മിലാഗ്രോ ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ & ബിഎന്‍ഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടറുമായ വികാസ് അഗര്‍വാള്‍ വാക്കറൂ ഇന്റര്‍നാഷണല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. നൗഷാദ്, സാഫിന്‍ ഗ്ലോബല്‍ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ സുജ ചാണ്ടി എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍  
Business Kerala

എംഎസ്എംഇകൾ വളരാൻ വേണ്ടത് മൂന്ന് കാര്യങ്ങൾ; തന്ത്രങ്ങൾ പങ്കുവെച്ച് സംരംഭകർ

ധനം ബിസിനസ് മീഡിയ തിരുവനന്തപുരം ഒ ബൈ താമരയിൽ സംഘടിപ്പിച്ച 'ധനം ഗ്രോത്ത് സമ്മിറ്റി'നോടനുബന്ധിച്ച് നടന്ന പാനൽ ചർച്ചയിലാണ് കേരളത്തിലെയും മറ്റ് വിപണികളിലെയും അനുഭവങ്ങൾ സംരംഭകർ തുറന്നുപറഞ്ഞത്

Dhanam News Desk

മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസുകൾക്ക് (MSME) വൻ കുതിച്ചുചാട്ടം നടത്താൻ കൃത്യമായ ആസൂത്രണമുള്ള സ്ട്രക്ചറും ആധുനിക സാങ്കേതികവിദ്യകളുടെ വിനിയോഗവും ശക്തമായ പീപ്പിൾ & കൾച്ചറും അനിവാര്യമാണെന്ന് പ്രമുഖ സംരംഭകർ. ബിസിനസ് വളർച്ചയിൽ നേരിട്ട വെല്ലുവിളികളും അതിൽ നിന്ന് നേടിയ പാഠങ്ങളും പങ്കുവെക്കുകയായിരുന്നു ഇവർ.

ധനം ബിസിനസ് മീഡിയ തിരുവനന്തപുരം ഒ ബൈ താമരയിൽ സംഘടിപ്പിച്ച 'ധനം ഗ്രോത്ത് സമ്മിറ്റി'നോടനുബന്ധിച്ച് നടന്ന പാനൽ ചർച്ചയിലാണ് കേരളത്തിലെയും മറ്റ് വിപണികളിലെയും അനുഭവങ്ങൾ സംരംഭകർ തുറന്നുപറഞ്ഞത്. സമിറ്റിന്റെ നാലാമത് പതിപ്പ് സംസ്ഥാന വ്യവസായ, ഐ.ടി & എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്‌

വാക്കറൂ ഇന്റർനാഷണൽ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. നൗഷാദ്, സാഫിൻ ഗ്ലോബൽ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസറും ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ സുജ ചാണ്ടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മിലാഗ്രോ ഇൻഡസ്ട്രീസ് സ്ഥാപകനും ബിഎൻഐ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഡയറക്ടറുമായ വികാസ് അഗർവാളായിരുന്നു സെഷൻ നിയന്ത്രിച്ചത്.

ലാഭം നിലനിർത്താൻ ഓപ്പറേഷണൽ എഫിഷ്യൻസി: വി. നൗഷാദ്

ചെറുപ്പത്തിൽ വിദ്യാലയ പഠനകാലത്ത് പിതാവ് നൽകിയ ഉപദേശമാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്ന് വാക്കറൂ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ വി. നൗഷാദ് ഓർത്തെടുത്തു. ഒരു ജോലി ചെയ്താൽ സ്വന്തം കുടുംബത്തിന് മാത്രമേ പ്രയോജനം ലഭിക്കൂ എന്നും, എന്നാൽ ഒരു വ്യവസായം തുടങ്ങിയാൽ നിരവധി കുടുംബങ്ങൾക്ക് തൊഴിലും ജീവിതമാർഗ്ഗവും നൽകാൻ സാധിക്കുമെന്നുമുള്ള പിതാവിന്റെ വാക്കാണ് ബിസിനസിലേക്ക് ഇറങ്ങാൻ പ്രചോദനമായത്.

2000-ൽ എയർ-ഇഞ്ചക്റ്റഡ് പിവിസി (PVC) ഉൽപ്പന്നങ്ങൾ വിപണിയിലിറക്കിയ കാലത്ത് ഉയർന്ന നികുതി നിരക്കുകൾ വലിയ വെല്ലുവിളിയായിരുന്നു. ഡൽഹിയിൽ നിന്നുള്ള മത്സര ഉൽപ്പന്നങ്ങൾ നികുതി ഒഴിവാക്കി കുറഞ്ഞ വിലയ്ക്ക് വിറ്റപ്പോൾ, നികുതി നൽകി മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഉൽപ്പന്നങ്ങളുടെ വില 124.90 രൂപയായി കുറയ്ക്കേണ്ടിവന്നു. എന്നാൽ ലാഭം നിലനിർത്താൻ ഓട്ടോമേഷൻ വഴി നിർമ്മാണച്ചെലവും വേസ്റ്റേജും കുറച്ച് ഓപ്പറേഷണൽ എഫിഷ്യൻസി കൂട്ടുകയാണ് കമ്പനി ചെയ്തത്.

തമിഴ്നാട് വിപണിയിലേക്ക് കടന്നപ്പോൾ നേരിട്ട എതിർപ്പുകളെ 'ഡിസ്പ്ലേ സ്കീം' (Display Scheme) വഴി തരണം ചെയ്തതും, 2008-ൽ എക്സ്റ്റേണൽ ബിസിനസ് കോച്ചിന്റെ സഹായത്തോടെ ബ്രാൻഡുകൾ ഏകോപിപ്പിച്ച് 'VKC Pride' നിർമ്മിച്ച് ടേണോവർ 850 കോടി രൂപയിലേക്ക് ഉയർത്തിയതും അദ്ദേഹം വിശദീകരിച്ചു.

സ്ഥാപനത്തിന്റെ വളർച്ചയിൽ സംരംഭക കുടുംബത്തിൽപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി മുന്നോട്ടുപോകുന്നതിന് പരിധിയുണ്ടെന്നും, സെൻട്രൽ ടീമും പ്രൊഫഷണൽ സ്ട്രക്ചറും കൊണ്ടുവന്നതാണ് ബിസിനസ് വിപുലീകരിക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐ കാലഘട്ടത്തിലെ സ്കേലിംഗും പീപ്പിൾ കൾച്ചറും: സുജ ചാണ്ടി

മുമ്പ് 10-ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനിയിൽ തുടർച്ചയായി 3 വർഷം വരുമാനത്തിലോ ജീവനക്കാരുടെ എണ്ണത്തിലോ 20% വളർച്ചയുണ്ടാകുന്നതിനെയാണ് 'സ്കേലിംഗ്' എന്ന് കണക്കാക്കിയിരുന്നതെങ്കിൽ, എഐയുടെ വരവോടെ ആ നിർവചനത്തിൽ വലിയ മാറ്റം വന്നതായി സാഫിൻ ഗ്ലോബൽ ഇന്ത്യ എംഡി സുജ ചാണ്ടി വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം കൂട്ടുന്നത് മാത്രമല്ല സ്കേലിംഗ്; ലഭ്യമായ വിഭവങ്ങൾ കൃത്യമായി ഉപയോഗിച്ച് ശേഷി വർധിപ്പിക്കുകയും വേഗത്തിൽ ഫലം ഉണ്ടാക്കുകയുമാണ് പ്രധാനം.

സ്ഥാപനത്തിൽ തുടക്കക്കാർ മുതൽ മുതിർന്ന ജീവനക്കാർക്ക് വരെ ChatGPT, Claude, Co-pilot തുടങ്ങിയ എഐ ടൂളുകൾ ലഭ്യമാക്കിയിട്ടുണ്ട്. പൈലറ്റ് പ്രോജക്റ്റുകൾക്ക് പകരം നേരിട്ട് റോൾഔട്ട് ചെയ്തത് തുടക്കത്തിൽ വെല്ലുവിളിയായെങ്കിലും കാര്യക്ഷമത വർദ്ധിപ്പിക്കാൻ സഹായിച്ചു.

സാങ്കേതിക വിജ്ഞാനത്തിനൊപ്പം എഐ ഉപയോഗിക്കാനുള്ള കഴിവ്, ഉത്തരവാദിത്തം, വേഗത എന്നിവയാണ് പുതിയ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ. ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിന് ഏറ്റവും പ്രധാനം ആളുകളും (People) സംസ്കാരവുമാണ് (Culture). വിഷൻ യാഥാർത്ഥ്യമാക്കാൻ ശരിയായ മനോഭാവമുള്ള ആളുകൾ കൂടെയുണ്ടാകണം. പ്രത്യേകിച്ച് മിഡിൽ ലെവൽ ജീവനക്കാർ സ്ഥാപനത്തിന്റെ സംസ്കാരം ഉൾക്കൊള്ളുന്നത് ബിസിനസ്സ് സ്കേൽ അപ്പ് ചെയ്യുമ്പോൾ നിർണ്ണായകമാണെന്നും സുജ ചാണ്ടി അഭിപ്രായപ്പെട്ടു.

Entrepreneurs share key insights on operational efficiency, AI adoption, and professional structure for MSME expansion.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT