സ്വര്‍ണത്തിലെ വിലക്കുറവ് പുതിയ വാരത്തിലും തുടരുന്നു. ഇന്ന് ഗ്രാം വില 10 രൂപ കുറഞ്ഞ് 11,455 രൂപയും പവന്‍ വില 80 രൂപ കുറഞ്ഞ് 91,640 രൂപയുമായി. നവംബര്‍ 13ന് പവന്‍ വില 94,320 രൂപയിലെത്തി ഈ മാസത്തെ ഉയര്‍ന്ന വില തൊട്ട ശേഷം തുടര്‍ച്ചയായ ഇടിവിലാണ്.
കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന്‍ വില 2,680 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ പവന് 97,360 രൂപയാണ് സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോഡ്. അതുമായി നോക്കുമ്പോള്‍ വില 5,720 രൂപയോളം കുറഞ്ഞു.
യു.എസിലെ ഷട്ട്ഡൗണ്‍ നീങ്ങിയതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കില്ലെന്ന സൂചന ലഭിച്ചതുമാണ് സ്വര്‍ണ വിലയില്‍ ഇടിവിന് കാരണമായത്. രാജ്യാന്തര വില ഇന്ന് രാവിലെ 0.36 ശതമാനത്തോളം ഇടിഞ്ഞ് 4,083 ഡോളറിലെത്തി. ഔണ്‍സ് സ്വര്‍ണ വില കഴിഞ്ഞ മാസം 4,381.60 ഡോളര്‍ വരെ എത്തിയ ശേഷമാണ് ഇപ്പോഴത്തെ ഇടിവ്.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,420 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,340 രൂപയും ഒമ്പത് കാരറ്റിന് 4,735 രൂപയുമാണ് ഇന്നത്തെ വില.
വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 170 രൂപയില്‍ തുടരുന്നു.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,640 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 99,162 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine