Business Kerala

ധനസമാഹരണം പാളി; പകുതി ഫണ്ടും 3 ജില്ലകള്‍ക്ക്; കിഫ്ബി കേരളത്തിന് വരുത്തിവെച്ചത് ₹21,000 കോടിയുടെ കടബാധ്യത

കണ്ണൂരിനും തിരുവനന്തപുരത്തിനും എറണാകുളത്തിനും അമിത മുന്‍ഗണന നല്‍കിയപ്പോള്‍ 11 ജില്ലകള്‍ അവഗണിക്കപ്പെട്ടു

Dhanam News Desk

സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താനായി രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (KIIFB) പ്രവര്‍ത്തനങ്ങളില്‍ കടുത്ത പ്രാദേശിക അസന്തുലിതാവസ്ഥയെന്ന് സംസ്ഥാന ധനസ്ഥിതിവിവര റിപ്പോര്‍ട്ട്. ഫണ്ട് വിതരണത്തിലെ രാഷ്ട്രീയ മുന്‍ഗണനകളും സര്‍ക്കാരിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള കടമെടുപ്പും കിഫ്ബിയെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാക്കി മാറ്റിയെന്ന് മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി വ്യക്തമാക്കുന്നു.

മൂന്ന് ജില്ലകള്‍ക്ക് മുന്‍ഗണന; 11 ജില്ലകള്‍ അവഗണിക്കപ്പെട്ടു

കിഫ്ബി പ്രോജക്റ്റുകള്‍ക്ക് ഫണ്ട് അനുവദിച്ചതിലെ പ്രാദേശിക വിതരണം പരിശോധിച്ചാല്‍ വ്യക്തമായ വിവേചനമാണ് ദൃശ്യമാകുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ വെറും 3 ജില്ലകള്‍ മാത്രമാണ് ആകെ തുകയുടെ പകുതിയോളം കൈയടക്കിയിരിക്കുന്നത്.

കിഫ്ബി വഴി അനുവദിച്ച ആകെ പദ്ധതി വിഹിതത്തിന്റെ 20 ശതമാനത്തിലധികവും കണ്ണൂര്‍ ജില്ലയ്ക്ക് മാത്രമായാണ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ റിലീസ് ചെയ്ത ആകെ പേയ്മെന്റുകളുടെ 19 ശതമാനവും കണ്ണൂരിലേക്കാണ് എത്തിയത്.

പദ്ധതി തുകയുടെ 17 ശതമാനം അനുമതിയോടെ തിരുവനന്തപുരം ജില്ല രണ്ടാമതും, 11 ശതമാനം വിഹിതവുമായി എറണാകുളം ജില്ല മൂന്നാമതുമുണ്ട്.

ഈ മൂന്ന് ജില്ലകള്‍ മാത്രം ചേര്‍ന്ന് കിഫ്ബി ഫണ്ടിന്റെ 48 ശതമാനവും സ്വന്തമാക്കിയപ്പോള്‍ ബാക്കി 11 ജില്ലകള്‍ക്കായി നീക്കിവെച്ചത് പകുതി തുക മാത്രമാണ്. മനുഷ്യവികസന സൂചികകളോ (HDI) അതത് പ്രദേശങ്ങളുടെ യഥാര്‍ത്ഥ സാമ്പത്തിക ആവശ്യകതകളോ പരിഗണിക്കാതെ, പൂര്‍ണ്ണമായും രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മുന്‍ഗണനകള്‍ നിശ്ചയിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന പലിശയും ₹21,000 കോടിയുടെ ഓഫ്-ബജറ്റ് കടക്കെണിയും

കിഫ്ബി വരുത്തിവെച്ച 21,000 കോടി രൂപയുടെ ലോണ്‍ ബാധ്യത സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തതില്‍ പ്രധാന ഘടകമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കിഫ്ബിക്ക് സ്വന്തമായി വരുമാന സ്രോതസുകളില്ലാത്തതിനാല്‍ ഈ കടമെടുപ്പ് യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ ബാധ്യതയായി മാറി. ഇത് സംസ്ഥാനത്തിന്റെ പൊതുവായ കടമെടുപ്പ് പരിധിയെ (Net Borrowing Ceiling) നേരിട്ട് ദോഷകരമായി ബാധിച്ചുവെന്ന് സി.എ.ജി (C&AG) കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിപണിയില്‍ നിന്ന് കടമെടുക്കുന്നതിനേക്കാള്‍ 1 മുതല്‍ 1.5 ശതമാനം വരെ ഉയര്‍ന്ന പലിശയ്ക്കാണ് കിഫ്ബി പണം സമാഹരിച്ചത്. ഒരു സ്വതന്ത്ര ധനസമാഹരണ ഏജന്‍സിയായി വന്നിട്ടും സര്‍ക്കാരിനേക്കാള്‍ ഉയര്‍ന്ന ചിലവില്‍ ഫണ്ട് കണ്ടെത്തിയത് വഴി ഖജനാവിന് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടായത്. കിഫ്ബിയുടെ ഓഫ്-ബജറ്റ് (Off-Budget) കടമെടുപ്പുകള്‍ ബജറ്റില്‍ പൂര്‍ണ്ണമായി കാണിക്കാതിരുന്നത് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ കടബാധ്യതകളെക്കുറിച്ച് തെറ്റായ ചിത്രം നല്‍കാനും കാരണമായി.

ചട്ടങ്ങള്‍ ലംഘിച്ചുള്ള സൂപ്പര്‍ സെക്രട്ടറി പദവി

കിഫ്ബിയിലെ ഭരണപരമായ ക്രമക്കേടുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശനമുണ്ട്. 2017-ലെ ഒരു വിവാദ സര്‍ക്കാര്‍ ഉത്തരവ് വഴി കിഫ്ബി സി.ഇ.ഒ-യ്ക്ക് ധനകാര്യ (ഇന്‍ഫ്രാസ്ട്രക്ചര്‍) വകുപ്പിന്റെ എക്‌സ്-ഒഫീഷ്യോ സെക്രട്ടറി (Ex-officio Secretary) പദവി നല്‍കിയിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ ബിസിനസ്സ് ചട്ടങ്ങള്‍ക്ക് പൂര്‍ണ്ണമായും വിരുദ്ധമാണ്. സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തുള്ള ഒരു വ്യക്തിക്ക് സംസ്ഥാനത്തിന് വേണ്ടി പണം ചിലവഴിക്കാനും ഫണ്ട് അനുവദിക്കാനും ഉത്തരവിടാനുള്ള അധികാരം നല്‍കിയത് ധനവിനിയോഗത്തിലെ കടുത്ത വീഴ്ചയാണ്. 2025-ലാണ് ഈ ക്രമക്കേട് സര്‍ക്കാര്‍ തിരുത്തിയത്.

സമിതി മുന്നോട്ട് വെക്കുന്ന പ്രധാന ശുപാര്‍ശകള്‍

നിലവിലെ രീതിയില്‍ കിഫ്ബിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സമിതി സുപ്രധാനമായ പരിഷ്‌കാരങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്.

  • കിഫ്ബി വഴി നിലവില്‍ കരാറായതും നിയമപരമായി ബാധ്യതയുള്ളതുമായ പദ്ധതികള്‍ (Committed Liabilities) മുടങ്ങാതെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

  • കിഫ്ബിയുടെ കടമെടുപ്പുകളും അതിന്റെ ചിലവുകളും പൂര്‍ണ്ണമായും സുതാര്യമായി ബജറ്റില്‍ അക്കൗണ്ട് ചെയ്യത്തക്ക രീതിയില്‍ നിയമപരമായ ചട്ടക്കൂടുകളില്‍ മാറ്റം വരുത്തണം.

  • കിഫ്ബി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വികസിപ്പിച്ചെടുത്ത മികച്ച പ്രൊജക്ട് മാനേജ്മെന്റ് രീതികള്‍, ക്വാളിറ്റി കണ്‍ട്രോള്‍, ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവ ഇല്ലാതാക്കരുത്. ഇവ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് കൂടി വ്യാപിപ്പിച്ചു നിലനിര്‍ത്തണം.

ബദല്‍ വികസന മാര്‍ഗ്ഗങ്ങള്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ഓഫ്-ബജറ്റ് കടമെടുപ്പുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് സമിതി നിര്‍ദേശിക്കുന്നു. വികസനത്തിനായി സ്വകാര്യ നിക്ഷേപങ്ങള്‍ (Private Investment), സഹകരണ നിക്ഷേപങ്ങള്‍ (Cooperative Investment) എന്നിവ പരമാവധി പ്രോത്സാഹിപ്പിക്കണം. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയില്‍ വിപണിയില്‍ നിന്ന് ഫണ്ട് കണ്ടെത്താനുള്ള അനുമതി നല്‍കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

Former Cabinet Secretary K.M. Chandrasekhar led committee reveals that three districts pocketed half of the KIIFB funds, while high-cost off-budget borrowings created a ₹21,000þcrore debt trap for Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT