ട്രംപ് മനംമാറ്റത്തില്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തിരിച്ചു കയറ്റം. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 270 രൂപയും പവന് 2,160 രൂപയും വര്‍ധിച്ചു. ഇതോടെ പവന്‍ വില 1,08,960 രൂപയിലും ഗ്രാം വില 13,620 രൂപയിലുമെത്തി.
ഇറാനുമായി സമാധാന ഡീലിലേക്ക് കടക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിനു പിന്നാലെ രാജ്യന്തര സ്വര്‍ണവില 4,230 ഡോളറിലേക്ക് ഉയര്‍ന്നു. ഇതാണ് കേരളത്തില്‍ വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്. അതേസമയം പിന്നീട് വില നേരിയ തോതില്‍ ഇടിഞ്ഞ് 4,200 ഡോളറിലെത്തി.
ഹോര്‍മുസ് ഇടുക്കിലൂടെയുള്ള (Strait of Hormuz) കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ സഹായിക്കുന്ന ഒരു സമാധാന കരാറില്‍ യു.എസും ഇറാനും ഈ വാരാന്ത്യത്തോടെ തന്നെ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ് പ്രസ്താവിച്ചു. എന്നാല്‍, കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നാണ് ഇറാന്‍ ഇതിനോട് പ്രതികരിച്ചത്.
യുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷയില്‍ യു.എസ് ഡോളര്‍ സൂചികയും താഴ്ന്നു.
ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം രാജ്യാന്തര സ്വര്‍ണവിലയില്‍ ഏകദേശം 20% ഇടിവുണ്ടായിട്ടുണ്ട്. ഉയര്‍ന്ന എണ്ണ വില കാരണം പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്ക ഉയര്‍ന്നതും, ഇതേത്തുടര്‍ന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചേക്കുമെന്ന നിഗമനങ്ങളുമാണ് വിലയെ ബാധിച്ചത്. പലിശയോ മറ്റ് ആദായങ്ങളോ നല്‍കാത്ത സ്വര്‍ണം കൈവശം വെക്കുന്നതിനേക്കാള്‍, ഉയര്‍ന്ന പലിശ ലഭിക്കുന്ന മറ്റ് നിക്ഷേപങ്ങളിലേക്ക് ആളുകള്‍ മാറുന്നത് (Opportunity Cost) ഇതിന് കാരണമായി.
സി.എം.ഇ ഗ്രൂപ്പിന്റെ ഫെഡ്വാച്ച് ടൂള്‍ പ്രകാരം ഡിസംബറില്‍ യു.എസ് പലിശനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ 60% സാധ്യതയുണ്ടെന്നാണ് വിപണിയിലെ വ്യാപാരികള്‍ ഇപ്പോള്‍ കണക്കുകൂട്ടുന്നത്. മെയ് മാസത്തില്‍ യു.എസിലെ ഉല്‍പ്പാദന സൂചിക (Producer Prices) പ്രതീക്ഷിച്ചതിലും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലും വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ വരും ദിവസങ്ങളില്‍ കേരളത്തില്‍ വില ഒരു ലക്ഷത്തിന് താഴെയെത്തുമെന്ന പ്രതീക്ഷയും ഉയര്‍ന്നിരുന്നു. എന്നാല്‍ യുദ്ധം അവസാനിക്കുന്നതും എണ്ണ വിലയും ഡോളറും ഇടിയുന്നതും ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.
കേരളത്തില്‍ ഇന്ന് ഒരു പവന്റെ വില 1,08,960 രൂപയാണെങ്കിലും നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്വര്‍ണാഭരണം വാങ്ങാന്‍ കൂടുതല്‍ പണം കൊടുക്കേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വിലയിടുന്നത്. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണമാണെങ്കില്‍ പോലും ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ ആഭരണത്തിന് 1,18,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. പണിക്കൂലി കൂടുന്തോറും ആഭരണ വിലയും ഉയരും.
US-led diplomatic efforts to end the Middle East conflict spark a sharp rebound in global bullion, breaking the recent downward trend in the domestic market.
Read DhanamOnline in English
Subscribe to Dhanam Magazine