Image Courtesy: Supplyco.in 
Business Kerala

സപ്ലൈകോയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയേക്കും

വിറ്റുവരവും കുറഞ്ഞു, പ്രതിമാസ ലക്ഷ്യം കൈവരിക്കാനാകാതെ ജീവനക്കാര്‍

Dhanam News Desk

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പൊതുവിതരണ സ്ഥാപനമായ സപ്ലൈകോ. സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ള കുടിശിക 1,000 കോടി രൂപയായി. ഉടനടി 250 കോടി രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം മുടങ്ങുമെന്ന് സ്‌പ്ലൈകോ ധനവകുപ്പിനെ അറിയിച്ച് കഴിഞ്ഞു. സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും നല്‍കാനുള്ള തുക മുടങ്ങിയതോടെ സപ്ലൈകോയുടെ ഷോപ്പുകളിലൊന്നും തന്നെ അവശ്യ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയിലാണ്.

സബ്‌സിഡി ഇനത്തില്‍ തുവരപ്പരിപ്പ്, മല്ലി, വെളിച്ചെണ്ണ, ഉഴുന്ന് എന്നിവ മാത്രമാണ് സപ്ലൈകോയുടെ മിക്ക ഷോപ്പുകളിലുമുള്ളത്. ഓണക്കാലത്ത് പോലും മുളക് ഉള്‍പ്പെടെയുള്ള പല സാധനങ്ങളും ലഭ്യമായിരുന്നുമില്ല. ചെറുപയര്‍, കടല, വന്‍പയര്‍, മുളക്, പഞ്ചസാര, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി തുടങ്ങിയവ പലമാസങ്ങളിലും ലഭ്യമാകാറില്ല. ഒരു ഷോപ്പില്‍ 20 ലോഡ് അരിയൊക്കെയാണ് ലഭിക്കുന്നത്. രണ്ടു ദിവസം വിതരണം ചെയ്യാനേ ഇത് തികയൂ എന്ന് ജീവനക്കാര്‍ പറയുന്നു.

നാട്ടിന്‍പുറങ്ങളിലും മറ്റും സാധാരണ ജോലിക്കാര്‍ക്ക് പണിയില്ലാത്ത അവസ്ഥയാണ്. അവരാണ് കൂടുതലായും സപ്ലൈകോയെ ആശ്രയിക്കുന്നത്. 13 ഇനം സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്നുവെന്നതായിരുന്നു ആശ്വാസം. 76 രൂപയ്ക്ക് ലഭിക്കുന്ന പയറിന് പൊതു വിപണിയില്‍ 200 രൂപയ്ക്കടുത്ത് നല്‍കണം. ജയ അരിക്ക് 25 രൂപയാണ് സപ്ലൈകോയിലെങ്കില്‍ പുറത്ത് 50 രൂപയ്ക്ക് മുകളില്‍ നല്‍കണം. റേഷന്‍കട വഴി ലഭിക്കുന്ന അരിയുടെ അളവ് കുറഞ്ഞതും സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു.

കരാര്‍ ജീവനക്കാരും പ്രതിസന്ധിയില്‍

സപ്ലൈകോയില്‍ സാധനങ്ങളുടെ ലഭ്യത കുറയുന്നത് കരാര്‍ ജീവനക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. പ്രതിമാസ വില്‍പ്പനയ്ക്കനുസരിച്ചാണ് കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. സബ്‌സിഡി സാധനങ്ങള്‍ പലതുമില്ലാതായതോടെ മിക്കവരും സാധനങ്ങള്‍ വാങ്ങിക്കാന്‍ സപ്ലൈകോയിലേക്ക് എത്താതായാത് മറ്റ് സാധനങ്ങളുടെ വില്‍പ്പനയിലും വലിയ കുറവുണ്ടാക്കി. സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങളിലൂടെ പ്രതിദിനം 9-10 കോടി വരുമാനം ലഭിച്ചിരുന്നത് ഇപ്പോൾ 3 കോടി രൂപയില്‍ താഴെയായി.

മിക്ക ഷോപ്പുകളിലും രണ്ടോ മൂന്നോ സ്ഥിരം ജീവനക്കാരും ബാക്കി കരാര്‍ ജീവനക്കാരുമാണ്. ഒരാള്‍ക്ക് ശമ്പളം കൊടുക്കാനുള്ള വില്‍പ്പനയില്‍ കൂടുതല്‍ നടക്കാത്തതിനാല്‍ കിട്ടുന്ന ശമ്പളം മൂന്നും നാലും പേര്‍ ചേര്‍ന്ന് വീതിച്ചെടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. 1500ല്‍പരം വില്‍പ്പനകേന്ദ്രങ്ങളിലായി നിരവധി കരാര്‍ ജീവനക്കാര്‍ സപ്ലൈകോയ്ക്കുണ്ട്. കെ.എസ്.ആര്‍.ടി.സിയെ പോലെ ശമ്പളം പോലും നല്‍കാനാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ എന്നാണ് ജീവനക്കാരുടെ ആശങ്ക. പ്രതിമാസം 35-45 ലക്ഷം പേരാണ് സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയിരുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT