ആഗോള ആശങ്കകൾ ഇന്ത്യൻ വിപണിയെ വലിയ തകർച്ചയിലേക്കു നയിച്ചു. ഏപ്രിൽ ഏഴിനു ശേഷം ആദ്യമായി നിഫ്റ്റി 23,000 നു താഴെ വന്നു. സെൻസെക്സ് 73,000 നും താഴെ എത്തി.
മുഖ്യസൂചികകൾ രാവിലെ 1.20 ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി 22,837 ഉം സെൻസെക്സ് 72,923 ഉം വരെ താഴ്ന്ന ശേഷം അല്പം കയറി.
ബാങ്ക് നിഫ്റ്റിയും നിഫ്റ്റി ഫിനാൻഷ്യൽ സർവീസും 1.70 ശതമാനം വീതം താഴ്ന്നു. പൊതു മേഖലാ ബാങ്കുകൾ പലതും മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു.
മിഡ് ക്യാപ് 100 സൂചിക 1.3 ഉം സ്മോൾ ക്യാപ് സൂചിക 1.4 ഉം ശതമാനം നഷ്‌ടത്തിലായി. മീഡിയ ഒഴികെ എല്ലാ വ്യവസായ മേഖലകളും രാവിലെ താഴ്ചയിലാണ്.
യുഎസിലും മറ്റും പലിശ ഉയരുന്നത് വിദേശ നിക്ഷേപ സ്ഥാപനങ്ങളെ ഇന്ത്യയിൽ നിന്നു വിട്ടു പോകാൻ പ്രേരിപ്പിക്കും എന്ന ആശങ്ക വിപണിയിൽ പ്രബലമായി. ക്രൂഡ് ഓയിൽ വില 107 ഡോളറിലേക്കു കയറി. ഇന്ത്യയുടെ ക്രൂഡ് ബാസ്കറ്റ് 123 ഡോളറിനു മുകളിലാണ്. വില ഈ നിലവാരത്തിൽ തുടർന്നാൽ ഇന്ധനവില കൂട്ടാൻ സർക്കാർ നിർബന്ധിതമാകും. അതു ചില്ലറ വിലക്കയറ്റം വർധിപ്പിക്കും. പലിശ വർധന അനിവാര്യമാകും.
1785 രൂപയിൽ ഐപിഒ നടത്തിയ എൻഎസ്ഇ ലിമിറ്റഡ് ഓഹരി ഇന്നു രാവിലെ 1.5 ശതമാനത്തിലധികം ഇടിഞ്ഞ് 1761 രൂപ വരെ എത്തി.
ചൈനയിൽ നിന്നുള്ള ഗ്ലാസ് ഇറക്കുമതിക്കു ചുങ്കം വർധിപ്പിക്കാൻ വാണിജ്യമന്ത്രാലയ ശിപാർശ ചെയ്തതിനെ തുടർന്ന് ബോറോസിൽ ഓഹരി അഞ്ചു ശതമാനം കുതിച്ചു.
ക്രൂഡ് ഓയിൽ വില കുതിച്ചു കയറുന്നത് എംആർപിഎൽ ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.
ജിഇ ഷിപ്പിംഗ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകിയ നൊമുറ അതിന് 1965 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി 4.5 ശതമാനം ഉയർന്നു.
മികച്ച വളർച്ച സാധ്യതയുടെ അടിസ്ഥാനത്തിൽ അലൈഡ് ബ്ലെൻഡേഴ്‌സിന് നൊമുറ 1400 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
രൂപ ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഏഴു പൈസ കൂടി 95.88 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 95.96 രൂപയായി.
സ്വർണം ലോകവിപണിയിൽ 2.19 ശതമാനം ഇടിഞ്ഞ് ഔൺസിന് 4192 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1840 രൂപ ഇടിഞ്ഞ് 1,10,120 രൂപയായി.
ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം രണ്ടു ശതമാനം കൂടി 107.03 ഡോളറിലും ഡബ്ള്യുടിഐ ഇനം 94.17 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine