Image Courtesy : Cochin Shipyard 
Business Kerala

കപ്പൽ നിർമാണത്തിലും പ്രതിരോധത്തിലും പുതിയ ചുവടുവെപ്പ്; തദ്ദേശീയ ഹൈബ്രിഡ് ലേസർ വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്‌.എഫ്.ഒ ടെക്‌നോളജീസും കൊച്ചി കപ്പൽശാലയും

ഉയർന്ന നിലവാരമുള്ള വ്യാവസായിക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പ്

Dhanam News Desk

ഇന്ത്യയുടെ അത്യാധുനിക നിർമ്മാണ മേഖലയ്ക്ക് വൻ കുതിപ്പേകിക്കൊണ്ട്, നെസ്റ്റ് ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും (സി.എസ്.എൽ) ചേർന്ന് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് (എച്ച്.എൽ.എ.ഡബ്ല്യു) സാങ്കേതികവിദ്യ പുറത്തിറക്കി. കളമശ്ശേരി നെസ്റ്റ് ഹൈടെക് പാർക്കിൽ നടന്ന അഡ്വാൻസ്ഡ് ലേസർ എഞ്ചിനീയറിംഗ് സെന്ററിന്റെയും എച്ച്.എൽ.എ.ഡബ്ല്യു ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. സി.എസ്.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി. ജെ., എസ്.എഫ്.ഒ ടെക്നോളജീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ എന്നിവർ ചേർന്ന് പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

കോച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡും (CSL) എസ്.എഫ്.ഒ ടെക്നോളജീസും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് (HLAW) സിസ്റ്റം, എസ്.എഫ്.ഒ ടെക്നോളജീസ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈ-പവർ ഫൈബർ ലേസർ സോഴ്സിന്റെ കരുത്തോടെ പ്രവർത്തിക്കുകയും ലേസർ വെൽഡിങ്, പരമ്പരാഗത ആർക്ക് വെൽഡിങ്, റോബോട്ടിക്സ്, നൂതന ഓട്ടോമേഷൻ സംവിധാനങ്ങൾ എന്നിവയെ സംയോജിപ്പിക്കുകയും ചെയ്യുന്നു.

തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് (എച്ച്.എൽ.എ.ഡബ്ല്യു) സാങ്കേതികവിദ്യയും പുതിയ ഗവേഷണ കേന്ദ്രവും കൊച്ചി കപ്പൽശാല സി.എം.ഡി ജോസ് വി. ജെ., നെസ്റ്റ് ഗ്രൂപ്പ്‌ സി.എം.ഡി ഡോ. എൻ. ജഹാംഗീർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യുന്നു. ഒപ്പം സി.എസ്.എൽ ചീഫ് ജനറൽ മാനേജർ അഞ്ജന കെ.ആർ., എക്സിക്യൂട്ടീവ് ഡയറക്ടർ ഷിറാസ് വി.പി., എസ്.എഫ്.ഒ ടെക്നോളജീസ് സി.ഇ.ഒ & എക്സിക്യൂട്ടീവ് ഡയറക്ടർ അൽതാഫ് ജഹാംഗീർ, നെസ്റ്റ് ഡിജിറ്റൽ സി.ഇ.ഒ & എക്സിക്യൂട്ടീവ് ഡയറക്ടർ നസ്നീൻ ജഹാംഗീർ, എസ്.എഫ്.ഒ ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷാഫി യു.എം. തുടങ്ങിയവർ സമീപം.

കപ്പൽ നിർമ്മാണം, പ്രതിരോധം, എൻജിനീയറിങ്, റെയിൽവേ, ഊർജം തുടങ്ങിയ പ്രധാന നിർമ്മാണ മേഖലകളിൽ വെൽഡിങ് പ്രക്രിയയുടെ വേഗത വർധിപ്പിക്കുന്നതിനും മികച്ച ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഉയർന്ന നിലവാരമുള്ള വ്യാവസായിക സാങ്കേതികവിദ്യകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ മുന്നേറ്റത്തെ വിലയിരുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT