മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്ന ഏത് രംഗത്തും ബിസിനസ് സാധ്യതകളുണ്ട്. ഭക്ഷണവും വസ്ത്രവും മനുഷ്യര്‍ക്ക് ഒഴിവാക്കാനാവില്ല. അതുകൊണ്ട് തന്നെ ഫുഡ്, റീട്ടെയ്ല്‍ രംഗത്ത് വലിയ സാധ്യതയാണ് ഇനിയുമുള്ളത്. ഫ്രാഞ്ചൈസി ബിസിനസ് സാധ്യതകളില്‍ മുന്നിലുള്ളത് റീട്ടെയ്ല്‍ മേഖലയാണ്. ഭക്ഷ്യരംഗവും ഇതിനോടൊപ്പം നില്‍ക്കുന്നു. കോവിഡ് കാലത്തിന് ശേഷം ജനങ്ങള്‍ ആരോഗ്യത്തിനും വെല്‍നസിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ട് ഹെല്‍ത്ത്, വെല്‍നസ്, ഫിറ്റ്‌നസ് രംഗത്തുള്ള ഫ്രാഞ്ചൈസികള്‍ക്കും ഇപ്പോള്‍ നല്ല സാധ്യതയുണ്ട്. ബ്യൂട്ടി, സ്‌കിന്‍-ഹെയര്‍കെയര്‍ എന്നിവയ്ക്ക് സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവര്‍ സവിശേഷ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഇത് ബ്യൂട്ടി, സ്‌കിന്‍- ഹെയര്‍കെയര്‍ രംഗത്തെ ബ്രാന്‍ഡുകള്‍ക്ക് വലിയ വളര്‍ച്ചയാണ് സമ്മാനിച്ചിരിക്കുന്നത്. ഭാവിയിലും ഈ രംഗത്തെ ഫ്രാഞ്ചൈസികള്‍ക്ക് സാധ്യതയുണ്ട്.
കേരളത്തില്‍ ഒട്ടേറെ പേര്‍ ഫ്രാഞ്ചൈസി രംഗത്ത് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇത്തരക്കാര്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.
$ സ്വന്തം പാഷന്‍ ഏത് രംഗത്താണെന്ന് ആദ്യമേ സ്വയം തിരിച്ചറിയുക. സ്‌പോര്‍ട്‌സ് പ്രേമിയാണെങ്കില്‍ റെസ്റ്റൊറന്റ്/ഭക്ഷ്യോല്‍പ്പന്ന രംഗത്തെ ഫ്രാഞ്ചൈസി എടുത്താല്‍ അത് തെറ്റായ തീരുമാനമാകും. പകരം സ്വന്തം ഇഷ്ടത്തോട് ചേര്‍ന്നു നില്‍ക്കുന്ന മേഖലയിലെ ഫ്രാഞ്ചൈസി തിരഞ്ഞെടുക്കുക.
$ ഇഷ്ടമേഖല തിരഞ്ഞെടുത്താല്‍ ആ രംഗത്തെ ടോപ് 5, അല്ലെങ്കില്‍ 10 ബ്രാന്‍ഡുകളുടെ പട്ടിക തയാറാക്കുക. ആ പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍ നിങ്ങള്‍ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തുണ്ടെങ്കില്‍ ആ മേഖല മാറ്റി, താല്‍പ്പര്യമുള്ള മറ്റൊരു മേഖലയിലെ ടോപ് ബ്രാന്‍ഡുകളെ പരിഗണിക്കുക. വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന, അതേസമയം നിങ്ങള്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രദേശത്ത് ഇല്ലാത്തവയെ ആദ്യം എത്തിക്കാന്‍ സാധിച്ചാല്‍ വിജയസാധ്യത കൂടുതലാകും.
$ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ഒരിക്കലും തിരക്ക് കൂട്ടരുത്. ബ്രാന്‍ഡിനെ പഠിക്കണം. ഫ്രാഞ്ചൈസറും ഫ്രാഞ്ചൈസിയും തമ്മില്‍ ദാമ്പത്യബന്ധത്തിന് സമാനമായ ബന്ധമാണുള്ളത്. അതുകൊണ്ട് നിങ്ങള്‍ 'ജീവിതപങ്കാളി'യായി കൂടെ കൂട്ടാന്‍ പോകുന്ന ബ്രാന്‍ഡിനെ കുറിച്ച്, അവരുടെ രീതികളെ കുറിച്ച് പരമാവധി വിവരങ്ങള്‍ അറിയണം. ഇതര നഗരങ്ങളില്‍ ഈ ബ്രാന്‍ഡിന്റെ ഫ്രാഞ്ചൈസി എടുത്തിരിക്കുന്നവരെ നേരില്‍ കണ്ട് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയണം.
$ പരിശീലനം, മാര്‍ക്കറ്റിംഗ്-ബ്രാന്‍ഡിംഗ് പിന്തുണ തുടങ്ങിയ കാര്യങ്ങളിലൊക്കെ മാതൃകമ്പനി നല്‍കുന്ന വാഗ്ദാനങ്ങള്‍ വാക്കാലുള്ള ഉറപ്പ് മാത്രമായി നിര്‍ത്തരുത്. എല്ലാം എഴുതി തയാറാക്കിയ കരാര്‍ തന്നെ വേണം. ഇനിയെന്തെങ്കിലും കാര്യത്തില്‍ നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം രേഖാമൂലം തന്നെ മാതൃകമ്പനിക്ക് നല്‍കിയിരിക്കണം. വിയോജിപ്പ് മാതൃകമ്പനി പരിഗണിച്ചാലും ഇല്ലെങ്കിലും ഇത് ചെയ്തിരിക്കണം. ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ വന്നാല്‍ ആദ്യഘട്ടത്തില്‍ നിങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ വിയോജിപ്പ് ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാം.
$ ഫ്രാഞ്ചൈസി നടത്തിപ്പ് ഒരു പാര്‍ടൈം തൊഴിലല്ല. മറ്റാരെയെങ്കിലും നിയമിച്ച് ഇതും നടത്തിക്കൊണ്ടുപോകാമെന്ന ധാരണയില്‍ ഇതിലേക്ക് ഇറങ്ങരുത്.
$ ഫ്രാഞ്ചൈസി ഫീസും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള മൂലധനവും മാത്രമല്ല കയ്യില്‍ കരുതേണ്ടത്. കുറഞ്ഞത് ആറ് മാസത്തേക്കുള്ള പ്രവര്‍ത്തന മൂലധനമെങ്കിലും കയ്യില്‍ കരുതണം.
(ധനം ബിസിനസ് മാഗസിന്‍ 2025 ഓഗസ്റ്റ് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine