canva
Business Kerala

സംരംഭകര്‍ക്ക് ബിസിനസ് വിപുലീകരിക്കാന്‍ പണം കണ്ടെത്താനുള്ള വഴി! വലിയ വിപുലീകരണത്തിന് ഒരുങ്ങുന്ന സ്ഥാപനങ്ങള്‍ ഏത് രീതി തിരഞ്ഞെടുക്കണം?

ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സംരംഭകര്‍ക്ക് ഉണ്ടാവുന്ന വെല്ലുവിളികളില്‍ ഒന്ന് മൂലധനത്തിന്റെ അപര്യാപ്തതയാണ്.

Jimson David C

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായ ചെറുകിട,ഇടത്തരം സംരംഭങ്ങള്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വമ്പന്‍മാര്‍ ചെറുകിട മേഖലകളില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതും പുതിയ സാങ്കേതിക വിദ്യ തങ്ങളുടെ ബിസിനസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന കനത്ത സാമ്പത്തിക ചെലവുമൊക്കെ ഇത്തരം സംരംഭകരുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ട്. പ്രധാനമായും ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സംരംഭകര്‍ക്ക് ഉണ്ടാവുന്ന വെല്ലുവിളികളില്‍ ഒന്ന് മൂലധനത്തിന്റെ അപര്യാപ്തതയാണ്. മൂലധനമില്ലാതെ ബിസിനസില്ല. അതിനായി മൂലധനം എങ്ങനെയൊക്കെ സമാഹരിക്കാമെന്ന് നോക്കാം.

ഏത് സ്ഥാപനത്തിനും മൂലധനം സമാഹരിക്കാനുള്ള വ്യത്യസ്തമായ വഴികള്‍ താഴെ കൊടുത്തിരിക്കുന്നു.

1. പ്രമോട്ടര്‍മാരില്‍ നിന്ന്, അല്ലെങ്കില്‍ പ്രമോട്ടര്‍മാര്‍ സ്ഥാപനത്തിലേക്ക് മുടക്കുന്ന മൂലധനം. (Equity or Debt).

2. ബാങ്കുകളില്‍ നിന്നോ ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ലഭിക്കുന്ന വായ്പകള്‍.

3. വ്യക്തികളില്‍ നിന്ന് കടമായി സമാഹരിക്കുന്ന (കടപ്പത്രങ്ങളായോ/റെഡീമബിള്‍ പ്രിഫറന്‍സ് ഷെയറുകള്‍ ആയോ) മൂലധനം.

4. പൊതുസമൂഹത്തില്‍ നിന്ന് സമാഹരിക്കുന്ന ഓഹരി മൂലധനം (Equity Capital).

കൂടുതല്‍ ഉത്തമം പലപ്പോഴും വിപണി വികസനത്തിനോ ഉല്‍പ്പന്ന വിപുലീകരണത്തിനോ വേണ്ടിയായിരിക്കും മൂലധനം ആവശ്യമായി വരിക. അതില്‍നിന്ന് ഒരു റിട്ടേണ്‍, അല്ലെങ്കില്‍ അധിക ലാഭം വരികയോ വരാതിരിക്കുകയോ ചെയ്യാം. അതിനാല്‍ ഇങ്ങനെ ചെലവഴിക്കുന്ന മൂലധനത്തിന് റിസ്‌ക് കൂടുതലാണ്. ഒരു സംരംഭകന്‍ ബാങ്കില്‍ നിന്നോ മറ്റ് ശ്രോതസുകളില്‍ നിന്നോ പലിശയ്ക്ക് കടമെടുത്ത്, ഇത്തരം വിപുലീകരണത്തിന് ഇറങ്ങുമ്പോള്‍ അയാള്‍ വലിയറിസ്‌കാണ് എടുക്കുന്നത്. വിപുലീകരണത്തിന്റെ ഫലമായി കൃത്യമായ ഒരു ക്യാഷ്-ഫ്‌ളോ തിരിച്ചു വരാത്ത പക്ഷം പലിശ ഇനത്തിലും മറ്റും വരുന്ന തിരിച്ചടവുകള്‍ സ്ഥാപനത്തെ ഞെരുക്കും. അതുകൊണ്ട് വലിയ കുതിച്ചുചാട്ടങ്ങള്‍ക്കായി ഒരുങ്ങുന്ന സ്ഥാപനങ്ങള്‍ ഓഹരികളിലൂടെയുള്ള (Equity funding) മൂലധന സമാഹരണത്തിനാണ് ശ്രമിക്കേണ്ടത്.

ഉദാഹരണത്തിന്: അഞ്ച് കോടി രൂപ കടമായി എടുക്കുന്ന ഒരു സ്ഥാപനത്തിന് വരുന്ന വായ്പ തിരിച്ചടവ് പരിശോധിക്കാം.

12% വാര്‍ഷിക പലിശ നിരക്കുള്ള ഒരു ഓവര്‍ഡ്രാഫ്റ്റ് ഫസിലിറ്റി ആണെങ്കില്‍ പ്രതിമാസം അഞ്ച് ലക്ഷം രൂപ പലിശ ഇനത്തില്‍ വരും. ചില സന്ദര്‍ഭങ്ങളില്‍ ടേം ലോണായി ആയിരിക്കും ലഭിക്കുന്നത്. അഞ്ച് വര്‍ഷം തിരിച്ചടവ് കാലാവധി ഉള്ള ഒരു വായ്പയാണെങ്കില്‍ ഈ തുക പ്രതിമാസം 11 ലക്ഷത്തോളം ആയിരിക്കും. എന്നാല്‍ ഇത് ഓഹരിയായി ആണ് സമാഹരിക്കുന്നതെങ്കില്‍ ലാഭം ഉണ്ടെങ്കില്‍ മാത്രം അതിന്റെ വിഹിതം കൊടുത്താല്‍ മതിയാകും.

ഇത്തരം വായ്പകള്‍ എടുക്കണമെങ്കില്‍ മിക്കപ്പോഴും വസ്തുവകകളോ ഭൂമിയോ ഈടായി വെയ്‌ക്കേണ്ടിവരും. തിരിച്ചടവ് മുടങ്ങുന്ന പക്ഷം ഇതിന്മേല്‍ ജപ്തി നടപടികളും ഉണ്ടാകും. വ്യക്തികളില്‍ നിന്ന് വാങ്ങുന്ന വായ്പകളുടെയും സ്വഭാവം മേല്‍പ്പറഞ്ഞ രീതികളിലെല്ലാം ആയിരിക്കും. വായ്പകളോ സ്വന്തം മൂലധനമോ അല്ലാതെ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് എസ്എംഇ ഐപിഒ വഴി മൂലധനം സമാഹരിക്കാം. ഇതിനെക്കുറിച്ച് തുടര്‍ലക്കങ്ങളില്‍ കൂടുതലായി വിവരിക്കാം.

(ധനം മാഗസിന്‍ സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

SMEs in India face capital shortages while planning business expansion. Learn different ways to raise funds—equity, bank loans, debt instruments, or SME IPOs—and why equity funding may be safer for large-scale growth.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT