ടാറ്റയുടെ കപ്പൽ നിർമാണ മെഗാ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സ്റ്റീൽ, ഹെവി എഞ്ചിനീയറിംഗ്, മറൈൻ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്കും പുതിയ വിപണി തുറക്കും. പ്രതിരോധ-വ്യാവസായിക മേഖലയിൽ ആഭ്യന്തര കപ്പൽ നിർമ്മാണ ശേഷി വർധിപ്പിക്കാനുള്ള കേന്ദ്ര നയങ്ങൾക്ക് പിന്തുണയാകുന്ന ഈ പദ്ധതി ഭൂമി, അനുമതികൾ, സാങ്കേതിക പങ്കാളിത്തം എന്നിവയെ ആശ്രയിച്ചിരിക്കും.
കേരളത്തിന്റെ സമ്പദ്ഘടനയിൽ വൻ കുതിച്ചുച്ചാട്ടത്തിനുള്ള കളമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സംരംഭകരായ ടാറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് വൻകിട കപ്പൽ നിർമ്മാണ പദ്ധതിക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഏകദേശം 10,000 കോടി രൂയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന മെഗാ പദ്ധതിയുടെ പ്രൊപ്പോസൽ ടാറ്റ ഗ്രൂപ്പ് സമർപ്പിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കപ്പൽ നിർമാണ പദ്ധതിക്ക് ആവശ്യമായ ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്നും ഈ വിഷയത്തിൽ ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടാറ്റ ഗ്രൂപ്പിന്റെ പദ്ധതി ആരംഭിക്കുന്ന സ്ഥലം, ഉത്പാദന ശേഷി, പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി, സാങ്കേതിക പങ്കാളികൾ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ സംസ്ഥാന സർക്കാർ പുറത്തുവിട്ടിട്ടില്ല. അതേസമയം സ്റ്റീൽ, ഓട്ടോമൊബൈൽസ്, ഐടി, ഏവിയേഷൻ തുടങ്ങിയ വൻകിട വ്യവസായ മേഖലകളിൽ ശക്തമായ സാന്നിധ്യമറിയിച്ചിട്ടുള്ള ടാറ്റ ഗ്രൂപ്പിന്റെ കപ്പൽ നിർമ്മാണ രംഗത്തേക്കുള്ള ആദ്യത്തെ തന്ത്രപ്രധാനമായ ചുവടുവെപ്പായിരിക്കും ഇത്.
രാജ്യത്തെ പ്രമുഖ മാരിടൈം-ലോജിസ്റ്റിക്സ് ഹബ്ബായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപം വലിയ ഊർജ്ജമേകും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനവും കൊച്ചിയിലെ നിലവിലുള്ള കപ്പൽ നിർമ്മാണ വ്യവസായ ശൃംഖലയും മാരിടൈം മേഖലയിലേക്ക് വൻകിട നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനായുള്ള കേരളത്തിന്റെ അനുകൂല ഘടകങ്ങളാണ്.
വിഴിഞ്ഞം ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് വികസിപ്പിക്കുന്ന അദാനി ഗ്രൂപ്പിന് പുറമെ, ആഗോള ഷിപ്പിംഗ് ഭീമനായ എം.എസ്.സി (MSC) വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾക്കായി 140 കോടി ഡോളറിന്റെ (ഏകദേശം 13,500 കോടി രൂപ) നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ കപ്പൽ നിർമാണ പദ്ധതിയുടെ നിർദേശവും എത്തിയിരിക്കുന്നത്.
ടാറ്റയുടെ കപ്പൽ നിർമാണ മേഖലയിലെ മെഗാ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിനകത്ത് പതിനായിരക്കണക്കിന് പ്രത്യക്ഷ-പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതായിരിക്കും. അതോടൊപ്പം സ്റ്റീൽ, ഹെവി എഞ്ചിനീയറിംഗ്, മറൈൻ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, അനുബന്ധ ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്കും ഈ പദ്ധതിയിലൂടെ വലിയ വിപണി തുറക്കപ്പെടും.
പ്രതിരോധ-വ്യാവസായിക മേഖലകളിൽ ആഭ്യന്തര കപ്പൽ നിർമ്മാണ ശേഷി വർധിപ്പിക്കാനും സ്വയംപര്യാപ്ത കൈവരിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും ഈ പദ്ധതി പിന്തുണയേകും. അതേസമയം ഭൂമി ലഭ്യമാക്കൽ, നിയന്ത്രണ അനുമതികൾ, സാങ്കേതിക പങ്കാളിത്തം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയപരമായ പിന്തുണ എന്നിവയെ ആശ്രയിച്ചിരിക്കും ഈ പദ്ധതിയുടെ ഭാവിഗതി നിശ്ചയിക്കപ്പെടുക.
Read DhanamOnline in English
Subscribe to Dhanam Magazine