Image courtesy: Canva
Business Kerala

ഹവായ് ചെരുപ്പ് മുതല്‍ ഫര്‍ണിച്ചര്‍, കിടക്കകള്‍, വെളിച്ചെണ്ണ വരെ; റബ്‌കോ മുന്നേറ്റത്തിന്റെ പാതയില്‍

ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങി നിരവധി പദ്ധതികളാണ് റബ്കോ ലക്ഷ്യമിടുന്നത്

Dhanam News Desk

വിലത്തകര്‍ച്ചയില്‍ പകച്ചുപോയ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയുമായി ഏകദേശം മൂന്ന് പതിറ്റാണ്ട് മുമ്പ് തുടങ്ങിയ റബ്കോ, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി മുന്നോട്ട്. 1997ല്‍ കണ്ണൂര്‍ ആസ്ഥാനമായി രൂപീകരിച്ച കേരള സ്റ്റേറ്റ് റബര്‍ കോ-ഓപറേറ്റീവ് എന്ന റബ്കോ, കര്‍ഷകരില്‍ നിന്ന് വിപണി വിലയേക്കാള്‍ കൂടുതല്‍ നല്‍കി റബര്‍ ശേഖരിച്ച് കയറ്റുമതി ചെയ്താണ് തുടക്കം. റബറധിഷ്ഠിത വ്യവസായങ്ങള്‍ സംസ്ഥാനത്ത് കുറവാണെന്ന തിരിച്ചറിവില്‍ പിന്നീട് ആ മേഖലയിലേക്ക് ശ്രദ്ധ നല്‍കിയത് കമ്പനിയുടെ തലവര മാറ്റി. റബറും റബര്‍ തടിയും ഉപയോഗിച്ചുള്ള വ്യവസായ പദ്ധതികള്‍ക്ക് രൂപം നല്‍കാനായത് റബ്കോയുടെ വിജയത്തില്‍ നിര്‍ണായകമായി.

ഹവായ് ചെരുപ്പ് മുതല്‍ കിടക്കകള്‍ വരെ

കൂത്തുപറമ്പ വലിയവെളിച്ചത്തുള്ള കെഎസ്ഐഡിസിയുടെ വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഹവായ് ചപ്പല്‍ ഫാക്ടറിയാണ് റബ്കോയുടെ ആദ്യത്തെ വ്യവസായ സംരംഭം. 2000ത്തില്‍ തുടങ്ങിയ കമ്പനിക്ക് പ്രതിദിനം 12,000 ജോഡി ചെരുപ്പുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇവ കേരളത്തിന് പുറമേ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്.

റബ്കോയുടെ ഏറെ ജനപ്രിയ ഉല്‍പ്പന്നങ്ങളിലൊന്നാണ് റബറൈസ്ഡ് കൊയര്‍ മാട്രസ്. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് മാട്രസ് ഫാക്ടറി. 2001ലായിരുന്നു തുടക്കം. ഇറക്കുമതി ചെയ്ത മെഷിനറികള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മാട്രസുകള്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധ നേടി.

കണ്ണൂര്‍, ശ്രീകണ്ഠാപുരത്ത് പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ സ്പ്രിംഗ് മെത്തകളും അള്‍ട്രാ ബോണ്ട് ഫോം മെത്തകളും നിര്‍മിക്കുന്നുണ്ട്. തലശ്ശേരി ചോനാടത്തുള്ള കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ തടി സംസ്‌കരണ ഫര്‍ണിച്ചര്‍ നിര്‍മാണ ഫാക്ടറി പ്രതിവര്‍ഷം 40,000 മെട്രിക് ടണ്‍ റബര്‍ തടി സംസ്‌കരിക്കാന്‍ ശേഷിയുള്ളതാണ്.

ലോക നിലവാരത്തിലുള്ള ഫര്‍ണിച്ചറുകള്‍, പാനല്‍ ബോര്‍ഡുകള്‍, ബീമുകള്‍ തുടങ്ങിയവ ഇവിടെ നിര്‍മിക്കുന്നു. ഇതിന് പുറമേ സ്ഥാപനങ്ങളുടെ ഇന്റീരിയര്‍ വര്‍ക്കുകളും ഏറ്റെടുത്ത് ചെയ്യുന്നുണ്ട്.

വെര്‍ജിന്‍ കോക്കനട്ട് ഓയ്ല്‍

വിവിധ സഹകരണ സംഘങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെ ഓസ്ട്രേലിയന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പച്ചത്തേങ്ങയില്‍ നിന്ന് നേരിട്ട് വെര്‍ജിന്‍ കോക്കനട്ട് ഓയ്ല്‍ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി 2006ല്‍ ആരംഭിച്ചു. കേരളത്തില്‍ ഇതിനായി 25 യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എറണാകുളം കോലഞ്ചേരിയിലാണ് വിസിഒ നിര്‍മാണ പാക്കിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. 2,500 ലിറ്റര്‍ പ്രതിദിനം ഉല്‍പ്പാദന ശേഷിയുണ്ട്. ന്യൂട്രികോ എന്ന പേരിലാണ് ഈ വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നത്. കൊപ്രയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വെളിച്ചെണ്ണ നാച്വറല്‍ എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, ഹെര്‍ബല്‍ ഡി ഹൈഡ്രേറ്റിംഗ് നൈറ്റ് ക്രീം എന്നിവയും വിപണിയില്‍ എത്തിക്കുന്നുണ്ട്.

ഭാവി പദ്ധതികള്‍

ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന, ലാറ്റക്സ് ഫോം ഉല്‍പ്പാദനം, സ്പേസ് സേവിംഗ് ഫര്‍ണിച്ചര്‍ നിര്‍മാണം തുടങ്ങി നിരവധി പദ്ധതികളാണ് റബ്കോ ലക്ഷ്യമിടുന്നത്. പ്രഗത്ഭ സഹകാരിയായിരുന്ന ഇ. നാരായണന്റെ നേതൃത്വത്തിലായിരുന്നു റബ്കോയുടെ തുടക്കം. 2022 മുതല്‍ കാരായി രാജനാണ് റബ്കോ ചെയര്‍മാന്‍. വിവിധ ഇടങ്ങളിലുള്ള ഫാക്ടറികള്‍ക്ക് പുറമേ ശ്രീകണ്ഠാപുരം, എറണാകുളം, കോയമ്പത്തൂര്‍, ചോനാടം, വേറ്റുമ്മല്‍ എന്നിവിടങ്ങളിലും കണ്ണൂരിലെ കോര്‍പ്പറേറ്റ് ഓഫീസിലും സ്വന്തമായി ഷോറൂമുകളുണ്ട്.

(Originally published in Dhanam Magazine 30 June 2025 issue.)

From Hawaiian sandals to furniture, beds, and coconut oil; RABCO on the path of progress.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT