image created with Gemini ai
Business Kerala

വേനല്‍ച്ചൂടില്‍ ഉയര്‍ന്ന് പഴം വിപണി; വിളവെടുപ്പ് പ്രതിസന്ധിയില്‍, മാമ്പഴ വിപണിയില്‍ നേരിയ ആശ്വാസം

സീസണ്‍ അവസാനിച്ചതും ചൂട് മൂലം വിളകള്‍ പാകമാകുന്നതിന് മുന്‍പേ കൊഴിഞ്ഞു പോകുന്നതും വിപണിയില്‍ പഴങ്ങളുടെ ദൗര്‍ലഭ്യം സൃഷ്ടിക്കുന്നു

Resya Raveendran

കേരളത്തില്‍ വേനല്‍ കടുത്തതോടെ പഴവര്‍ഗങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുണ്ടെങ്കിലും ഉല്‍പ്പാദനത്തിലെ കുറവും വിതരണ തടസ്സങ്ങളും വിപണിയെ പ്രതിസന്ധിയിലാക്കുന്നു. ദാഹശമനത്തിനായി മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തണ്ണിമത്തന്‍, ഓറഞ്ച്, നാരങ്ങ എന്നിവയുടെ വില്‍പനയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ലഭ്യതയിലുണ്ടായ കുറവ് വിലക്കയറ്റത്തിന് വഴിവെച്ചിരിക്കുകയാണ്.

നാരങ്ങയ്ക്ക് തീവില; പൈനാപ്പിളും തണ്ണിമത്തനും മുകളിലേക്ക്

വിപണിയില്‍ ഏറ്റവും വലിയ വിലക്കയറ്റം അനുഭവപ്പെടുന്നത് നാരങ്ങയ്ക്കാണ്. കഴിഞ്ഞ മാസം കിലോയ്ക്ക് 70-100 രൂപ നിരക്കില്‍ ലഭിച്ചിരുന്ന നാരങ്ങയ്ക്ക് ഇപ്പോള്‍ 250 രൂപ കടന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കിലോയ്ക്ക് 25 രൂപയായിരുന്ന പൈനാപ്പിളിന് ഇപ്പോള്‍ 33-34 രൂപയാണ് വില. എന്നാല്‍ മാര്‍ച്ചിലേതുമായി നോക്കുമ്പോള്‍ പാതിയായി കുറഞ്ഞിട്ടുണ്ട്. മാര്‍ച്ചില്‍ ഇത് 62 രൂപ വരെ ഉയര്‍ന്നിരുന്നു.

വേനല്‍ക്കാല ഡിമാന്‍ഡ് മൂലം തണ്ണിമത്തന്‍ വിലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10% മുതല്‍ 20% വരെ വര്‍ധനയുണ്ട്.

സീസണ്‍ അവസാനിച്ചതും ചൂട് മൂലം വിളകള്‍ പാകമാകുന്നതിന് മുന്‍പേ കൊഴിഞ്ഞു പോകുന്നതും വിപണിയില്‍ പഴങ്ങളുടെ ദൗര്‍ലഭ്യം സൃഷ്ടിക്കുന്നു.

വിളവെടുപ്പ് മുടക്കി സൂര്യതാപവും തൊഴിലാളിക്ഷാമവും

ചൂട് കടുത്തതോടെ ഇതര സംസ്ഥാനങ്ങളിലെയും കേരളത്തിലെയും കര്‍ഷകര്‍ ഒരുപോലെ ദുരിതത്തിലാണ്. പാടങ്ങളില്‍ സൂര്യതാപമേല്‍ക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പലയിടങ്ങളിലും വിളവെടുപ്പ് തടസപ്പെട്ടിരിക്കുകയാണെന്ന് ഓള്‍ കേരള ഫ്രൂട്ട് മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് യാഹിയ കോയ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലമായതിനാല്‍ തോട്ടങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും തിരിച്ചടിയാണ്. പകല്‍ സമയത്തെ കടുത്ത ചൂട് കാരണം തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാത്തത് വിളവെടുപ്പിനെ മന്ദഗതിയിലാക്കുന്നു. കേരളത്തില്‍ മാത്രം ചൂട് കാരണം ഏകദേശം ഒരു ലക്ഷത്തിലധികം വാഴകള്‍ നശിച്ചതായാണ് കണക്കുകള്‍.

വിദേശ പഴങ്ങളുടെ വരവ് കുറയുന്നു

ഷിപ്പിംഗ് ലൈനുകളിലെ പ്രശ്‌നങ്ങളും ചരക്ക് കൂലി വര്‍ധിച്ചതും വിദേശ പഴങ്ങളുടെ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. കണ്ടെയ്നറുകള്‍ എത്തുന്നതിലെ കാലതാമസം വിപണിയില്‍ ദൗര്‍ലഭ്യം വര്‍ധിപ്പിക്കുന്നു. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ കൊടുംചൂട് കേരളത്തിലേക്കുള്ള പഴങ്ങളുടെ വരവിനെ നേരിട്ട് ബാധിച്ചു.

വിപണിയില്‍ പൊതുവെ വിലക്കയറ്റമാണെങ്കിലും മാമ്പഴത്തിന് വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നു. മാമ്പഴ സീസണാണെങ്കിലും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞത് പ്രാദേശിക വിപണിയില്‍ വില ഇടിയാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാമ്പഴത്തിന് 30% വരെ വിലക്കുറവുണ്ട്. കാലാവസ്ഥാ വ്യതിയാനവും ഷിപ്പിംഗ് പ്രതിസന്ധികളും തുടരുന്നത് വരും ദിവസങ്ങളിലും പഴം വിപണിയില്‍ അനിശ്ചിതത്വം നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് യാഹിയ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 15 ദിവസത്തിലധികം വൈകിയാണ് കണ്ടെയ്‌നറുകള്‍ ലഭിക്കുന്നത്. അതേസമയം, ഇറാന്‍ റൂട്ടുകള്‍ ഒഴിവാക്കിയുള്ള കണ്ടെയ്‌നറുകള്‍ എത്തുന്നതു വഴി പഴങ്ങള്‍ എത്തുന്നുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT