എബി മാഞ്ഞൂരാന്‍ Image: Canva
Business Kerala

ഇന്നർവെയർ രംഗത്തൊരു വേറിട്ട ബിസിനസ്സ് മാതൃക; പ്രോഡക്റ്റ് കസ്റ്റമൈസേഷനിലൂടെ വിപണി കീഴടക്കി SHEEZ APPARELS

ബ്രാന്‍ഡ് നാമത്തേക്കാള്‍ ഉപരി പ്രോഡക്റ്റ് കസ്റ്റമൈസേഷന് മുന്‍ഗണന നല്‍കി ഇന്നര്‍വെയര്‍ വിപണിയില്‍ വേറിട്ടൊരു ബിസിനസ് മാതൃക തീര്‍ക്കുകയാണ് എബി മാഞ്ഞൂരാനും അദ്ദേഹത്തിന്റെ സ്ഥാപനവും

Dhanam News Desk

ഇന്നർവെയർ വിപണിയിൽ കോർപ്പറേറ്റ് ബ്രാൻഡുകളോട് നേരിട്ട് മത്സരിക്കാതെ, അവരുടെ ഇൻ-ഹൗസ് ബ്രാൻഡുകളുടെ വിശ്വസ്ത പങ്കാളിയായി പ്രവർത്തിക്കുന്ന വ്യത്യസ്ത ബിസിനസ് മാതൃകയിലൂടെ Sheez Apparels ശ്രദ്ധേയമാകുന്നു. കല്യാണ സിൽക്സ് ഇന്നർവെയർ ബ്രാൻഡായ EASZന്റെ ഡിസൈനിംഗ് മുതൽ പ്രൊഡക്ഷൻ, പാക്കേജിംഗ്, വിതരണം വരെ മുഴുവൻ മേൽനോട്ടം ഏറ്റെടുത്ത്, ഉപഭോക്തൃപ്രായവും ആവശ്യങ്ങളും കൃത്യമായി പഠിച്ച് ലേഡീസ്, കിഡ്സ്, ജെന്റ്സ് വിഭാഗങ്ങളിലായി കസ്റ്റമൈസ്ഡ് ഉൽപ്പന്നങ്ങൾ ഒരുക്കുന്നു.

വന്‍കിട കോര്‍പറേറ്റ് ബ്രാന്‍ഡുകളോട് മത്സരിച്ച് വിപണി പിടിക്കുന്നതിനേക്കാള്‍ വലിയൊരു ബിസിനസ് തന്ത്രമുണ്ട്; മുന്‍നിര ബ്രാന്‍ഡുകളുടെ വിശ്വസ്ത പങ്കാളിയായി മാറി, അവരുടെ വിജയത്തിന്റെ അണിയറശില്‍പിയാകുക! ഈ വേറിട്ട തന്ത്രത്തിലൂടെ ഇന്നര്‍വെയര്‍ വിപണിയില്‍ നിശബ്ദ വിപ്ലവം സൃഷ്ടിക്കുകയാണ് ആലുവ ആസ്ഥാനമായുള്ള Sheez Apparels. പ്രമുഖ ടെക്‌സ്റ്റൈല്‍സ് സ്ഥാപനമായ കല്യാണ്‍ സില്‍ക്‌സിന്റെ ഇന്നര്‍വെയര്‍ ബ്രാന്‍ഡായ 'EASZ' യാഥാര്‍ത്ഥ്യമാക്കിയത് Sheez Apparels-ലൂടെയാണെന്ന് പറയുന്നു അമരക്കാരന്‍ എബി മാഞ്ഞൂരാന്‍.

വിപണിയുടെ മിടിപ്പറിഞ്ഞ്

1993-ല്‍ മാര്‍ക്കറ്റിങ് മേഖലയിലാണ് എബി മാഞ്ഞൂരാന്‍ കരിയര്‍ ആരംഭിക്കുന്നത്. ദീര്‍ഘകാലത്തെ വിപണി പരിചയത്തിന്റെ കരുത്തില്‍ 2015 ജനുവരിയിലാണ് Sheez Apparels സ്ഥാപിക്കുന്നത്. ഇപ്പോള്‍ പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, കല്യാണ്‍ സില്‍ക്സിന്റെ ഏറ്റവും മികച്ച ഇന്‍-ഹൗസ് ബ്രാന്‍ഡുകളിലൊന്നാണ് EASZ. ഡിസൈനിങ് മുതല്‍ പ്രൊഡക്ഷന്‍, പാക്കേജിങ്, വിതരണം വരെയുള്ള എല്ലാം Sheez Apparels-ന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

അനുദിനം മാറുന്ന ഫാഷന്‍ ട്രെന്‍ഡുകള്‍ക്കനുസരിച്ച്, ഉപഭോക്താക്കളുടെ പ്രായവും ആവശ്യങ്ങളും കൃത്യമായി പരിഗണിച്ച്, വ്യത്യസ്ത വിഭാഗത്തിലുള്ള ഇന്നര്‍വെയറുകളാണ് ഇവര്‍ ഡിസൈന്‍ ചെയ്യുന്നത്. ലേഡീസ് വിഭാഗത്തിന് പുറമെ കിഡ്സ്, ജെന്റ്‌സ് വിഭാഗങ്ങളിലെ ഇന്നര്‍വെയറുകളും ഇവര്‍ കല്യാണ്‍ സില്‍ക്സിന് വേണ്ടി ലഭ്യമാക്കുന്നുണ്ട്.

ഉല്‍പാദനവും ഗുണമേന്മയും

സാധാരണ കോട്ടണ്‍ ഉല്‍പന്നങ്ങളില്‍ നിന്ന് മാറി, കൂടുതല്‍ സ്‌കിന്‍ ഫ്രണ്ട്ലിയും സ്‌ട്രെച്ചബിളും സുഖപ്രദവുമായ കോട്ടണ്‍ സ്പാന്‍ഡെക്‌സ് (Spandex), പോളിമൈഡ് തുടങ്ങിയ അത്യാധുനിക ഫാബ്രിക്കുകളാണ് ഉപയോഗിക്കുന്നത്.

വിവിധ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ആലുവയിലെ വെയര്‍ഹൗസില്‍ എത്തിച്ച് മെഷര്‍മെന്റ്, സ്റ്റിച്ചുകള്‍, ഫാബ്രിക്, കളര്‍ എന്നിവയെല്ലാം 15 പേരടങ്ങുന്ന ഒരു ക്യുസി (Quality Check) ടീം വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തുന്നു. അതുകൊണ്ടുതന്നെ ഉല്‍പന്നങ്ങളെക്കുറിച്ചുള്ള പരാതികള്‍ 0.001% പോലുമില്ലെന്ന് എബി മാഞ്ഞൂരാന്‍ ചൂണ്ടിക്കാട്ടുന്നു.

മുംബൈയില്‍ സ്വന്തമായി മൂന്ന് പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ കമ്പനിക്കുണ്ട്. ഇതുകൂടാതെ ഡല്‍ഹി, തിരുപ്പൂര്‍ എന്നിവിടങ്ങളിലെ പ്രൊഡക്ഷന്‍ യൂണിറ്റുകളും കമ്പനി പ്രയോജനപ്പെടുത്തുന്നു.നിലവില്‍ പ്രതിമാസം 7,500 ഡസന്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. ആവശ്യം വരികയാണെങ്കില്‍ ഇത് പ്രതിമാസം 12,500 ഡസന്‍ വരെയായി ഉയര്‍ത്താനുള്ള സജ്ജീകരണങ്ങളും ലഭ്യമാണെന്ന് എബി മാഞ്ഞൂരാന്‍ പറയുന്നു.

ഭാവിയില്‍ ഇന്നര്‍വെയറുകള്‍ക്ക് പുറമെ പൈജാമ സെറ്റ്, ഡെയ്ലി വെയര്‍, സോക്സ് എന്നിവയുടെ ഉല്‍പാദനവും കമ്പനി ലക്ഷ്യംവെക്കുന്നുണ്ട്. ഉല്‍പന്ന നിര്‍മാണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ സംരംഭത്തിന്റെ പ്രവര്‍ത്തനം. കല്യാണ്‍ സില്‍ക്സിലെ ആറായിരത്തോളം വരുന്ന ജീവനക്കാര്‍ക്കും EASZ ബ്രാന്‍ഡിന്റെ പ്രമോട്ടര്‍മാര്‍ക്കും കൃത്യമായ ഇടവേളകളില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ട്രെയിനിങ് നല്‍കുന്നുണ്ട്.

ടെക്‌സ്‌റ്റൈല്‍ രംഗത്തുള്ളവര്‍ക്ക് ആവശ്യമായ സ്റ്റാഫ് ട്രെയിനിങ് നല്‍കാനും കമ്പനി മുന്നിലുണ്ട്. കൂടാതെ പുതുതായി ഷോപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് ആവശ്യമായ കൃത്യമായ ഗൈഡന്‍സും SOPയും ബിസിനസ് ഉപദേശങ്ങളും നല്‍കിവരുന്നു. ebymanjooran.com എന്ന വെബ്‌സൈറ്റും ഇതിനായി ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 94470 70720.

(ധനം — വ്യവസായ വാണിജ്യ ദ്വൈവാരികയുടെ ജൂൺ 30 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT