Representational Image Created with Meta AI 
Business Kerala

₹25 കോടി വിപണി മൂല്യമുള്ള ഈ കേരള കമ്പനി ആലുവയിലെ ആസ്തികള്‍ വില്‍ക്കുന്നു; ₹94 കോടിയുടെ ഇടപാട്

ഓഹരികള്‍ ഇന്ന് അപ്പര്‍ സര്‍ക്യൂട്ടില്‍

Dhanam News Desk

കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനിയായ സെല്ല സ്‌പേസ് ആലുവ എടയാറിലെ ലോജിസ്റ്റിക്‌സ് പാര്‍ക്ക് ആസ്തികള്‍ വില്‍ക്കുന്നു. 93.85 കോടി രൂപയ്ക്കാണ് വില്‍പ്പന. മഹാരാഷ്ട്ര കമ്പനിയായ കമാക്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡാണ് എടയാറിലെ സെല്ലാ സ്‌പേസിന്റെ ഭൂമിയും കെട്ടിടവുമുള്‍പ്പെടെയുള്ള എല്ലാ ആസ്തികളും സ്വന്തമാക്കുന്നത്.

ശ്രീ കൈലാസ് ഗ്രൂപ്പിന്റെ ഭാഗമായ സെല്ല സ്‌പേസിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ചെന്നൈയിലാണെങ്കിലും കൊച്ചിയിലാണ് രജിസ്റ്റേഡ് ഓഫീസുള്ളത്.

മുന്‍പ് ശ്രീ ശക്തി പേപ്പര്‍ മില്‍സ് എന്ന പേരില്‍ പേപ്പര്‍ ബിസിനസില്‍ സജീവമായിരുന്ന സെല്ല സ്‌പേസ് 2016ലാണ് ലാഭകരമല്ലാത്തത്തിനെ തുടര്‍ന്ന് ആ ബിസിനസ് അടച്ചു പൂട്ടിയത്. പിന്നീട് കമ്പനി ലോജിസ്റ്റിക്‌സ് ബിസിനസിലേക്ക് തിരിഞ്ഞു. 2019 മാര്‍ച്ച് 19 മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കിയിരുന്ന എടയാറിലെ ഫാക്ടറിയെ കമ്പനി പിന്നീട് വെയര്‍ ഹൗസാക്കി മാറ്റിയിരുന്നു.

ലാഭവും വരുമാനവും

2023-24 സാമ്പത്തിക വര്‍ഷത്തില്‍ സെല്ല സ്‌പേസിന്റെ വരുമാനം 8.49 കോടി രൂപയും ലാഭം 24 ലക്ഷം രൂപയുമാണ്. കമ്പനിക്ക് 58 കോടി രൂപയുടെ ബാധ്യതകളുമുണ്ട്. ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാനും കടം വീട്ടാനും പ്രിഫറന്‍സ് ഓഹരികള്‍ തിരിച്ചു വാങ്ങാനുമായാണ് വില്‍പ്പന വഴി ലഭിക്കുന്ന തുക വിനിയോഗിക്കുകയെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള തുക കമ്പനിയുടെ ഭാവി പദ്ധതികള്‍ക്കായും വിനിയോഗിക്കും.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ വിവരങ്ങള്‍ ലഭ്യമാക്കിയതിനെ തുടര്‍ന്ന് സെല്ല സ്‌പേസ് ഓഹരി വില ഇന്ന് അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലെത്തി. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 25.61 കോടി രൂപയിലെത്തി. ഈ വര്‍ഷം ഇതു വരെ 35.97 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് സെല്ല സ്‌പേസ്. ഓഹരിയുടെ ഒരു വര്‍ഷക്കാലയളവിലെ നേട്ടം 52 ശതമാനത്തിലധികമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT