തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനെ അത്യാധുനിക നിലവാരത്തില്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമായേക്കും. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും റെയില്‍ വികാസ് നിഗം ലിമിറ്റഡുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന് ഇതിന്റെ നിര്‍മാണ കരാര്‍ ഉടന്‍ നല്‍കിയേക്കും. ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ ലേലത്തുക നല്‍കിയത് ഈ കമ്പനിയാണ്.
റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിനായി 438.96 കോടിരൂപയാണ് സതേണ്‍ റെയില്‍വേ അനുവദിച്ചിരിക്കുന്നത്. എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (EPC) മോഡലിലാണ് ഇതിന്റെ നിര്‍മാണം. പ്രവര്‍ത്തനം ആരംഭിച്ച് 42 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
അത്യാധൂനിക നിലവാരത്തില്‍
എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളോടെയുമാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്റെ നവീകരണം. ഇതിനായുള്ള രൂപരേഖയും മറ്റും കേന്ദ്ര റെയില്‍വേ മന്ത്രാലയം ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നു.
നിലവിലെ പൈതൃക മന്ദിരവും റെയില്‍വേ ലൈനും മാത്രം നിലനിറുത്തിയാകും നവീകരണം.
തരംഗ ആകൃതിയിലുള്ള മേല്‍ക്കൂരകളാണ് രൂപരേഖയുടെ പ്രധാന ആകര്‍ഷണം. ആകാശദൃശ്യങ്ങളില്‍ കടലിനെയും കടല്‍ത്തീരത്തെയും തോന്നിപ്പിക്കുന്ന വിധത്തില്‍ അക്വാ ഗ്രീന്‍ നിറത്തിലാണ് ഇതൊരുക്കുന്നത്. തിരക്കൊഴിവാക്കാനായി പ്രത്യേക കാത്തിരിപ്പു കേന്ദ്രങ്ങളുണ്ടാകും.
വിമാനത്താവളങ്ങളിലേതിനു സമാനമായ രീതിയില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി ലൗഞ്ചുകളുണ്ടാകും. തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്നവര്‍ക്കായി രണ്ട് പ്രത്യേക ലൗഞ്ച് ഏരിയകളുമുണ്ട്. പ്ലാറ്റ്‌ഫോമുകളിലെ തിരക്കൊഴിവാക്കാന്‍ ഇത് വഴി സാധിക്കും. ലൗഞ്ചുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍ സ്റ്റെയറുകള്‍ എന്നിവയുമുണ്ടാകും. തിരുവനന്തപുരത്ത് നിന്ന് യാത്രകള്‍ തുടങ്ങുന്നവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഡിപ്പാര്‍ച്ചര്‍ ലൗഞ്ചിലൊരുക്കും. പ്ലാറ്റ്‌ഫോമുകളില്‍ വലിയ തിരിക്കില്ലാതാക്കാനായി ഇവിടെ കാത്തിരിക്കാനുള്ള സ്ഥലങ്ങള്‍ ഒഴിവാക്കും. ട്രെയിനുകള്‍ വരുന്നതും പോകുന്നതും അറിയിക്കുന്നതിനായി ഡിജിറ്റല്‍ ഡിസ്‌പ്ലേകളുണ്ടാകും. ഇതനിനനുസരിച്ച് കാത്തിരിപ്പ് ലൗഞ്ചുകളില്‍ നിന്ന് പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകള്‍ക്ക് എത്താവുന്ന വിധത്തിലാണ് സജീകരണം.
കേന്ദ്ര സര്‍ക്കാരിന്റെ അമൃത ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍പെടുത്തിയാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനും നവീകരിക്കുന്നത്. 1,300 ഓളം റെയില്‍വേ സ്‌റ്റേഷനുകളാണ് പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നവീകരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine