റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ എഫ്.എം.സി.ജി (FMCG) വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (RCPL) രാജ്യത്തെ ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെക്കുന്നു. 'ബോംബെ ക്രീമറി' (Bombay Creamery) എന്ന ബ്രാന്‍ഡിലാണ് റിലയന്‍സ് വിപണിയിലെത്തുന്നത്.
നേരത്തെ കാമ്പ കോളയും (Campa Cola) ഇന്‍ഡിപെന്‍ഡന്‍സ് ബ്രാന്‍ഡുകളും അവതരിപ്പിച്ച് വിപണിയില്‍ സൃഷ്ടിച്ച അത്രയും വലിയ ചലനവും വിലവിപ്ലവവുമാണ് ഐസ്‌ക്രീം മേഖലയിലും റിലയന്‍സ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭ്യമാകുന്ന ബോംബെ ക്രീമറി വൈകാതെ ദക്ഷിണേന്ത്യയിലേക്കും കേരളത്തിലേക്കും എത്തും.
കേവലം 10 രൂപ പ്രാരംഭ വിലയിലാണ് റിലയന്‍സ് ഐസ്‌ക്രീമുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. കോണുകള്‍, കപ്പുകള്‍, ടബ്ബുകള്‍, ബാറുകള്‍, സ്റ്റിക്ക് ഐസ്‌ക്രീമുകള്‍ തുടങ്ങി വിപുലമായ ശ്രേണി ബോംബെ ക്രീമറിക്ക് കീഴിലുണ്ട്. റിയല്‍ ഡെയറി ക്രീം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിക്കുന്നതെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്.
സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ പ്രീമിയം നിലവാരമുള്ള ഡെയറി ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കുന്നു. റിലയന്‍സ് സ്മാര്‍ട്ട്, സ്മാര്‍ട്ട് ബാസാര്‍ തുടങ്ങിയ സ്വന്തം റീറ്റെയ്ല്‍ ശൃംഖലകള്‍ക്ക് പുറമെ പ്രാദേശിക ജനറല്‍ സ്റ്റോറുകള്‍ വഴിയും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കും.
റിലയന്‍സിന്റെ ഈ കടന്നുവരവ് നിലവിലെ പ്രമുഖ ഐസ്‌ക്രീം കമ്പനികള്‍ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിപണിയിലെ വമ്പന്മാരായ അമൂല്‍ (Amul), എച്ച്.യു.എല്ലിന്റെ (HUL) ക്വാളിറ്റി വാള്‍സ് (Kwality Wall's), വാഡിലാല്‍ (Vadilal), മദര്‍ ഡെയറി, ഹാവമോര്‍ എന്നിവര്‍ക്ക് ഇത് കടുത്ത മത്സരമായി മാറും.
വാര്‍ത്ത പുറത്തുവന്നതോടെ ഈ കമ്പനികളുടെ ഓഹരി വിലകളിലും പ്രതിഫലനം ദൃശ്യമായിട്ടുണ്ട്. ക്വാളിറ്റി വാള്‍സിന്റെ (HUL) ഓഹരികള്‍ ബി.എസ്.ഇയില്‍ 3 ശതമാനം ഇടിഞ്ഞ് 43 രൂപയിലെത്തി.
തുടര്‍ച്ചയായ ഏഴ് ട്രേഡിംഗ് സെഷനുകളിലായി കമ്പനിയുടെ ഓഹരി മൂല്യത്തില്‍ 11 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
നിലവില്‍ 20 രൂപയാണ് മിക്ക കമ്പനികളുടെയും ഐസിക്രൂമികളുടെ ഏറ്റവും കുറഞ്ഞ വില. ഇതിന്റെ പകുതി വിലയ്ക്കാണ് (10 രൂപ) ബോംബെ ക്രീമറിയെ റിലയന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് പ്ലെയറുകള്‍ക്ക് പുറമെ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന പ്രാദേശിക ഐസ്‌ക്രീം ബ്രാന്‍ഡുകളുടെ വിപണി വിഹിതത്തെയും ഈ വിലക്കുറവ് സ്വാധീനിച്ചേക്കാം.
നിലവില്‍ കേരള വിപണിയില്‍ ലഭ്യമാക്കില്ലെങ്കിലും വൈകാതെ കേരളത്തിന്റെ ഐസ്‌ക്രീം വിപണിയിലും റിലയന്‍സിന്റെ വരവ് വലിയ പ്രതിഫലനമുണ്ടാക്കും. അമൂലിനും ക്വാളിറ്റി വാള്‍സിനും പുറമെ മെര്‍സിലീസ്,, ക്യാമെറി, സ്‌കീ, ലാസ, മില്‍മ തുടങ്ങിയ ശക്തമായ ബ്രാന്‍ഡുകള്‍ വാഴുന്ന സംസ്ഥാനമാണ് കേരളം. ഇതുകൂടാതെ പ്രാദേശികമായ നിരവധി ബ്രാന്‍ഡുകളും ഇവിടെയുണ്ട്.
നീണ്ട വേനല്‍ക്കാലവും ഉപഭോക്താക്കളുടെ വരുമാനവളര്‍ച്ചയും ഐസ്‌ക്രീം വിപണിയ്ക്ക് വലിയ ഉണര്‍വ് നല്‍കുന്നുണ്ട്. ഇന്ത്യയിലെ ഐസ്‌ക്രീം വിപണി 2035 ഓടെ 1,610 കോടി കടക്കുമെന്നാണ് എക്‌സ്‌പേര്‍ട്ട് മാര്‍ക്കറ്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ കാണിക്കുന്നത്.
കാമ്പ 200 മില്ലി ബോട്ടില്‍ 10 രൂപയ്ക്ക് നല്‍കി പാനീയ വിപണിയിലെ വമ്പന്മാരെ ഞെട്ടിച്ച പാരമ്പര്യമാണ് റിലയന്‍സിനുള്ളത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 4,700 കോടി രൂപയുടെ മൊത്ത വില്‍പ്പന് നേടാന്‍ കാമ്പയ്ക്ക് സാധിച്ചു. ഇതോടെ റിലയന്‍സിന്റെ എഫ്.എം.സി.ജി വരുമാനം 22,000 കോടി രൂപയായി ഉയര്‍ത്താനും സാധിച്ചു. രാജ്യത്തെ നാലാമത്തെ വലിയ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡായി കാമ്പ മാറിയതായി റിലയന്‍സ് റീറ്റൈയ്ല്‍ ഡയറക്ടര്‍ ഈഷാ അംബാനി വ്യക്തമാക്കിയിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആദ്യമായി എബിറ്റാ (EBITDA) പോസിറ്റീവിലേക്ക് എത്തിയിട്ടുമുണ്ട്. കമ്പനിയുടെ വിഭജനത്തിനു ശേഷമുള്ള നാല് മാസത്തിനുള്ളില്‍ 125 കോടി രൂപയുടെ അറ്റനഷ്ടം കമ്പനി രേഖപ്പെടുത്തിയെങ്കിലും ജൂണ്‍ പാദത്തില്‍ ആകെ വരുമാനം ഇരട്ടിയിലധികമായി വര്‍ധിച്ച് 8,600 കോടി രൂപയിലെത്തി. കാമ്പ സൃഷ്ടിച്ച തരംഗം ബോംബെ ക്രീമറിയും ആവര്‍ത്തിച്ചാല്‍, ഇന്ത്യന്‍ ഐസ്‌ക്രീം വിപണിയില്‍ വരും ദിവസങ്ങളില്‍ കടുത്ത മത്സരത്തിനാകും വഴിതുറക്കുക.
Reliance Consumer Products launches Bombay Creamery at a ₹10 price point, replicating its Campa cola strategy to disrupt India's booming ice cream industry.
Read DhanamOnline in English
Subscribe to Dhanam Magazine