അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 40 ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടുന്ന വൻ ശൃംഖല കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ട് വ്യവസായ പ്രമുഖയും ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാലിന്റെ മകളുമായ ശ്രുതി ഷിബുലാൽ നേതൃത്വം നൽകുന്ന 'താമര ലെഷർ എക്സ്പീരിയൻസസ്'. ആഡംബര റിസോർട്ടുകൾ, ഉയർന്ന നിലവാരത്തിലുള്ള ഹോട്ടലുകൾ, ഹെൽത്ത് കെയർ ടൂറിസം, ആത്മീയ തീർഥാടന ടൂറിസം തുടങ്ങിയ മേഖലകളിൽ കേരളത്തിന് തന്ത്രപ്രധാനമായ സ്ഥാനം നൽകിക്കൊണ്ടാണ് കമ്പനിയുടെ വിപുലീകരണ പദ്ധതികൾ മുന്നേറുന്നത്.
ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ വിശ്വാസാധിഷ്ഠിത ആതിഥേയ ബ്രാൻഡായ 'റേ ബൈ താമര' (O By Tamara / Raha) അടുത്തിടെ ഗുരുവായൂരിൽ കമ്പനി ഉദ്ഘാടനം ചെയ്തിരുന്നു. വേഗത്തിൽ വളരുന്ന ആത്മീയ വിനോദസഞ്ചാര മേഖലയിലേക്കുള്ള താമര ഗ്രൂപ്പിന്റെ ആദ്യ ചുവടുവെയ്പ്പ് കൂടിയായിരുന്നു ഇത്.
ശൃംഖലയുടെ അടുത്ത നിർണായക ചുവടുവെപ്പായി ആലപ്പുഴയിൽ അത്യാഡംബര വിനോദസഞ്ചാര കേന്ദ്രമായ 'ദ താമര മറീന' യാഥാർത്ഥ്യമാകും.
24 ആഡംബര ബോട്ട് വില്ലകൾ: കായലിൽ ഒന്ന്, രണ്ട്, മൂന്ന് മുറികളിലായി നിർമിക്കുന്ന 24 ആഡംബര ബോട്ട് വില്ലകൾ.
10 കായലോര ബംഗ്ലാവുകൾ: കായൽത്തീരത്ത് സജ്ജമാക്കുന്ന 10 പ്രത്യേക ബംഗ്ലാവുകൾ.
ഇത്തരത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന വാട്ടർ ബോട്ട് റിസോർട്ടുകളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമായി ആലപ്പുഴയിലെ ഈ സംരംഭം മാറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ വിനോദസഞ്ചാര വിപണി പരമ്പരാഗതമായുള്ള ഡെസ്റ്റിനേഷനുകൾക്കപ്പുറത്തേക്ക് അതിവേഗം വളരുകയാണെന്ന് താമര ലെഷർ എക്സ്പീരിയൻസസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സമീർ എം.സി. വ്യക്തമാക്കി.
ആഡംബര താമസസൗകര്യങ്ങൾ, ഹെൽത്ത് കെയർ/വെൽനെസ് ടൂറിസം, ആത്മീയ തീർഥാടനം എന്നിവ സമന്വയിക്കുന്ന വളർന്നുവരുന്ന കേന്ദ്രങ്ങളിൽ സുഖകരവും ശാന്തവുമായ താമസം തേടുന്ന സഞ്ചാരികളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാറ്റം മുൻകൂട്ടികണ്ടാണ് താമര ലെഷർ ഭാവി പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നത്.
Tamara Leisure Experiences, led by Shruti Shibulal, targets 40 hotels and resorts in five years with a focus on luxury, wellness, and spiritual tourism in Kerala.
Read DhanamOnline in English
Subscribe to Dhanam Magazine