കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ റീട്ടെയിൽ, ഹോൾസെയിൽ വിപണികളിൽ പഞ്ചസാരയുടെ വിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവ് സാധാരണക്കാരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ കിലോഗ്രാമിന് 46 മുതൽ 47 രൂപ വരെ ആയിരുന്ന പഞ്ചസാര വിലയിൽ ഈ മാസം വൻ വർദ്ധനവാണുണ്ടായത്. ഈ മാസം ആദ്യം മുതൽ വില വർദ്ധിക്കാൻ തുടങ്ങുകയും ഓഗസ്റ്റ് 24 ഓടെ ഹോൾസെയിൽ വില റെക്കോർഡ് നിരക്കായ 67 രൂപയിൽ എത്തിച്ചേരുകയും ചെയ്തു. അതായത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കിലോയ്ക്ക് 20 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
വില 67 രൂപയിലേക്ക് ഉയർന്നതിനു ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിപണിയിൽ നേരിയ കുറവ് അനുഭവപ്പെടുന്നതായി ആലുവ ഓൾഡ് മാർക്കറ്റ് പരിസരത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഹോൾസെയിൽ പലചരക്ക് വ്യാപാരിയായ എസ്.കെ ഏജന്‍സീസ് ഉടമ ആഷിക്ക് ധനം ഓണ്‍ലൈനോട് പറഞ്ഞു. ഓഗസ്റ്റ് 27-ന് ഹോൾസെയിൽ വില 62 രൂപയായിരുന്നത് ഓഗസ്റ്റ് 28 ആയപ്പോഴേക്കും 59 രൂപയായി താഴ്ന്നു.
സാധാരണയായി ഹോൾസെയിൽ നിരക്കിനേക്കാൾ 3-4 രൂപയുടെ വ്യത്യാസമാണ് റീട്ടെയിൽ വിപണിയിൽ ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ നിലവിൽ റീട്ടെയിൽ വിപണിയിൽ ഉപഭോക്താക്കൾക്ക് പരമാവധി 65 രൂപ നിരക്കിൽ പഞ്ചസാര ലഭ്യമാണ്. വരും ദിവസങ്ങളിൽ വില ഇനിയും കുറയാൻ സാധ്യതയുണ്ടെങ്കിലും, അത് പഴയ 46-47 രൂപ നിരക്കിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
വില കുറഞ്ഞാലും പരമാവധി 50 മുതൽ 52 രൂപ വരെയുള്ള ഒരു നിരക്കിൽ വിപണി ഫിക്സ് ചെയ്തു നിൽക്കാനാണ് സാധ്യത; മുൻപത്തെ അപേക്ഷിച്ച് നാല്-അഞ്ച് രൂപ കൂടി നിൽക്കുമെന്നാണ് കരുതേണ്ടത്. നിലവിൽ സംസ്ഥാന വിപണിയിൽ പഞ്ചസാരയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നില്ലെന്നും ആഷിക്ക് പറയുന്നു.
കേരളത്തിലേക്ക് പ്രധാനമായും കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് പഞ്ചസാര എത്തുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള പഞ്ചസാര പൊതുവെ വലിയ തരികളുള്ളതും വീട്ടുപയോഗത്തിന് അനുയോജ്യവുമാണ്. എന്നാൽ ആലുവ പോലുള്ള പ്രമുഖ വിപണികളിൽ ബേക്കറി ആവശ്യങ്ങൾക്കായി കർണാടകയിൽ നിന്നുള്ള പ്രത്യേക 'എസ് 3' (S3) ഇനം പഞ്ചസാരയാണ് കൂടുതൽ ഉപയോഗിക്കുന്നത്.
കേക്ക്, മറ്റ് ബേക്കറി പലഹാരങ്ങൾ എന്നിവ നിർമ്മിക്കാൻ കൂടുതൽ തിളക്കവും വെണ്മയുമുള്ള പൊടിയായ ഈ പഞ്ചസാര ഏറെ അനുയോജ്യമാണ്. മഹാരാഷ്ട്ര പഞ്ചസാരയെ അപേക്ഷിച്ച് ഇതിന് കിലോഗ്രാമിന് 30 മുതൽ 40 പൈസ വരെ കൂടുതലാണ് വില. വിപണിയിലെ വിതരണം തടസമില്ലാതെ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ വില കൂടുതൽ സുസ്ഥിരമായ നിരക്കിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഇന്ത്യയിൽ വരാനിരിക്കുന്ന വിനായക ചതുർത്ഥി, ദസറ, ദീപാവലി തുടങ്ങിയ ഉത്സവ സീസണ് മുന്നോടിയായി ക്ഷാമം അനുഭവപ്പെടുന്നതും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്. ഉത്സവ സീസണോടനുബന്ധിച്ച് മധുരപലഹാരങ്ങൾക്ക് ആവശ്യം വർധിക്കുന്നതിനാല്‍ ബേക്കറികളും വ്യവസായ ഉപഭോക്താക്കളും വൻതോതിൽ വാങ്ങി സൂക്ഷിച്ചതും വില കൂട്ടി. വിപണിയിലെ പ്രതിസന്ധി മുന്നിൽക്കണ്ട് ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ജനപ്രിയ ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ വാങ്ങുന്ന പഞ്ചസാരയുടെ അളവിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേക ഇനം പഞ്ചസാര സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ ഒരാൾക്ക് പരമാവധി രണ്ട് 1 കിലോ പാക്കറ്റുകൾ മാത്രമേ ഓർഡർ ചെയ്യാനാകൂ. ബ്ലിങ്കിറ്റിൽ ഒരു 5 കിലോഗ്രാം പാക്കറ്റും, സെപ്റ്റോയിൽ ഒരു കിലോഗ്രാം പാക്കറ്റുമാണ് പരമാവധി വാങ്ങാൻ അനുവദിക്കുന്നത്. ഡിമാർട്ട്, റിലയൻസ് തുടങ്ങിയ ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇത് 2 മുതൽ 3 കിലോഗ്രാമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ പഞ്ചസാര കയറ്റുമതി സെപ്റ്റംബർ 30 വരെ നിരോധിക്കുകയും 10 ലക്ഷം മെട്രിക് ടൺ ക്രൂഡ് പഞ്ചസാര നികുതിരഹിതമായി ഇറക്കുമതി ചെയ്യാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഡീലർമാർക്ക് പരമാവധി 400 ടൺ സ്റ്റോക്ക് പരിധിയും നിശ്ചയിച്ചു. തായ്‌ലൻഡിലും ഉൽപാദനക്കുറവ് നേരിടുന്നതിനാൽ, ഇന്ത്യയ്ക്ക് നിലവിൽ ആശ്രയിക്കാൻ കഴിയുന്ന ഏക പ്രായോഗിക രാജ്യം ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉൽപാദകരായ ബ്രസീൽ മാത്രമാണ്.
ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവ്: ഇന്ത്യയിൽ ഈ വർഷം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ പഞ്ചസാര ഉൽപ്പാദനമാണ് ഉണ്ടായത്. ശരാശരി 320 ലക്ഷം മെട്രിക് ടൺ ഉൽപ്പാദനം ഉണ്ടാകേണ്ട സ്ഥാനത്ത് ഈ വർഷം യഥാർത്ഥ ഉൽപ്പാദനത്തിൽ ഏകദേശം 40 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയത്. തുടക്കത്തിൽ 343 ലക്ഷം മെട്രിക് ടൺ പ്രതീക്ഷിച്ചിരുന്നെങ്കിലും യഥാർത്ഥ ഉൽപ്പാദനം 306 ലക്ഷം മെട്രിക് ടണ്ണിലേക്ക് താഴ്ന്നു.
കൃഷിനാശവും രോഗബാധയും: മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ പ്രധാന കരിമ്പ് ഉൽപ്പാദന സംസ്ഥാനങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം, ജലക്ഷാമം എന്നിവ കാരണം വലിയ കൃഷിനാശമുണ്ടായി. ഇതോടൊപ്പം റെഡ് റോട്ട് (ചെമ്പീര രോഗം), ടോപ്പ് ബോറർ തുടങ്ങിയ കീടബാധകളും കരിമ്പ് ഉൽപ്പാദനത്തെ ബാധിച്ചു.
എഥനോൾ നിർമ്മാണം: പെട്രോളിൽ ചേർക്കാനായി കരിമ്പ് വലിയ തോതിൽ എഥനോൾ ഉൽപ്പാദനത്തിലേക്ക് വഴിതിരിച്ചുവിട്ടത് വിപണിയിലെ പഞ്ചസാരയുടെ അളവ് കുറച്ചു. എന്നാൽ എഥനോൾ വഴിതിരിച്ചുവിടൽ ഇതിന് കാരണമല്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine