കേരളത്തിലെ മെഡിക്കല്‍ ലോകത്ത് 'ശസ്ത്രക്രിയ' എന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി കരുതിയിരുന്ന കാലത്താണ് ഒരു ഓര്‍ത്തോപീഡിക് സര്‍ജന്‍ തികച്ചും വ്യത്യസ്തമായ വഴിയെക്കുറിച്ച് ചിന്തിക്കുന്നത്. മുട്ടുവേദനയോ, സന്ധിവേദനയോ വന്നാല്‍ കത്തിവെക്കാതെ തന്നെ പരിഹാരമുണ്ടെന്ന് മലയാളിക്ക് കാണിച്ചുകൊടുത്ത സംരംഭകന്‍- ഡോ. എം.ബി വിനീത്. ഇന്ന് 'റീജന്‍കെയര്‍' എന്ന ബ്രാന്‍ഡിലൂടെ ദക്ഷിണേന്ത്യയിലെ റീജനറേറ്റീവ് മെഡിസിന്‍ രംഗത്ത് ഒരു പുതിയ അധ്യായം തന്നെ കുറിക്കുകയാണ് അദ്ദേഹം.
ഒരു ഓര്‍ത്തോപീഡിക് സര്‍ജനായി പ്രാക്ടീസ് ചെയ്യുമ്പോഴും പലപ്പോഴും ശസ്ത്രക്രിയകള്‍ രോഗികള്‍ക്ക് വലിയ സാമ്പത്തികവും ശാരീരികവുമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് ഡോ. വിനീതിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അവിടെ നിന്നാണ് ശരീരത്തിന്റെ തന്നെ കോശങ്ങളെ ഉപയോഗിച്ച് രോഗം ഭേദമാക്കുന്ന 'റീജനറേറ്റീവ് മെഡിസിന്‍' എന്ന ആശയത്തിലേക്ക് അദ്ദേഹം എത്തിയത്. അങ്ങനെ ഇന്ത്യയിലെ തന്നെ ആദ്യത്തെ സമഗ്ര റീജനറേറ്റീവ് മെഡിസിന്‍ സെന്ററുകളില്‍ ഒന്നായി കൊച്ചിയില്‍ റീജന്‍കെയര്‍ പിറവിയെടുത്തു. ഡെര്‍മറ്റോളജിസ്റ്റായ ഭാര്യ ഡോ. അശ്വതി മോഹനുമായി ചേര്‍ന്ന് 2019ലായിരുന്നു റീജന്‍കെയറിന് തുടക്കം കുറിക്കുന്നത്. ഇന്ന് ഡെര്‍മെറ്റോളജിയിലും ഓര്‍ത്തോയിലും റീജനറേറ്റീവ് ചികിത്സ നല്‍കുന്നതില്‍ ഏറെ മുന്നിലാണ് റീജന്‍കെയര്‍.
മുടികൊഴിച്ചില്‍ പരിഹരിക്കാനും ചര്‍മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും ഇന്ന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് റീജനറേറ്റീവ് മെഡിസിനെന്ന് ഡോ. അശ്വതി പറയുന്നു. ''ഒരു ചെടിയുടെ വേരുകള്‍ക്ക് വളം നല്‍കുന്നത് പോലെയാണ് മുടിയില്‍ പിആര്‍പി (PRP), അല്ലെങ്കില്‍ ഡെര്‍മാ പി ചികിത്സ ചെയ്യുന്നത്. മുടിയുടെ വേരുകളിലേക്ക് പോഷകങ്ങള്‍ ഇഞ്ചക്ട് ചെയ്യുന്നതിലൂടെ മുടി തഴച്ചുവളരാനും കറുത്ത നിറം വര്‍ധിപ്പിക്കാനും സാന്ദ്രത കൂട്ടാനും സാധിക്കും. പ്രത്യേകിച്ച് ആന്‍ഡ്രോജെനറ്റിക് അലോപ്പീഷ്യ (Androgenetic Alopecia), കോവിഡിന് ശേഷമുള്ള മുടി കൊഴിച്ചില്‍ തുടങ്ങിയവക്ക് ഇത് ഫലപ്രദമാണ്. നിലവില്‍ ചെന്നൈ, കോഴിക്കോട് എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്. ദുബായിലും കായംകുളത്തും ഉടന്‍ ഹോസ്പിറ്റല്‍ തുറക്കാനുള്ള പദ്ധതിയിലാണ്. ഓര്‍ത്തോയിലും ഡെര്‍മെറ്റോളജിയിലും മാത്രമല്ല, ഒഫ്താല്‍മോളജി, കാര്‍ഡിയോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി തുടങ്ങി ഡയബറ്റിക് അള്‍സര്‍ വരെ എല്ലാത്തരം രോഗാവസ്ഥക്കും റീജനറേറ്റീവ് ട്രീറ്റ്മെന്റുകള്‍ സാധ്യമാണെന്ന് ഡോ. വിനീത് പറയുന്നു. ഇത്തരത്തില്‍ എല്ലാ മേഖലകളിലും റീജനറേറ്റീവ് ചികിത്സ നല്‍കുന്ന സമഗ്ര സെന്ററായി മാറുക എന്നതാണ് റീജന്‍കെയറിലൂടെ ലക്ഷ്യമിടുന്നത്.
സീനിയര്‍ ഡോക്ടറുടെ തീസിസ് വിഷയമായിരുന്നു ടെന്നീസ് എല്‍ബോ എന്ന രോഗാവസ്ഥ. ഇതിന്റെ ചികിത്സക്കായി രക്തവും സ്റ്റിറോയിഡും കുത്തിവെച്ചുകൊണ്ടുള്ള രീതികളില്‍ ഏതാണ് കൂടുതല്‍ ഫലപ്രദമെന്നതായിരുന്നു പഠനം. രക്തം കുത്തിവെക്കുന്നത് ഫലപ്രദമാകുമെന്ന പുതിയ അറിവ് ഡോ. വിനീതിനെ ആകര്‍ഷിച്ചു. പിന്നീട് സ്വന്തം അമ്മയ്ക്ക് കടുത്ത മുട്ടുവേദന അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം ഈ പരീക്ഷണത്തിന് തയാറായി. ആദ്യ ശ്രമങ്ങളില്‍ ചെറിയ പ്രതിസന്ധികളുണ്ടായെങ്കിലും പിന്നീട് അമ്മയുടെ വേദന പൂര്‍ണമായും മാറി. തുടര്‍ന്ന് മറ്റ് രോഗികളിലും ഇത് വിജയകരമായി പരീക്ഷിച്ചതോടെ പിആര്‍പി(PRP) ചികിത്സാ രീതിയില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ശസ്ത്രക്രിയ ഇല്ലാതെ എങ്ങനെ ഭേദമാകും? എന്ന മലയാളിയുടെ പതിവ് സംശയത്തെയാണ് ഡോക്ടര്‍ക്ക് ആദ്യം നേരിടേണ്ടി വന്നത്. എന്നാല്‍ കൃത്യമായ ശാസ്ത്രീയ അടിത്തറയുള്ള ചികിത്സാ രീതികളും (PRP, GFC, Stem Cell Therapy) സുതാര്യമായ പ്രവര്‍ത്തനവും വഴി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഒരു ദിവസം 15-20 രോഗികള്‍ വരെ ചികിത്സ തേടിയെത്തുന്ന അവസ്ഥ വന്നതോടെയാണ് ഈ മേഖലയുടെ വലിയ സാധ്യത ഡോക്ടര്‍ തിരിച്ചറിഞ്ഞത്. ആഴ്ചയില്‍ ഒരു ദിവസം എന്ന നിലയില്‍ തുടങ്ങിയ സേവനം പിന്നീട് എല്ലാ ദിവസവുമാക്കി. രോഗികളുടെ ആവശ്യപ്രകാരം പതുക്കെ രണ്ട് സെന്ററുകളും ആരംഭിച്ചു. പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓഫ് ഓപറേഷന്‍ പാലിച്ചുകൊണ്ട് ഓരോ സ്ഥലത്തും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ ഒരു നിര സജ്ജമാക്കിയാണ് വിവിധ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
മെഡിക്കല്‍ രംഗത്ത് കേവലം ഒരു ഡോക്ടര്‍ എന്നതിലുപരി ഒരു വിഷനറി സംരംഭകനായി ഡോ. വിനീത് മാറിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ കേരളത്തെ ലോകത്തിന്റെ റീജനറേറ്റീവ് മെഡിസിന്‍ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ള അന്താരാഷ്ട്ര നിലവാരമുള്ള റീജനറേറ്റീവ് അക്കാദമി എന്ന ലക്ഷ്യമാണ് ഇപ്പോള്‍ ഡോ. വിനീതിന് മുന്നിലുള്ളത്. നിലവില്‍ ഒരു പ്രാക്ടീസിങ് ഡോക്ടറും സംരംഭകനും എന്ന നിലയില്‍ പരമാവധി വിപുലീകരണം സാധ്യമാക്കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്ക് വളരാന്‍ പങ്കാളിത്തങ്ങള്‍ക്കായി സജ്ജമായിരിക്കുകയാണ് റീജന്‍കെയര്‍. നിലവില്‍ റീജനറേറ്റീവ് മെഡിസിന്റെ ആഗോള വിപണി വലുപ്പം 34 ദശലക്ഷം യുഎസ് ഡോളറാണ്. അടുത്ത 5-10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 100 ദശലക്ഷം യുഎസ് ഡോളറാകുമെന്നാണ് നിഗമനം.
റീജന്‍കെയറിന്റെ വിഷനോട് ചേര്‍ന്നുനില്‍ക്കാന്‍ തയാറുള്ള നിക്ഷേപകരെ ലഭിച്ചാല്‍ ഈ മേഖലയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാനും കൂടുതല്‍ പേര്‍ക്ക് അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള ചികിത്സകള്‍ ഉറപ്പാക്കാനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. വെറും മൂന്ന് വര്‍ഷം കൊണ്ടാണ് മൂന്ന് സെന്ററുകളിലേക്ക് റീജന്‍കെയര്‍ വളര്‍ന്നത്. ഇനിയുള്ള വളര്‍ച്ചക്ക് മികച്ചൊരു വഴികാട്ടിയും വലിയ നിക്ഷേപവുമാണ് വേണ്ടതെന്നും ഡോ. വിനീത് പറയുന്നു.
''റീജനറേറ്റീവ് മെഡിസിനുകളാണ് ഭാവി. അതുകൊണ്ട് കൂടുതല്‍ അക്കാദമീഷ്യന്‍മാരെയും ഡോക്ടര്‍മാരെയും ഒക്കെ സൃഷ്ടിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള അക്കാദമിയാണ് ഉദ്ദേശിക്കുന്നത്. ഇവിടെ പഠിച്ചിറങ്ങുന്നവര്‍ക്ക് എവിടെയും ജോലി ലഭിക്കത്തക്ക വിധത്തില്‍ പ്രമുഖ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് സര്‍ട്ടിഫൈഡ് കോഴ്സുകള്‍ നല്‍കാനാണ് റീജന്‍കെയര്‍ ഉദ്ദേശിക്കുന്നത്.'' ഡോ. വിനീത് പറയുന്നു. ഇത് കൂടാതെ സ്വന്തമായി സ്റ്റെംസെല്‍സ് ബാങ്ക് തുടങ്ങാനും ഉദ്ദേശിക്കുന്നു. നിലവില്‍ പുറത്തുള്ള സെന്ററുകളില്‍നിന്ന് ഒരു മില്യണ്‍ സ്റ്റെംസെല്ലുകള്‍ വാങ്ങണമെങ്കില്‍ 2,000 രൂപ ചെലവു വരും. ഒരു കിലോ ശരീരഭാരത്തിന് നാല് മില്യണെന്ന കണക്കിലാണ് സെല്‍സ് വേണ്ടി വരിക. അങ്ങനെ നോക്കുമ്പോള്‍ 60 കിലോഗ്രാം ഭാരമുള്ള ഒരു വ്യക്തിക്ക് ഭീമമായ തുകയാണ് ഇതിനായി വേണ്ടി വരുന്നത്. സ്വന്തമായ സ്റ്റെംസെല്‍ ബാങ്ക് തുടങ്ങാനായാല്‍ ചെലവ് പകുതിയാക്കി കുറക്കാനാകും.
(Originally published in Dhanam Magazine February 15, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine