മള്‍ട്ടിനാഷണല്‍ കമ്പനികളുടെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും കടന്നുവരവോടെ വിപണിയില്‍ കടുത്ത വെല്ലുവിളി നേരിടുന്ന ചെറുകിട വ്യാപാരികള്‍ക്ക് കരുത്താകാന്‍ തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. വ്യാപാരികള്‍ക്കിടയിലെ പരസ്പര ബിസിനസ് ബന്ധങ്ങളും സഹകരണവും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് പുതിയ ആശയങ്ങള്‍ക്കാണ് ചേംബര്‍ തുടക്കമിട്ടിരിക്കുന്നത്.
പണ്ട് തൊഴിലാളി പ്രശ്‌നങ്ങളും ചുമട്ടുതൊഴിലാളി തര്‍ക്കങ്ങളും പരിഹരിക്കാനാണ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രധാനമായും മുന്‍കൈ എടുത്തിരുന്നതെങ്കില്‍, ഇന്നത്തെ വിപണി സാഹചര്യം പൂര്‍ണമായും മാറിയിരിക്കുന്നു. വന്‍കിട മാളുകളും കോര്‍പ്പറേറ്റുകളും ബള്‍ക്ക് സെയിലിലൂടെ വിപണി പിടിച്ചടക്കുമ്പോള്‍ പ്രാദേശിക വ്യാപാരികള്‍ക്ക് ഒറ്റയ്ക്ക് മത്സരിക്കാന്‍ സാധിക്കില്ല. ഈ പശ്ചാത്തലത്തിലാണ് വ്യാപാരികള്‍ക്കിടയില്‍ ശക്തമായ ഒരു നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം രൂപീകരിക്കാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്നിട്ടിറങ്ങുന്നത്. വ്യാപാരികള്‍ക്ക് പരസ്പരം കൈപിടിച്ചുയര്‍ത്താനും ബിസിനസ് പങ്കിടാനും സൗഹൃദവലയം വിപുലീകരിക്കാനും സഹായിക്കുകയാണ് 'ചേംബര്‍ ബിസിനസ് സര്‍ക്കിള്‍'.
ബിസിനസ് സര്‍ക്കിളിന്റെ ഭാഗമായി എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച രാവിലെ 7.30-ന് വ്യാപാരികളുടെ പ്രത്യേക യോഗം ചേംബറില്‍ നടക്കും. 50 പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് മീറ്റിംഗ് ക്രമീകരിക്കുന്നത്. മീറ്റിംഗില്‍ പങ്കെടുക്കുന്ന ഓരോ വ്യാപാരിക്കും തന്റെ ബിസിനസിനെക്കുറിച്ച് സ്വയം പരിചയപ്പെടുത്താനും ബിസിനസ് കാര്‍ഡുകള്‍ പരസ്പരം കൈമാറാനും അവസരമുണ്ട്. ഒരാള്‍ക്ക് ആവശ്യമുള്ള ഉല്‍പ്പന്നം മറ്റ് വ്യാപാരികളില്‍ നിന്ന് കണ്ടെത്താനും, അതുവഴി പരസ്പരം ബിസിനസ് വര്‍ധിപ്പിക്കാനും ഈ കൂട്ടായ്മ സഹായിക്കുന്നു.
തിരക്ക് ഒഴിവാക്കാനും വ്യക്തിപരമായ ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് മീറ്റിംഗില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് ആഴ്ചയിലൊരിക്കല്‍ എന്ന രീതിയിലേക്ക് മാറ്റി, പ്രതിമാസം 200 പേര്‍ക്കെങ്കിലും ഇതിന്റെ പ്രയോജനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
മുന്‍നിര ബിസിനസ് പ്രമുഖരുടെ സാന്നിധ്യവും മെന്റര്‍ഷിപ്പുമാണ് ഈ ബിസിനസ് സര്‍ക്കിളിന്റെ പ്രത്യേകത. കല്യാണ്‍ സില്‍ക്സ് എം.ഡി ടി.എസ്. പട്ടാഭിരാമന്‍ പ്രസിഡന്റും, സോളി തോമസ് സെക്രട്ടറിയുമായുള്ള സംയുക്ത നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ചേംബര്‍ ബിസിനസ് സര്‍ക്കിള്‍, പ്രിവിലേജ് കാര്‍ഡ്, ഡിജിറ്റല്‍ ആപ്പ് എന്നീ മൂന്ന് പദ്ധതികളെയും കണ്‍വീനര്‍ എന്ന നിലയില്‍ ഹെഡ് ചെയ്യുന്നത് വീഡിയോണ്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായ ജോണ്‍ ചിറ്റിലപ്പിള്ളിയാണ്. വ്യാപാരികളുടെ ബിസിനസ് മികവ് വര്‍ധിപ്പിക്കുന്നതിനായി 20 മിനിറ്റ് നീളുന്ന പ്രത്യേക എജുക്കേഷണല്‍ ടോക്കുകളും യോഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്വാസ്റ്റാര്‍ എം.ഡി സീജോ പൊന്നൂര്‍ ആയിരുന്നു കഴിഞ്ഞ മാസം നടന്ന ബിസിനസ് സര്‍ക്കിളില്‍ സംരംഭകരുമായി സംവദിച്ചത്.
ചേംബറിലെ മുഴുവന്‍ അംഗങ്ങള്‍ക്കുമായാണ് ഈ പ്രിവിലേജ് കാര്‍ഡ് പുറത്തിറക്കിയിട്ടുള്ളത്. ഈ കാര്‍ഡ് ഉപയോഗിച്ച് മറ്റ് മെമ്പര്‍മാരുടെ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. 'പുളിമൂട്ടില്‍' സില്‍ക്സ് കാര്‍ഡ് ഉടമകള്‍ക്ക് 5% ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. കല്യാണ്‍ സില്‍ക്‌സ്, കാസിനോ ഹോട്ടല്‍സ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളെല്ലാം ഈ ശൃംഖലയുടെ ഭാഗമാണ്. ഇതുവഴി സ്ഥാപനങ്ങളിലേക്ക് കസ്റ്റമര്‍ ഫൂട്ട്ഫാള്‍ ഉയരുന്നതിനൊപ്പം മെമ്പര്‍മാര്‍ക്ക് പരസ്പരം ബിസിനസ് സാധ്യമാക്കാനും സാധിക്കുന്നു.
ഡിജിറ്റലൈസേഷന്റെ ഭാഗമായി പുതിയ തലമുറയിലെ വ്യാപാരികളെ ലക്ഷ്യമിട്ടാണ് ചേംബര്‍ പ്രത്യേക മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. നികുതി വിവരങ്ങള്‍, നിയമപരമായ കാര്യങ്ങള്‍, അംഗങ്ങളുടെ ബിസിനസ് വിവരങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ ലഭ്യമാകും. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം മാതൃകയിലുള്ള ഇതിലെ 'ഫീഡ്' (Feed) സെക്ഷന്‍ വഴി അംഗങ്ങള്‍ക്ക് പരസ്യങ്ങളും ബിസിനസ് വിവരങ്ങളും ചിത്രങ്ങളായും വീഡിയോകളായും പങ്കുവെക്കാനും പ്രൊമോട്ട് ചെയ്യാനും സാധിക്കും. ചേംബര്‍ മാഗസിന്‍ ഡിജിറ്റലായി ആപ്പ് വഴി ലഭ്യമാക്കിയിട്ടുണ്ട്. ചേംബര്‍ ഹാള്‍ ബുക്കിംഗുകള്‍, പേയ്‌മെന്റുകള്‍ എന്നിവയും അധികം വൈകാതെ ഡിജിറ്റലാക്കാനും ആപ്പിലൂടെ ലക്ഷ്യമിടുന്നതായി ജോണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു.
ബിസിനസ് പ്രമോഷന് പുറമെ ആപ്പില്‍ ഒരു ജോബ് പോര്‍ട്ടല്‍ ഓപ്ഷനും ഒരുക്കിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് അവരുടെ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഇതില്‍ പോസ്റ്റ് ചെയ്യാം. പൊതുജനങ്ങള്‍ക്ക് ഇതിലേക്ക് റെസ്യൂമെ ലിങ്കുകള്‍ അയക്കാനും അവസരമുണ്ട്. ഇതുവഴി അനുയോജ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ വ്യാപാരികള്‍ക്ക് സാധിക്കും. കൂടാതെ, ആപ്പില്‍ ഓരോ മെമ്പര്‍ക്കും പ്രത്യേക ക്യു.ആര്‍ കോഡ് (QR Code) ലഭ്യമാക്കിയിട്ടുണ്ട്. പരമ്പരാഗത വിസിറ്റിംഗ് കാര്‍ഡുകള്‍ക്ക് പകരമായി ഈ ഡിജിറ്റല്‍ കാര്‍ഡ് സ്‌ക്കാന്‍ ചെയ്യുന്നതിലൂടെ ഫോണിലേക്ക് ബിസിനസ് വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യാം.
തൃശ്ശൂരില്‍ വിജയകരമായി നടപ്പാക്കുന്ന നൂതന ആശയങ്ങളും മാതൃകയും കേരളത്തിലെ മറ്റ് ജില്ലകളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചാല്‍ ഓണ്‍ലൈന്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കെതിരെ ചെറുകിട വ്യാപാരികള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനായുള്ള ശ്രമങ്ങളും ചേംബറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine