അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ താരിഫ് പ്രഖ്യാപനങ്ങളും നയമാറ്റങ്ങളും ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയായിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്താനിരുന്ന 100 ശതമാനം വരെയുള്ള താരിഫ് ഭീഷണിയില്‍ നിലവില്‍ ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും (നിലവില്‍ നികുതി നിരക്ക് ഏകദേശം 21 ശതമാനത്തോളമാണ്) വിപണിയിലെ അനിശ്ചിതത്വം പൂര്‍ണമായി മാറിയിട്ടില്ല. പ്രതിസന്ധികളെ മറികടക്കാന്‍ ബദല്‍ വിപണികള്‍ കണ്ടെത്തി മുന്നേറുമ്പോഴും, ഉത്പാദനച്ചെലവിലെ കുത്തനെയുള്ള വര്‍ധനവും അസംസ്കൃത വസ്തുക്കളുടെ (Raw Material) ലഭ്യതക്കുറവും കേരളത്തിലെ കയറ്റുമതിക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണ്.
അമേരിക്കൻ വിപണിയിൽ തിരിച്ചടികൾ നേരിട്ടെങ്കിലും, യൂറോപ്യൻ യൂണിയനിലേക്കും ചൈനയിലേക്കും കയറ്റുമതി വ്യാപിപ്പിച്ച് ഇന്ത്യൻ കച്ചവടക്കാർ പ്രതിരോധം തീർത്തു. യൂറോപ്യൻ യൂണിയൻ പുതുതായി 21 ഇന്ത്യൻ ഫിഷറി സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകിയതോടെ മൊത്തം അംഗീകൃത യൂണിറ്റുകളുടെ എണ്ണം 625 ആയി ഉയർന്നു. എങ്കിലും, അമേരിക്കൻ വിപണിയിൽ ഇക്വഡോറിൽ നിന്നുള്ള മത്സരം കടുത്തിട്ടുണ്ട്. ഇക്വഡോറിന്റെ ചെമ്മീൻ കയറ്റുമതി 32 ശതമാനം വർധിച്ച് 195,023 മെട്രിക് ടണ്ണിലെത്തിയത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ വെല്ലുവിളിയാണ്. ചൈനീസ് വിപണിയിൽ വൻതോതിൽ കയറ്റുമതി നടക്കുന്നുണ്ടെങ്കിലും, ഇക്വഡോറിന്റെ ശക്തമായ സാന്നിധ്യം കാരണം വിലപേശലിൽ (Price negotiation) കടുത്ത മത്സരമാണ് നേരിടുന്നത്. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ (Value-added products) നിർമ്മാണത്തിലുള്ള മുൻതൂക്കം ഭാവിയിൽ ഇന്ത്യയ്ക്ക് തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഷിപ്പിംഗ് മേഖലയിലെ തടസങ്ങളും യുദ്ധ സാഹചര്യങ്ങളും കാരണം ഫ്രൈറ്റ് (Freight) നിരക്കുകള്‍ മൂന്നും നാലും ഇരട്ടിയായി വര്‍ധിച്ചതാണ് കയറ്റുമതിക്കാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് കേരള സീഫുഡ് അസോസിയേഷന് റീജിയണല്‍ പ്രസിഡന്റും മംഗള മറൈന്‍ എക്സീം ഇന്ത്യ ഉടമയുമായ പ്രേമചന്ദ്ര ഭട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍പ് 4,500 ഡോളറായിരുന്ന ഫ്രൈറ്റ് നിരക്കുകള്‍ ഇപ്പോള്‍ 12,500 ഡോളറിലേക്ക് വരെ ഉയര്‍ന്ന അവസ്ഥയുണ്ട്. ഇതിനുപുറമെ, കൊറഗേറ്റഡ് കാര്ഡ്ബാര്ഡ് ബോക്സുകള്‍, കണ്‍സ്യൂമര്‍ ബാഗുകള്‍ക്കുള്ള പോളിത്തീന്‍ എന്നിവയുടെ വിലയിലുണ്ടായ 30 മുതല്‍ 40 ശതമാനം വരെയുള്ള വര്‍ധന പാക്കിംഗ് ചെലവുകളെയും പ്രതികൂലമായി ബാധിച്ചു.
റഷ്യയുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ ഉപരോധങ്ങള്‍ കാരണം പണമടയ്ക്കുന്നതില്‍ വലിയ കാലതാമസവും ചരക്കുനീക്കത്തില്‍ (Transit Period) മുമ്പ് 30-45 ദിവസമായിരുന്നത് ഇപ്പോള്‍ 70 മുതല്‍ 90 ദിവസം വരെയായി വര്‍ധിച്ചതും പ്രവര്‍ത്തന മൂലധനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന് അംഗീകാരമുള്ള ഏറ്റവും കൂടുതല്‍ സീഫുഡ് പ്രോസസിംഗ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണെങ്കിലും, ആവശ്യത്തിന് റോ മെറ്റീരിയല്‍ ലഭ്യമല്ലാത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനശേഷിയുടെ 15 മുതല്‍ 25 ശതമാനം വരെ മാത്രമാണ് നിലവില്‍ വിനിയോഗിക്കാന്‍ സാധിക്കുന്നത്. ചെമ്മീന്‍ ഉത്പാദനത്തിനായി (Aquaculture) പ്രധാനമായും ആന്ധ്രാപ്രദേശിനെയാണ് കേരളത്തിലെ കമ്പനികള്‍ ആശ്രയിക്കുന്നത്. ആന്ധ്രയില്‍ പ്രധാനമായും വനാമി ചെമ്മീന്‍ കൃഷിയാണ് നടക്കുന്നതെങ്കിലും, ജപ്പാന്, ചൈന, യൂറോപ്പ് വിപണികളില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള 'ബ്ലാക്ക് ടൈഗര്‍' ചെമ്മീന്‍ കൃഷി ചെയ്യാനും വിപണിയിലെത്തിക്കാനും 6 മാസത്തോളം സമയം വേണ്ടിവരുന്നുണ്ട്.
കേരളത്തിലെ തരിശായി കിടക്കുന്ന പൊക്കാളി പാടങ്ങളിലും തീരദേശ മേഖലകളിലും അക്വാകള്‍ച്ചര്‍ വ്യാപിപ്പിക്കുന്നതിന് ഫുള്‍ ടൈം ലൈസന്‍സ് നല്‍കണമെന്ന് സീഫുഡ് അസോസിയേഷന് അഞ്ച് വര്‍ഷത്തോളമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നയപരമായ തീരുമാനങ്ങള്‍ വൈകുകയാണ്. ആന്ധ്രാപ്രദേശില്‍ വേഗത്തില്‍ ലൈസന്‍സ് അനുവദിച്ച് നല്കുമ്പോള് കേരളത്തില്‍ കൃഷി വകുപ്പിന്റെ എതിര്‍പ്പുകള്‍ തടസ്സമാകുന്നുണ്ട്. ഈ മേഖലയില്‍ കൃത്യമായ സംരക്ഷണം നല്കുന്ന നിയമനിര്‍മ്മാണവും സര്‍ക്കാര്‍ പിന്തുണയും ഉണ്ടായാല്‍ മാത്രമേ കേരളത്തിലെ തീരദേശ സമ്പദ്വ്യവസ്ഥയ്ക്കും കയറ്റുമതി ഫാക്ടറികള്‍ക്കും നിലനില്‍പ്പുള്ളൂവെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
കടലില്‍ നിന്ന് ഐസ് പോലും ഉപയോഗിക്കാതെ 30 മുതല്‍ 40 ടണ്‍ വരെ ചെറിയ മീനുകളെയാണ് (Juvenile Fishing) വന്‍തോതില്‍ ബോട്ടുകള്‍ പിടിച്ചെടുക്കുന്നത്. ഇവ കര്‍ണാടകയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഫിഷ് മില്‍ (Fish Meal) നിര്‍മ്മാണത്തിനും വളത്തിനുമായി കൊണ്ടുപോകുന്നത് കടല്‍ വിഭവങ്ങളുടെ സ്വാഭാവിക വര്‍ധനവിനെ ഇല്ലാതാക്കുകയാണ്. പെറു തുടങ്ങിയ രാജ്യങ്ങളില്‍ ചെറിയ മീനുകളെ അമിതമായി പിടിച്ച് നശിപ്പിച്ച അനുഭവം മുന്നിലുണ്ടായിട്ടും കേരളത്തില്‍ ഇതിനെതിരെ നടപടിയുണ്ടാകുന്നില്ല. ഇത് വരുംതലമുറയ്ക്ക് വലിയ മത്സ്യക്ഷാമത്തിന് കാരണമാകുമെന്നും, ഇത്തരത്തിലുള്ള നിയമവിരുദ്ധ മീന്‍പിടുത്തം തടയാന്‍ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രേമചന്ദ്ര ഭട്ട് ആവശ്യപ്പെടുന്നു.
While Indian seafood exporters manage US tariff uncertainties through market diversification, Kerala's exporters face severe freight rate hikes, packaging cost increases, and critical raw material shortages.
Read DhanamOnline in English
Subscribe to Dhanam Magazine