വെറും നാല് വര്‍ഷങ്ങള്‍, ഇതിനകം രണ്ട് ജുവലറികള്‍, 106 എന്‍.ബി.എഫ്.സി ശാഖകള്‍, അഞ്ച് സംസ്ഥാനങ്ങളില്‍ സാന്നിധ്യം... അതിവേഗം വളര്‍ച്ചയുടെ പുതിയ പടവുകള്‍ കീഴടക്കുകയാണ് ആലുവ ആസ്ഥാനമായ റിച്ച് മാക്‌സ് ഗ്രൂപ്പ്.
സ്വര്‍ണാഭരണശാലയായ വാലത്ത് ജുവലേഴ്‌സ്, സ്വര്‍ണ പണയ എന്‍.ബി.എഫ്.സിയായ റിച്ച്മാക്‌സ് ഫിന്‍വെസ്റ്റ്, ട്രാവല്‍ മേഖലയില്‍ സജീവമായ റിച്ച്മാക്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, റിച്ച്മാക്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്നീ നാല് കമ്പനികളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഗ്രൂപ്പില്‍ നിന്ന് പിറന്നത്.
2020ലാണ് റിച്ച് മാക്‌സ് ഗ്രൂപ്പ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ റിച്ച്മാക്‌സ് ഫിന്‍വെസ്റ്റിലൂടെയായിരുന്നു തുടക്കം. ഇന്ന് ഈ എന്‍.ബി.എഫ്.സി കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം (AUM) 400 കോടി രൂപയാണ്. രണ്ട് വര്‍ഷം കൊണ്ടാണ് അസൂയാവഹമായ വളര്‍ച്ച നേടിയതെന്നതാണ് ശ്രദ്ധേയം.
ബിസിനസ് പശ്ചാത്തലമുള്ള കുടുംബമല്ലെങ്കിലും ബിസിനസാണ് തന്റെ മേഖലയെന്ന് കുട്ടിക്കാലത്തു തന്നെ തിരിച്ചറിഞ്ഞതാണ് റിച്ച് മാക്‌സ് ഗ്രൂപ്പ് സ്ഥാപകനും സിഎംഡിയുമായ അഡ്വ. ജോര്‍ജ് ജോണ്‍ വാലത്തിനെ എന്‍.ബി.എഫ്.സിയിലേക്കും പിന്നെ സ്വര്‍ണ വ്യാപാര രംഗത്തേക്കും എത്തിക്കുന്നത്. പഠിക്കുന്ന കാലത്ത് സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനായി ചില്ലറ ജോലികളൊക്കെ ചെയ്തതാണ് ബിസിനസിന്റെ ആദ്യ പാഠം. കിട്ടുന്ന തുക മിച്ചം പിടിച്ച് സ്വര്‍ണം വാങ്ങുന്ന ശീലം മുതിര്‍ന്നപ്പോള്‍ സ്വര്‍ണാഭരണ മേഖലയിലേക്കും ആകര്‍ഷിച്ചു.
അലഹബാദ് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.സി.എയും പിന്നീട് ഉത്തരേന്ത്യയില്‍ നിന്ന് എം.ബി.എയും എല്‍.എല്‍.ബിയും പാസായ ജോര്‍ജ് ജോണ്‍ അധ്യാപക ജോലിയിലാണ് ആദ്യം തുടക്കമിട്ടതെങ്കിലും കേരളത്തിലേക്ക് തിരിച്ചെത്തിയതോടെ ബാങ്കിംഗ് ധനകാര്യ സ്ഥാപന രംഗത്തേക്ക് തിരിഞ്ഞു. കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ പത്തു വര്‍ഷത്തിലധികം ജോലി ചെയ്ത അനുഭവ സമ്പത്തുമായാണ് സ്വന്തം സംരംഭത്തിന് തുടക്കം കുറിക്കുന്നത്.
ഇന്ന് കേരളത്തിന് പുറമെ തമിഴ്‌നാട്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിലും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. നാല് സംസ്ഥാനങ്ങളിലായി മൊത്തം 106 ശാഖകളാണ് റിച്ച്മാക്‌സ് ഫിന്‍വെസ്റ്റിനുള്ളത്. ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് നാലു വര്‍ഷത്തിനകം രണ്ട് ഷോറൂമുകളും തുറന്നു. 600 ഓളം ജീവനക്കാരും ഗ്രൂപ്പിനു കീഴിലുണ്ട്.
2030 ഓടെ 1000 എന്‍ബിഎഫ്‌സി ശാഖകളും 100 ജൂവല്‍റി ഷോറൂമുകളുമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ജോര്‍ജ് ജോണ്‍ വാലത്ത് പറയുന്നു. 2040 ഓടെ ബാങ്കായി മാറാനും ലക്ഷ്യമിടുന്നു. ആലുവയില്‍ നിന്ന് ദേശീയതലത്തിലേക്ക് വളര്‍ന്ന ബാങ്കാണ് ഫെഡറല്‍ ബാങ്ക്. അവിടെ നിന്നുള്ള രണ്ടാമത്തെ ബാങ്ക് സൃഷ്ടിക്കുകയെന്നതാണ് തന്റെ ലക്ഷ്യം- അഡ്വ. ജോര്‍ജ് ജോണ്‍ വാലത്ത് കൂട്ടിച്ചേര്‍ക്കുന്നു.
കേരളത്തിന് പുറത്തേക്കാണ് ഗോള്‍ഡ് ലോണ്‍ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കാനൊരുങ്ങുന്നത്. തെലങ്കാന, ഒറീസ, തമിഴ്‌നാട് എന്നിവിടങ്ങളിലായി മൂന്നുറ് ശാഖകള്‍ തുറക്കാനാണ് പദ്ധതി. അതിനു ശേഷം വടക്കേ ഇന്ത്യന്‍ വിപണികളിലേക്കും കടക്കും.
ജുവലറി ശൃംഖലയും കേരളത്തിനു പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്. തമിഴ്‌നാട്ടില്‍ വാലത്ത് ജുവലേഴ്‌സിന്റെ പുതിയ ഷോറൂമുകള്‍ തുറക്കും. വി വാലത്ത് എന്ന ചെറിയ ഫോര്‍മാറ്റ് ഷോറൂമുകളാണ് ആദ്യം തുറക്കുന്നത്. 200 ചതുരശ്ര അടിയുളള കുഞ്ഞന്‍ ഔട്ട്‌ലറ്റുകളാണിത്. രണ്ടോ മൂന്നോ ജീവനക്കാര്‍ മാത്രമാകും ഷോറൂമുകളില്‍ ഉണ്ടാകുക. ഇവയ്ക്ക് ലഭിക്കുന്ന പ്രതികരണം അറിഞ്ഞതിനു ശേഷം കൂടുതല്‍ വിപുലീകരണത്തിലേക്ക് കടക്കുന്ന രീതിയാണ് വാലത്ത് ജുവലേഴ്‌സ് പിന്തുടരുന്നത്.
ചുരുങ്ങിയ നാളുകള്‍ക്കുള്ളിലെ ഈ അതിവേഗ വളര്‍ച്ചയുടെ വിജയം പൂര്‍ണമായും ടീമീന് സമര്‍പ്പിക്കുകയാണ് ജോര്‍ജ് ജോണ്‍. ''ജീവനക്കാര്‍ക്ക് മാന്യമായി ജീവിക്കാന്‍ പറ്റുന്ന വേതനം നല്‍കിയാണ് ഒപ്പം കൂട്ടുന്നത്. ലക്ഷ്യമിടുന്ന ബിസിനസ് വളര്‍ച്ചയെ കുറിച്ചുള്ള കൃത്യമായ ധാരണ ടീമിലെ ഓരോ അംഗത്തിനുമുണ്ട്. നിലവിലെ ബിസിനസിനെ കുറിച്ചും കമ്പനികളുടെ ലക്ഷ്യങ്ങളെ കുറിച്ചും ടീമിന് വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഓരോ ദിവസവും എങ്ങനെ പ്രവര്‍ത്തിച്ചാലാണ് ലക്ഷ്യത്തിലേക്ക് എത്താനാകുക എന്നും അവര്‍ക്ക് നന്നായി അറിയാം. കമ്പനിയുടെ വളര്‍ച്ചയുടെ നേട്ടം അവര്‍ക്ക് കൂടിയുള്ളതാണ്. വലിയ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു കമ്പനിയെന്ന നിലയില്‍ ടീമിന്റെ പങ്കാളിത്തം വളരെ വലുതാണ്. ഒറ്റയ്ക്ക് ഈ ലക്ഷ്യങ്ങളൊന്നും പൂര്‍ത്തീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ടീമിന് കൃത്യമായി ജോലി വിഭജിച്ച് നല്‍കുകയും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്തവും അധികാരവും ഉറപ്പു വരുത്തുകയും ചെയ്താണ് റിച്ച്മാക്‌സിന്റെ പ്രയാണം''. ജോര്‍ജ് ജോണ്‍ പറയുന്നു.
റിച്ച് മാക്‌സ് ഗ്രൂപ്പില്‍ നിന്നുള്ള ട്രാവല്‍ കമ്പനി റിച്ച്മാക്‌സ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. കൂര്‍ക്കഞ്ചേരിയിലാണ് ഏക ശാഖ പ്രവര്‍ത്തിക്കുന്നത്. എറണാകുളത്തും ദുബൈയിലും ഇതിന്റെ ശാഖകള്‍ തുറക്കാനും പദ്ധതിയുണ്ട്. ഗ്രൂപ്പിന്റെ 600 ഓളം വരുന്ന ജീവനക്കാര്‍ വഴിയാണ് ട്രാവല്‍ ബിസിനസ് വളരുന്നത്. കേരളത്തിനകത്തും പുറത്തും കൂടാതെ വിദേശ ടൂർ പാക്കേജുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine