Dr.Viju Jacob/ Synthite 
Business Kerala

സിന്തൈറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ.വിജു ജേക്കബിന് 'ഫൊക്കാന' ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്; ദീര്‍ഘ വീക്ഷണമുള്ള നേതൃത്വത്തിന് അംഗീകാരം

വ്യവസായത്തിനും ആഗോള ബിസിനസ് നേതൃത്വത്തിനും ഡോ. വിജു ജേക്കബിന്റെ മാതൃകാപരമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം

Dhanam News Desk

സിന്തൈറ്റ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ.വിജു ജേക്കബിനെ മലയാളികളുടെ ഏറ്റവും വലിയ ആഗോള സംഘടനയായ ഫൊക്കാനയുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡിന് തെരഞ്ഞെടുത്തു. വ്യവസായത്തിനും ആഗോള ബിസിനസ് നേതൃത്വത്തിനും ഡോ. വിജു ജേക്കബ് നല്‍കുന്ന മാതൃകാപരമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. കോട്ടയം ഗോകുലം ഗ്രാന്റ് റിസോര്‍ട്ടില്‍ നാളെ ആരംഭിക്കുന്ന ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. ഓഗസ്റ്റ് മൂന്ന് വരെയാണ് ഫെക്കാന ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ദീര്‍ഘ വീക്ഷണമുള്ള നേതൃത്വം

ഡോ. വിജു ജേക്കബിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍, സുഗന്ധവ്യഞ്ജന കയറ്റുമതിയിലും മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജന സത്തുകളിലും സിന്തൈറ്റ് ഗ്രൂപ്പ് ആഗോള ശക്തികേന്ദ്രമായി വളര്‍ന്നു. ലോകത്തിലെ സുഗന്ധവ്യഞ്ജന ഒലിയോറെസിന്‍ ആവശ്യകതയുടെ 40 ശതമാനം നിലവില്‍ സിന്തൈറ്റാണ് വിതരണം ചെയ്യുന്നത്. 'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്ന ബഹുമതിയാണ് കമ്പനിക്ക് വിപണിയില്‍ ഉള്ളത്. നിരവധി അന്താരാഷ്ട്ര വിപണികളില്‍ ശക്തമായ സാന്നിധ്യമുള്ള സിന്തൈറ്റ് കേരളത്തിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതി മേഖലയിലും മുന്‍നിര സ്ഥാനം വഹിക്കുന്നു.

ലോകോത്തര ഉല്‍പ്പന്നങ്ങള്‍

അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സിന്തൈറ്റ് ഇന്ന് 3,500 കോടിയോളം വിറ്റുവരവുള്ള കമ്പനിയാണ്. ഇന്ത്യന്‍ വിപണിക്ക് പുറമെ യുഎസ്, ബ്രസീല്‍, ചൈന, വിയറ്റ്‌നാം, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഉപകമ്പനികളുമുണ്ട്. നേരത്തെ അന്താരാഷ്ട്ര ചോക്ലേറ്റ് അവാര്‍ഡിന് സിന്തൈറ്റിന്റെ പോള്‍ ആന്റ് മൈക്ക് എന്ന ചോക്ലേറ്റ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രകൃതി ദത്ത ചേരുവകള്‍ ഉറപ്പാക്കി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലാണ് കമ്പനി മുഖ്യമായും ശ്രദ്ധയൂന്നുന്നത്. 1972 ല്‍ 10 ജീവനക്കാരുമായി ആരംഭിച്ച കമ്പനി ഡോ.വിജു ജേക്കബിന്റെ നേതൃത്വത്തില്‍ ഇന്ന് 3,000 ലേറെ ജീവനക്കാരുള്ള കമ്പനിയായി വളര്‍ന്നിരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT