സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 110 രൂപ താഴ്ന്ന് 14,520 രൂപയും പവന് 880 രൂപ ഇടിഞ്ഞ് 1,16,160 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 90 രൂപ താഴ്ന്ന് 11,930 രൂപയിലാണ് വ്യാപാരം. 14 കാരറ്റിന് 9,290 രൂപയും ഒമ്പത് കാരറ്റിന് 5,990 രൂപയുമാണ് വില.
ഇന്നലെ രണ്ട് തവണ സ്വര്‍ണ വില മാറിയിരുന്നു. രാവിലെ 25 രൂപ താഴ്ന്ന് വ്യാപാരം തുടങ്ങിയ സ്വര്‍ണ വില വൈകിട്ട് നാലരയോടെ 100 രൂപ ഉയര്‍ന്നു.
വെള്ളി വിലയിലും ഇന്ന് മുന്നേറ്റമുണ്ട്. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 295 രൂപയായി. കിലോയ്ക്ക് 2.9 ലക്ഷംരൂപ.
ആഗോള വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ചാണ് സ്വര്‍ണ, വെള്ളി വിലകളില്‍ ഇടിവ്. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും അമേരിക്കന്‍ തൊഴില്‍ വിപണിയില്‍ നിന്നുള്ള അനുകൂല കണക്കുകളുമാണ് തിരിച്ചടിയായത്.
അമേരിക്കയിലെ ശക്തമായ തൊഴില്‍ വിപണി ഡാറ്റ പുറത്തുവന്നതോടെ, ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്ക് കുറയ്ക്കില്ലെന്ന സൂചനയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. ഇത് ഡോളറിന്റെ മൂല്യം ഉയരാന്‍ കാരണമായി. സാധാരണയായി ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സ്വര്‍ണവില താഴുന്ന പ്രവണതയാണ് വിപണിയില്‍ പ്രകടമാകാറുള്ളത്.
ഫെഡറല്‍ റിസര്‍വിന്റെ ഭാവി നയരൂപീകരണത്തില്‍ നിര്‍ണായകമാകുന്ന യുഎസ് പണപ്പെരുപ്പ കണക്കുകള്‍ (Inflation Data) വെള്ളിയാഴ്ച (ഫെബ്രുവരി 13) പുറത്തുവരും. ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ സ്വര്‍ണവിലയുടെ അടുത്ത നീക്കം വ്യക്തമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
നിലവില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിന്ന് മാറി, യുഎസ് ട്രഷറി യീല്‍ഡുകളിലേക്കും ഡോളറിലേക്കും നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കുന്നത്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,160 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 1,31,895 രൂപ നല്‍കിയാലേ കടയില്‍ നിന്ന് ഒരു പവന്റെ ആഭരണം വാങ്ങാനാകൂ. പണിക്കൂലി കൂടുതലുള്ള ആഭരണമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വില ഇനിയും കൂടും.
Read DhanamOnline in English
Subscribe to Dhanam Magazine