P R Seshadri, MD & CEO,  South Indian Bank 
Business Kerala

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ഒന്നാം പാദത്തില്‍ ₹321.95 കോടി ലാഭം, മൊത്തം ബിസിനസ് ചരിത്രത്തില്‍ ആദ്യമായി ₹2 ലക്ഷം കോടി രൂപ പിന്നിട്ടു

മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു

Dhanam News Desk

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) സൗത്ത് ഇന്ത്യന്‍ ബാങ്കിന് 321.95 കോടി രൂപയുടെ ലാഭം. 2024-25 സാമ്പത്തിക വര്‍ഷത്തെ 294.13 കോടിയെ അപേക്ഷിച്ച് 9.46 ശതമാനമാണ് വര്‍ധന.

ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 507.68 കോടിയില്‍ നിന്ന് 32.41 ശതമാനം ഉയര്‍ന്ന് 672.20 കോടിയായതായി ബാങ്ക് വ്യക്തമാക്കി.

ഇക്കാലയളവില്‍ ബാങ്ക് കൈകാര്യം ചെയ്യുന്ന ആകെ ബിസിനസ് 2,02,119 ലക്ഷം കോടി എന്ന ചരിത്ര നേട്ടത്തിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം 3.83 ശതമാനം കുറഞ്ഞ് 833 കോടി രൂപയായി.

ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 4.50 ശതമാനത്തില്‍ നിന്ന് 3.15 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 1.44 ശതമാനത്തില്‍ നിന്ന് 0.68 ശതമാനത്തിലേക്കും കുറഞ്ഞതും ബാങ്കിന് നേട്ടമായി.

എഴുതിത്തള്ളല്‍ ഉള്‍പ്പെടെയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 88.82 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 78.93 ശതമാനവുമായി.

നിക്ഷേപവും വായ്പയും

റീറ്റെയില്‍ നിക്ഷേപം (Retail deposit) 99,745 കോടി രൂപയില്‍ നിന്ന് 9.65 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 1.09 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപം (NRI deposti)7.27 ശതമാനം ഉയര്‍ന്ന് 32,293 കോടിയിലെത്തി. സേവിംഗ്‌സ് ബാങ്ക് (Savings Bank) നിക്ഷേപം 6.39 ശതമാനം ഉയര്‍ന്ന് 29,027 കോടി രൂപ.

കറന്റ് അക്കൗണ്ട് നിക്ഷേപം 21.37 ശതമാനം വര്‍ധിച്ച് 7,177 കോടി രൂപയിലുമെത്തി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (CASA/കാസ) അനുപാതം 32.06 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്.

ബാങ്കിന്റെ മൊത്തം വായ്പകള്‍ ഒന്നാം പാദത്തില്‍ എട്ട് ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 89,198 കോടി രൂപയിലെത്തി. മുന്‍വര്‍ഷം സമാന പാദത്തിലിത് 82,580 കോടി രൂപയായിരുന്നു. വ്യക്തിഗത വായ്പകള്‍ 26 ശതമാനം വളര്‍ന്നപ്പോള്‍ സ്വര്‍ണപ്പണയ വായ്പകള്‍ (Gold Loan) വര്‍ധിച്ചത് 7 ശതമാനം. ഭവന വായ്പകള്‍ 66 ശതമാനവും വാഹന വായ്പകള്‍ 27 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്‌ഐബി ഒഎസ്എല്ലിന്റെ സാമ്പത്തിക ഫലങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങള്‍.

തുടര്‍ച്ചയായ ലാഭക്ഷമത, മികച്ച ആസ്തി ഗുണനിലവാരം, ഭദ്രമായ വായ്പാ പോര്‍ട്ട്‌ഫോളിയോ, ശക്തമായ റീട്ടെയില്‍ നിക്ഷേപ അടിത്തറ എന്നിവയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബിസിനസ് വളര്‍ച്ചയുടെ അടിസ്ഥാനമെന്നും നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം ബാങ്കിന്റെ ഘടനാപരമായ പ്രവര്‍ത്തനങ്ങളെയും ശക്തമാക്കി ബിസിനസ് ലക്ഷ്യങ്ങള്‍ നേടിയെടുക്കുമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി. ആര്‍ ശേഷാദ്രി പറഞ്ഞു. . കോര്‍പറേറ്റ് വായ്പ, ഭവന വായ്പ, വാഹന വായ്പ, സ്വര്‍ണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT