പ്രിയപ്പെട്ടവര്‍ മരണപ്പെടുമ്പോള്‍ അവരുടെ ബാങ്കിലെയും മറ്റും സമ്പാദ്യം തിരിച്ചു കിട്ടാനായി പലപ്പോഴും അനന്തരാവകാശികള്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരാറുണ്ട്. ഇതിനൊരു പരിഹാരമായി ചട്ടങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. മരിച്ചുപോയ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ അവകാശികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ 2026 മാര്‍ച്ചിനകം പുതുക്കിയ ചട്ടം ബാങ്കുകള്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം. ക്ലെയിം അനുവദിക്കാന്‍ ബാങ്കിന്റെ ഭാഗത്തു നിന്ന് കാലതാമസമുണ്ടായാല്‍ പ്രതിവര്‍ഷം 4 ശതമാനം വീതം അധിക പലിശ നഷ്ടപരിഹാരമായി നല്‍കണമെന്നും പുതിയ ചട്ടത്തില്‍ പറയുന്നു.
അക്കൗണ്ട് ഉടമകള്‍ മരിച്ച് ഏറെനാളായിട്ടും നടപടിക്രമത്തിലെ അവ്യക്തതമൂലം അവകാശികള്‍ക്ക് ക്ലെയിം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതാണ് പുതിയ നീക്കത്തിന് കാരണം.
ക്ലെയിം രണ്ട് തരത്തിലാണ് തീര്‍പ്പാക്കുന്നത്.
നോമിനിയോ ജോയിന്റ് അക്കൗണ്ട് ഉടമയോ ഉണ്ടെങ്കില്‍: നിശ്ചിത ക്ലെയിം ഫോമിനൊപ്പം മരണസര്‍ട്ടിഫിക്കറ്റ്, നോമിനിയുടെ തിരിച്ചറിയല്‍ രേഖ എന്നിവ സമര്‍പ്പിച്ചാല്‍ മാത്രം മതി.
നോമിനിയോ ജോയിന്റ് അക്കൗണ്ട് ഉടമയോ ഇല്ലെങ്കില്‍:
സഹകരണ ബാങ്കുകളില്‍ 5 ലക്ഷം രൂപയില്‍ താഴെയും മറ്റു ബാങ്കുകളില്‍ 15 ലക്ഷം രൂപയില്‍ താഴെയുമാണ് ബാലന്‍സ് എങ്കില്‍ ക്ലെയിം ഫോം, മരണസര്‍ട്ടിഫിക്കറ്റ്, അവകാശിയുടെ തിരിച്ചറിയല്‍ രേഖ, ഇന്‍ഡെംനിറ്റി ബോണ്ട്, മറ്റ് അവകാശികളുണ്ടെങ്കില്‍ അവരുടെ നോ ഒബ്ജഷന്‍ സര്‍ട്ടിഫിക്കറ്റ്, നിയമപരമായ അവകാശിയെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കുടുംബത്തിന് പരിചയമുള്ള ഒരു വ്യക്തിയുടെ സത്യപ്രസ്താവന എന്നിവയും വേണം. ഇത്തരം കേസുകളില്‍ ബാങ്കുകള്‍ ആള്‍ജാമ്യം ആവശ്യപ്പെടേണ്ടതില്ല.
അക്കൗണ്ടിലെ തുക 15 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ : പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണം. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനു പകരം കുടുംബത്തിനറിയാവുന്ന ഒരു വ്യക്തിയുടെ സത്യപ്രസ്താവന നല്‍കിയാല്‍ മതി. നോട്ടറിയോ ജഡ്ജിയോ ഇത് സാക്ഷ്യപ്പെടുത്തിയിരിക്കണം. ഇത്തരം കേസുകളില്‍ നേരത്തെ പറഞ്ഞ രേഖകളും ആള്‍ജാമ്യവും ബാങ്കുകള്‍ക്ക് ആവശ്യപ്പെടാം.
മറ്റ് ചില വ്യവസ്ഥകള്‍ കൂടിയുണ്ട്
വില്‍പ്പത്രമുണ്ടെങ്കില്‍ കോടതികള്‍ അംഗീകാരം നല്‍കിയ പ്രൊബേറ്റ് അനുസരിച്ച് ബാങ്കുകള്‍ക്ക് സെറ്റില്‍ ചെയ്യാം. മറ്റ് തര്‍ക്കങ്ങളോ നിയമ തടസങ്ങളോ ഇല്ലെങ്കില്‍ ബാങ്കുകള്‍ക്ക് പ്രൊബേറ്റ് ഇല്ലാതെയും ക്ലെയിം തീര്‍പ്പാക്കാം.
ക്ലെയിം തീര്‍പ്പാക്കിയ ശേഷവും മരിച്ചയാളുടെ അക്കൗണ്ടിലേക്ക് പണം വന്നാല്‍ അക്കൗണ്ട് ഉടമ മരണപ്പെട്ടു എന്ന് അയച്ച ആളുകളെ അറിയിക്കുകയും തുക മടക്കി നല്‍കുകയും വേണം. ഇത് അവകാശികളെയും അറിയിക്കണം.
ജോയിന്റ് അക്കൗണ്ട് ഉടമകളാണെങ്കില്‍ എല്ലാ ഉടമകളുടെയും മരണത്തിന് ശേഷം മാത്രമേ നോമിനികള്‍ക്ക് അവകാശമുണ്ടാകൂ.
ബാങ്ക് പണം നല്‍കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് ഉണ്ടെങ്കില്‍, ഉത്തരവ് പ്രാബല്യത്തിലുള്ള കാലയളവില്‍ ക്ലെയിം പരിഗണിക്കില്ല. തുടര്‍ന്നുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്ലെയിം ഒത്തുതീര്‍പ്പ് പരിഗണിക്കും.
ടേം ഡെപ്പോസിറ്റിലെ നിക്ഷേപം ലോക്ക് ഇന്‍ പിരീയിഡിലാണെങ്കിലും അത് അവസാനിപ്പിക്കാന്‍ ബാങ്കിന് സാധിക്കും.
RBI Announces New Rules for Settlement of Claims of Deceased Bank Customers
Read DhanamOnline in English
Subscribe to Dhanam Magazine