയ തീറ്റവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഭൂമിയും സംവിധാനങ്ങളും കേരളത്തിലുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ല. തീറ്റ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ മുന്‍ സര്‍ക്കാരുകളോട് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. അന്യസംസ്ഥാനങ്ങള്‍ വില വര്‍ധിപ്പിക്കുമ്പോള്‍, സ്വന്തമായി ഉല്‍പ്പാദനമില്ലാത്തതിനാല്‍ അത് അതുപോലെ അംഗീകരിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനം.
താജുദ്ദീന്‍ (ഓള്‍ കേരള പോള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്)

കോഴിവിലയും മുട്ടവിലയും റെക്കോര്‍ഡിലേക്ക്

തീറ്റച്ചെലവ് താങ്ങാനാകാതെ കര്‍ഷകര്‍ ഉത്പാദനം ചുരുക്കിയതോടെ വിപണിയില്‍ വന്‍ തോതില്‍ ഉല്‍പ്പന്ന ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇറച്ചിക്കോഴി വില കിലോയ്ക്ക് 240 മുതല്‍ 250 രൂപ വരെയായി ഉയര്‍ന്നു. വില വര്‍ധിച്ചതോടെ വില്‍പ്പന പകുതിയായി ഇടിഞ്ഞതായി വ്യാപാരികള്‍ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനത്തുനിന്നുള്ള മുട്ടയുടെ കാര്യവും വ്യത്യസ്തമല്ല. വില 6 രൂപയില്‍ നിന്ന് 7.50 - 9 രൂപയായി ഉയര്‍ന്നു. നാടന്‍ കോഴിമുട്ട വില 7-8 രൂപയില്‍ നിന്ന് 10 രൂപയിലെത്തി. താറാവുമുട്ടയ്ക്ക് ആറുമാസം മുമ്പ് 11 രൂപയായിരുന്നത് ഇപ്പോള്‍ 15 രൂപ വരെയായി.

വില ഉയര്‍ന്നതിന് പുറമെ മുട്ടയ്ക്ക് തൂക്കക്കുറവുമുണ്ടെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ നിന്ന് സ്വാഭാവിക തീറ്റ ലഭിച്ചിരുന്ന സമയത്ത് 68-70 ഗ്രാം വരെയുണ്ടായിരുന്ന താറാവുമുട്ടയുടെ തൂക്കം ഇപ്പോള്‍ 48-50 ഗ്രാമായി കുറഞ്ഞു.

കേരളം ഒരു ദിവസം കഴിക്കുന്നത് 2 കോടി മുട്ടകള്‍

കേരളത്തില്‍ പ്രതിദിനം ഏകദേശം രണ്ടു കോടി മുട്ടകളുടെ ആവശ്യകതയുണ്ട്. എന്നാല്‍ ഇതിന്റെ 20 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 80 ശതമാനത്തിനായി തമിഴ്‌നാട്ടിലെ നാമക്കല്‍, പല്ലടം, പൊള്ളാച്ചി തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെയും ഹൈദരാബാദിനെയുമാണ് കേരളം പൂര്‍ണ്ണമായും ആശ്രയിക്കുന്നത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മുട്ട എത്തിക്കുന്നതിലെ ഗതാഗതച്ചെലവും മുട്ട പൊട്ടിപ്പോകുന്നതിലൂടെയുള്ള നഷ്ടവും കണക്കിലെടുക്കുമ്പോഴാണ് വിപണിയില്‍ ചില്ലറ വില കടുക്കുന്നത്. ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞത് 80 ശതമാനമെങ്കിലും ഉയര്‍ത്തിയാല്‍ മാത്രമേ അന്യസംസ്ഥാനങ്ങളുടെ ചൂഷണവും വിലക്കയറ്റവും തടയാന്‍ സാധിക്കൂ എന്ന് പോള്‍ട്രി ഫെഡറേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള വരവില്‍ കുറവുണ്ടായതും അവിടെ നിന്നുള്ള വിദേശ കയറ്റുമതി വര്‍ധിച്ചതും പ്രാദേശിക വിപണിയെ ബാധിച്ചു. ഏപ്രില്‍, മേയ് മാസങ്ങളിലെ കടുത്ത ചൂടില്‍ കോഴികള്‍ വ്യാപകമായി ചത്തൊടുങ്ങിയതും ഉത്പാദനത്തെ ബാധിച്ചു. ട്രോളിംഗ് നിരോധനം കാരണം മീന്‍ ലഭ്യത കുറഞ്ഞതും അങ്കണവാടികളിലും സ്‌കൂളുകളിലും അധ്യയനവര്‍ഷം ആരംഭിച്ചതോടെ മുട്ട ഉപയോഗം കൂടിയതും പ്രാദേശിക ആവശ്യകത കുത്തനെ കൂട്ടി.

ഹോട്ടലുകള്‍ കടുത്ത നഷ്ടത്തില്‍

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലം സംസ്ഥാനത്തെ ഹോട്ടലുകള്‍ ഭൂരിഭാഗവും കടുത്ത നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ (KHRA) സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ധനം ഓണ്‍ലൈനിനോട് പറഞ്ഞു. പാചകവാതക (ഗ്യാസ്) വില വര്‍ധിച്ചപ്പോള്‍ തന്നെ ഉത്പാദനച്ചെലവില്‍ 30 ശതമാനത്തോളം വര്‍ധനവുണ്ടായി. അതിനുശേഷം ചെറിയ വര്‍ധന വിഭവങ്ങള്‍ക്ക് വരുത്തിയെങ്കിലും, നിലവില്‍ ചിക്കന്‍, ബീഫ്, മീന്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ വില ഉയര്‍ന്നത് വീണ്ടും ചെലവ് 30 ശതമാനത്തോളം വര്‍ധിപ്പിച്ചു. നിലവില്‍ സവാളയ്ക്ക് 50 ശതമാനത്തോളം വിലകൂടി 33-34 രൂപയായി. അരിക്ക് 10 രൂപയോളം വര്‍ധിച്ചു. ക്യാരറ്റിന് ഹോള്‍സെയില്‍ വില തന്നെ 75 രൂപയാണ്; റീറ്റെയ്ല്‍ ആകുമ്പോള്‍ 90 രൂപയാകും. പോത്തിറച്ചിക്ക് 100 രൂപയോളമാണ് വര്‍ധിച്ചത്.

ഹോട്ടലുകളെ സംബന്ധിച്ച് ഇടയ്ക്കിടെ വിഭവങ്ങളുടെ വില കൂട്ടുന്നത് പ്രായോഗികമല്ല. ആളുകളുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ കടകളില്‍ തിരക്ക് കുറവാണ്. ഈ സാഹചര്യത്തില്‍ വീണ്ടും വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ തീരെ വരാതാകും. മാത്രമല്ല അസോസിയേഷന് നേരിട്ട് വില നിയന്ത്രിക്കാനാകില്ല. കിട്ടുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയ്ക്കനുസരിച്ച് വില നിശ്ചയിക്കാനുള്ള അധികാരം അതത് സ്ഥാപന ഉടമസ്ഥര്‍ക്കാണ്.
ജി. ജയപാല്‍, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ (KHRA) സംസ്ഥാന പ്രസിഡന്റ്

വന്‍കിട ഫാമുകള്‍ കൃത്രിമ ക്ഷാമമുണ്ടാക്കി വില ഉയര്‍ത്തുന്നുവെന്ന ആരോപണവും വിപണിയില്‍ ശക്തമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകുകയും, സംസ്ഥാനത്ത് കോഴിത്തീറ്റ ഉല്‍പ്പാദനത്തിലും പോള്‍ട്രി മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തില്ലെങ്കില്‍ പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT